സ്വത്ത് തട്ടിയെടുക്കാൻ വ്യാജ പോക്‌സോ കേസ്: സിഐക്കെതിരെ അന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ്

#News Desk
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മൂവാറ്റുപുഴ: സ്വത്ത് തട്ടിയെടുക്കാനായി കൂട്ടുനിൽക്കുകയും വ്യാജ പോക്‌സോ കേസിൽ കുടുക്കാൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർക്കെതിരേ പ്രാഥമികാന്വേഷണം നടത്താൻ വിജിലൻസ് കോടതി ഉത്തരവ്. കോട്ടയം ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ മാത്യു ജോർജിനെതിരേയാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജി. രാജേഷ് അന്വേഷണത്തിനുത്തരവിട്ടത്.

മുട്ടം കളപ്പുരയിൽ രമ്യ ജെ. കളപ്പുര, ഭർത്താവ് ടിജോ ഫിലിപ്പ് എന്നിവരാണ് പരാതിക്കാർ. കേസ് ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്. കാഞ്ഞാർ തെക്കേൽ ബിബി ജോസ്, കോളപ്ര കുടയത്തൂർ പഴയയിടത്ത് ടിമ്മി മാത്യു, ഭാര്യ ജൂലിയറ്റ് ടിമ്മി എന്നിവരാണ് മറ്റ് കുറ്റാരോപിതർ. ടിമ്മി മാത്യുവിനും ജൂലിയറ്റ് മാത്യുവിനും വേണ്ടി തന്റെ സ്വത്ത് തട്ടിയെടുക്കാൻ സർക്കിൾ ഇൻസ്‌പെക്ടറും രണ്ടാം പ്രതിയായ ഏജന്റ് ബിബിയും ചേർന്ന് തന്നെയും ഭർത്താവിനെയും പോക്‌സോ കേസിൽ പ്രതിയാക്കി എന്നാണ് രമ്യയുടെ പരാതി.

എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത ശേഷം 3.5 ലക്ഷം ആവശ്യപ്പെട്ടുവെന്നും സ്റ്റേഷനിൽ തടഞ്ഞുവച്ചുവെന്നും ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വാഹനം നിയമവിരുദ്ധമായി പിടിച്ചെടുത്തുവെന്നും പരാതിയിലുണ്ട്. പോലീസ് ഓഫീസറുമായുള്ള ഫോൺ സംഭാഷണം തെളിവായുണ്ടെന്നും കോടതിയെ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥനെതിരേയുള്ള പരാതി ഔദ്യോഗികചുമതലകളുടെ ഭാഗമായി ചെയ്ത കാര്യങ്ങളിലല്ലാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്യാൻ സർക്കാർ അനുമതിയാവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.

എന്നാൽ പ്രാഥമിക അന്വേഷണം നടത്തിയല്ലാതെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ ഉത്തരവിടാനാവില്ലെന്നും വ്യക്തമാക്കി. ഇതേത്തുടർന്നാണ് പരാതിയിൽ പറയുന്ന കാര്യങ്ങളിൽ അന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഇടുക്കി വിജിലൻസ് യൂണിറ്റിനോട് ആവശ്യപ്പെട്ടത്.

Content Highlights: The Muvattupuzha Vigilance Court ordered a preliminary inquiry by the Idukki Vigilance unit against Crime Branch CI Mathew George over allegations of fabricating a fake POCSO case and demanding extortion money to usurp property.