ചതുപ്പിൽ ചവിട്ടിത്താഴ്ത്തി,കല്ല് കെട്ടിവെച്ചു,8 മാസത്തിന് ശേഷം ശേഷക്രിയ;വിജിൽ തിരോധാനക്കേസ് നാൾവഴികൾ

കോഴിക്കോട്: സരോവരത്തെ ചതുപ്പിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയതിലൂടെ മറനീക്കി പുറത്തുവരുന്നത് ആറു വർഷം മുമ്പ് കുഴിച്ചുമൂടാൻ ശ്രമിച്ച സത്യം. 2019 മാർച്ച് 26-ന് കാണാതായ വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റെ അസ്ഥിഭാഗങ്ങള്‍ സരോവരത്തെ ചതുപ്പില്‍ നിന്ന് ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് കണ്ടെത്തിയത്. 2019 മാർച്ച് 29ന് എലത്തൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണം പിന്നിട്ട വഴികൾ ഇങ്ങനെ.
അവധി ദിവസം അപ്രത്യക്ഷനായ വിജിൽ
2019 മാര്‍ച്ച് 24-ന് രാവിലെ ഇപ്പോള്‍ വരാമെന്ന് അമ്മയോട് പറഞ്ഞാണ് വിജില്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. ഒരു സുഹൃത്തിന്റെ ഫോണ്‍ കോള്‍ വന്നതാണ് വീട്ടില്‍ നിന്ന് പോകാന്‍ കാരണം. സാധരണ വീട്ടിൽ ധരിക്കുന്ന വേഷത്തിൽ ബൈക്കുമായി ഇറങ്ങിയ മകനോട് എവിടെ പോകുന്നു എന്ന അമ്മയുടെ ചോദ്യത്തിന് ഉടൻ വരാം എന്നായിരുന്നു മറുപടി.
സുഹൃത്തുക്കളായ നിഖിലിനും രഞ്ജിത്തിനും , ദീപേഷിനും ഒപ്പം സരോവരത്ത് എത്തിയ വിജിൽ അവിടെ വെച്ച് അവർക്കൊപ്പം ബ്രൗണ്‍ ഷുഗര്‍ ഉപയോഗിച്ചു. വിജിലിന്റെ കൈയില്‍ മയക്കുമരുന്ന് കുത്തിവെച്ചുവെന്നും പ്രതികള്‍ നൽകിയ മൊഴിയിൽ ഉണ്ട്. അൽപ്പസമയം കഴിഞ്ഞു വിജില്‍ കുഴഞ്ഞ് വീണെന്നും ലഹരിവിടുമ്പോള്‍ പോകുമെന്ന് കരുതി സ്ഥലത്ത് നിന്നുപോയി എന്നുമാണ് പ്രതികളുടെ മൊഴി. പിറ്റേന്ന് സ്ഥലത്തെത്തിയപ്പോൾ മരിച്ചു കിടക്കുന്ന വിജിലിനെയാണ് കണ്ടതെന്നുമാണ് പ്രതികൾ പറഞ്ഞത്. സത്യം പുറത്തറിയാതിരിക്കാന്‍ മൂവരും ചേർന്ന് തെളിവുകൾ നശിപ്പിക്കാനും മൃതദേഹം കുഴിച്ചു മൂടാനും പദ്ധതിയിട്ടു. വിജിലിനെ ചതുപ്പിലൂടെ വലിച്ചിഴച്ച് ചവിട്ടിത്താഴ്ത്തുകയും സമീപത്തെ വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങളിൽ നിന്നും കല്ലുകള്‍ എടുത്ത് ശരീരത്തില്‍ കെട്ടുകയും ചെയ്തു. മൃതദേഹം പൊങ്ങിവരാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. പിന്നീട് വിജില്‍ നാട് വിട്ടെന്ന് വരുത്തിത്തീർക്കാൻ വിജിലിന്റെ ബൈക്ക് കല്ലായി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉപേക്ഷിക്കുകയായിരുന്നു.
മകന്റെ ഫോൺ ഓഫായതോടെ ആശങ്ക; ഒടുവിൽ പരാതി
പകൽ പല തവണ അമ്മ വിളിച്ചപ്പോൾ ഉടൻ വരാമെന്നു പറഞ്ഞ മകന്റെ ഫോൺ രാത്രിയോടെ സ്വിച്ച് ഓഫ് ആയതോടെ വീട്ടുകാര്‍ ആശങ്കയിലായി. എന്നാല്‍, മുന്‍പൊരിക്കല്‍ വീട്ടിൽ പറയാതെ മുംബൈയില്‍ പോയി മടങ്ങിവന്ന വിജില്‍ അത് പോലെ യാത്രപോയിക്കാണുമെന്നാണ് കുടുംബം കരുതിയത് . മൂന്ന് ദിവസം കഴിഞ്ഞിട്ടും വിജിലിനെ കാണാതായതോടെ പിതാവ് പരാതിയുമായി എലത്തൂര്‍ സ്റ്റേഷനിലെത്തി. മാൻ മിസ്സിങ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. എന്നാൽ അധികം വൈകാതെ കോവിഡ് നിയന്ത്രണങ്ങൾ വന്നതോടെ അന്വേഷണത്തിൽ പുരോഗതി ഉണ്ടായില്ല. അതിനിടെ പോലീസ് ഉദ്യോഗസ്ഥർ പല തവണ മാറി.
മിസ്സിങ് കേസുകളിൽ പുനരന്വേഷണം
ഓരോ മിസ്സിങ് കേസും കൊലപാതകസാധ്യത മുന്‍ നിര്‍ത്തി അന്വേഷിക്കണമെന്ന നിർദ്ദേശം വന്നതോടെയാണ് വിജില്‍ തിരോധാന കേസിലെ അന്വേഷണം ദ്രുതഗതിയിലായത്. ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും അന്വേഷണസംഘം വീണ്ടും മൊഴിയെടുത്തു. തുടർന്ന് വിജിലിന്റെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം നടത്തി. വിജിലിന്റെ അവസാന ടവര്‍ ലൊക്കേഷന്‍ സരോവരമാണെന്നും ഇതേസമയം വിജിലിന്റെ സുഹൃത്തുക്കളായ നിഖിലും രഞ്ജിത്തും ദീപേഷും അവിടെ ഉണ്ടായിരുന്നെന്നും ടവര്‍ ലൊക്കേഷൻ പരിശോധനയിലൂടെ പോലീസ് കണ്ടെത്തി. തുടർന്ന് നിഖിലിനെയും, ദീപേഷിനെയും വീണ്ടും ചോദ്യം ചെയ്തു. പിന്നാലെ ഇരുവരും സത്യം വെളിപ്പെടുത്തുകയായിരുന്നു. വിജിലിനെ കുഴിച്ച് മൂടി എട്ട് മാസങ്ങള്‍ക്ക് ശേഷം അസ്ഥികൾ ശേഖരിച്ചു വരക്കൽ കടപ്പുറത്ത് വച്ച് ശേഷക്രിയ ചെയ്തിരുന്നതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
തെളിവുകൾ കണ്ടെത്താനുള്ള തിരച്ചിൽ; പ്രതിസന്ധിയായി മഴ
പ്രതികളെ കോടതിയില്‍ ഹാജരാക്കിയ അന്ന് തന്നെ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നു. തൊട്ടടുത്ത ദിവസം മൂന്ന് ദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വിട്ടു. തുടർന്ന് ഒന്നാം പ്രതി നിഖിലുമായി കല്ലായി റെയില്‍വേ സ്‌റ്റേഷനിൽ എത്തിയ പോലീസ് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് പ്രതികള്‍ ഉപേക്ഷിച്ച വിജിലിന്റെ ബൈക്ക് കണ്ടെടുത്തു. അടുത്ത ദിവസം മുതല്‍ വിജിലിനെ കുഴിച്ചുമൂടിയ സരോവരത്ത് പരിശോധന തുടങ്ങി. എന്നാല്‍ കനത്ത മഴ ചതുപ്പിലെ പരിശോധനയ്ക്ക് തടസമായി. കസ്റ്റഡി സമയം അവസാനിച്ചതോടെ പ്രതികളെ തിരിച്ച് നല്‍കി.
ഓണത്തിന് ശേഷം പോലീസ് പ്രതികളെ വീണ്ടും അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കി ചതുപ്പിലെ തിരച്ചില്‍ പുനരാരംഭിച്ചു. മൂന്നാം നാള്‍ വിജിലിന്റെ ഷൂ കണ്ടെടുത്തു. പ്രതികള്‍ ഇത് വിജിലിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു.
തുടർന്ന് അന്‍പത് മീറ്ററിലധികം ദൂരത്തെ ചെളിയും കല്ലും മരത്തടികളും കോരിമാറ്റി പരിശോധിച്ചു. പോലീസ്, ഫയര്‍ഫോഴ്‌സ്, മണ്ണ് മാന്തി യന്ത്രങ്ങള്‍, കഡാവര്‍ നായകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ ഉൾപ്പെട്ട വലിയൊരു സംഘം നടത്തിയ തിരച്ചിലിൽ 53 അസ്ഥിഭാഗങ്ങള്‍, വസ്ത്രത്തിന്റെ അവശിഷ്ടങ്ങള്‍, കെട്ടിത്താഴ്ത്തിയ കല്ലുകള്‍, കയറുകള്‍ എന്നിവ കണ്ടെത്തി. വിജിലിനെ കുഴിച്ച് മൂടിയെന്ന് ഒന്നാം പ്രതി കെ.കെ.നിഖിലും മൂന്നാം പ്രതി ദീപേഷും കാട്ടി നല്‍കിയതിന് അടുത്ത് നിന്നായാണ് ഇവയോരോന്നും കണ്ടെടുത്തത്.
ഇനി വേണ്ടത് ശാസ്ത്രീയ പരിശോധന
പോസ്റ്റ്‌മോര്‍ട്ടം, ഡിഎന്‍എ പരിശോധനകളിലൂടെ അവശിഷ്ടങ്ങള്‍ വിജിലിന്റേത് തന്നെയെന്ന് ശാസ്ത്രീയമായി ഉറപ്പിക്കുകയാണ് അടുത്ത ഘട്ടം. അസ്ഥിഭാഗങ്ങള്‍ ഇന്‍ക്വസ്റ്റിനും ഫോറന്‍സിക് പരിശോധനയ്ക്കും ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടാം പ്രതി രഞ്ജിത്തിനായുള്ള അന്വേഷണവും തുടരുകയാണ്.
Content Highlights: police find bones believed to be KT Vigil`s in a swamp investigation