ചുറ്റിക ആക്രമണത്തിന്റെ രഹസ്യമെന്ത്? ക്രൂര ആക്രമണം ഉണ്ടായിട്ടും ആരും നിലവിളിപോലും കേൾക്കാത്തതെന്ത്?

• താഴെ പാങ്ങോട് ജുമാ മസ്ജിദ് മദ്രസാ ഹാളിൽ പൊതുദർശനത്തിനു വെച്ച സൽമാ ബീവി, ലത്തീഫ്, ഷാഹിദ, അഫ്സാൻ എന്നിവരുടെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കുന്ന ബന്ധുക്കൾ
• താഴെ പാങ്ങോട് ജുമാ മസ്ജിദ് മദ്രസാ ഹാളിൽ പൊതുദർശനത്തിനു വെച്ച സൽമാ ബീവി, ലത്തീഫ്, ഷാഹിദ, അഫ്സാൻ എന്നിവരുടെ മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കുന്ന ബന്ധുക്കൾ

തിരുവനന്തപുരം: കുഞ്ഞനുജനെയും സുഹൃത്തിനെയും അമ്മൂമ്മയെയുമൊക്കെ കൊല്ലാൻ അഫാൻ എന്തുകൊണ്ട് ചുറ്റിക തിരഞ്ഞെടുത്തു? ആറുപേർക്കു നേരേ ആക്രമണമുണ്ടായിട്ടും എന്തുകൊണ്ട് അവരുടെ നിലവിളിപോലും ആരും കേട്ടില്ല? ഒറ്റയടിക്കുതന്നെ ജീവനെടുക്കുകയെന്ന ചിന്തയാകും ആയുധം ചുറ്റികയാക്കാൻ പ്രതിയെ പ്രേരിപ്പിച്ചത്. അപ്രതീക്ഷിത ആക്രമണത്തിൽ പ്രതികരിക്കാനാകാത്തത് നിലവിളിപോലും ഇല്ലാതാക്കി. ശാരീരികമായും മാനസികമായും തന്നെക്കാൾ ശക്തി കുറഞ്ഞവർക്കുനേരേ ഇത്തരമൊരു ആയുധമുപയോഗിക്കുമ്പോൾ അതിന്റെ ആഘാതം വലുതായിരിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്റർനെറ്റിൽ തിരഞ്ഞോ മറ്റോ കിട്ടിയ വിവരങ്ങളനുസരിച്ചാകാം അഫാൻ ചുറ്റിക ആയുധമായി തിരഞ്ഞെടുത്തതെന്നും സംശയിക്കുന്നു.

ചുറ്റികയുടെ ഭാരവും അതുപയോഗിക്കുന്ന വേഗവുമാണ് ആഘാതം നിർണയിക്കുന്നത്. പിടിയുടെ നീളവും ആഘാതം എങ്ങനെയായിരിക്കുമെന്നതിന്റെ ഘടകമാണ്. ചുറ്റിക പതിക്കുന്നിടത്തു മാത്രം ശക്തമായ ആഘാതമുണ്ടാവുകയും പരിക്ക് മാരകമാവുകയും ചെയ്തേക്കാം. തലയിലും മറ്റും ഇത്തരത്തിൽ ചുറ്റിക പതിച്ചാൽ തൽക്ഷണം ജീവൻ നഷ്ടപ്പെട്ടേക്കാം. ഇത്തരം കാര്യങ്ങൾ പ്രതി മനസ്സിലാക്കിയിട്ടുണ്ടാകുമെന്നാണ് വിലയിരുത്തൽ.

ചുറ്റിക ആയുധമായി ഉപയോഗിച്ചുള്ള കൊലപാതകങ്ങൾ കേരളത്തിൽ വളരെ കുറവാണെന്ന് മുൻ പോലീസ് സർജനും മെഡിക്കോ ലീഗൽ വിദഗ്ദ്ധനുമായ ഡോ. പി.ബി.ഗുജ്‌റാൾ പറഞ്ഞു. ശക്തമായ അടിയിൽ തൽക്ഷണം ബോധം നഷ്ടമാവുകയും ജീവൻ നഷ്ടപ്പെടുകയും ചെയ്തിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരകളുടെ പ്രായവും പ്രതിരോധിക്കാനുള്ള സാധ്യതക്കുറവും ഈ ആയുധം തിരഞ്ഞെടുക്കാൻ പ്രതിയെ പ്രേരിപ്പിച്ചിരിക്കാം. കൊടുംകുറ്റവാളികളും മറ്റും വിവിധ ആക്രമണങ്ങൾക്ക് ഒരേ രീതിയിലുള്ള ആയുധങ്ങളുപയോഗിക്കുന്നതു സംബന്ധിച്ച തെളിവുകളുണ്ട്. തലയോട്ടിയിൽ ചുറ്റികയുപയോഗിച്ച് അടിയേൽക്കുന്നതു സംബന്ധിച്ച പഠനങ്ങളും പുറത്തുവന്നിട്ടുണ്ട്.

വേദനതിന്ന് അഞ്ചുപേരും മടങ്ങി

തിരുവനന്തപുരം: ഒരു നാടു മുഴുവൻ വിറങ്ങലിച്ചുനിന്നു... വെള്ളത്തുണിയിൽ പൊതിഞ്ഞ നാലു മൃതദേഹങ്ങൾ താഴെ പാങ്ങോട് ജുമാ മസ്ജിദിനു സമീപത്തെ മദ്രസാ ഹാളിലെത്തിച്ചപ്പോൾ പലർക്കും സങ്കടം നിയന്ത്രിക്കാനായില്ല. ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹങ്ങൾ ഒരു കബർസ്ഥാനിൽ അടക്കിയപ്പോൾ, 40 കിലോമീറ്ററോളം ദൂരെ ചിറയിൻകീഴ് കാട്ടുമുറാക്കലിൽ ഫർസാനയുടെ മൃതദേഹം കബറടക്കി.

സൽമാ ബീവിയുടെയും ബന്ധുക്കളുടെയും കബറടക്കു നടന്ന താഴേ പാങ്ങോട് ജുമാ മസ്ജിദിലേക്ക് ജനത്തിന്റെ ഒഴുക്കായിരുന്നു. ‘ഇത്രേം നാൾ കേട്ടുകേൾവി മാത്രമേ ഉണ്ടായിരുന്നുള്ളൂ. നേരിട്ടറിയാവുന്ന അടുത്ത പരിചയക്കാർ ഇത്തരത്തിൽ കൊല്ലപ്പെട്ടെന്നു കേൾക്കുമ്പോൾ വിശ്വസിക്കാൻ പറ്റുന്നില്ല’- ദുരന്തത്തിന്റെ ഞെട്ടലിൽ നാട്ടുകാരിൽ പലരും പറയുന്നു.

സൽമാ ബീവിയുടെ മൃതദേഹമാണ് ആദ്യം പൊതുദർശനത്തിനായി മദ്രസാ ഹാളിലെത്തിച്ചത്. തൊട്ടുപിന്നാലെ എസ്.എൻ.പുരത്ത് കൊല്ലപ്പെട്ട ലത്തീഫിന്റെയും ഷാഹിദയുടെയും മൃതദേഹങ്ങൾ കൊണ്ടുവന്നു. ആറോടുകൂടി പേരുമലയിൽനിന്ന് പൊതുദർശനത്തിനു ശേഷം അഫ്‌സാന്റെ മൃതദേഹവും ജുമാ മസ്ജിദിനു സമീപത്തെ മദ്രസാ ഹാളിലെത്തിച്ചു. നാലുപേരുടെയും മൃതദേഹങ്ങൾ ജുമാ മസ്ജിദിനോടു ചേർന്നുള്ള മദ്രസയിൽ പൊതുദർശനത്തിനു െവച്ചു. സ്ത്രീകളും കുട്ടികളും പുരുഷന്മാരുമുൾപ്പെടെ നിരവധിപ്പേരാണ് സംഭവമറിഞ്ഞ് മസ്ജിദിനു സമീപം എത്തിച്ചേർന്നത്. വിദേശത്തുള്ള അഫ്സാന്റെ പിതാവ് റഹിമിന് നാട്ടിലെത്താനായിട്ടില്ല.

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എ.എ.റഹിം എം.പി., ഡി.കെ.മുരളി എം.എൽ.എ., സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ., ഒ.എസ്.അംബിക എം.എൽ.എ., ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ഷിജുഖാൻ, കോലിയക്കോട് കൃഷ്ണൻ നായർ, സി.പി.എം. വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി ഇ.എ.സലിം തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. ജമാത്ത് ഇമാം മുഹമ്മദ് സാദിഖ് മന്നാനി മതപരമായ ചടങ്ങുകൾക്കു നേതൃത്വം നൽകി. 6.30-ഓടെ പോത്തൻകോട് ജുമാ മസ്ജിദിൽ നാലുപേരെയും കബറടക്കി.

ഫർസാനയുടെ മൃതദേഹം വൈകീട്ട് നാലോടെ ചിറയിൻകീഴ് കൂന്തള്ളൂർ കാട്ടുമുറാക്കൽ ജുമാ മസ്ജിദ് കബർസ്ഥാനിലാണ് കബറടക്കിയത്. പിതാവ് സുനിലിന്റെ നാടാണ് ചിറയിൻകീഴ്. ഇവിടെ സുനിലിന്റെ ബന്ധുക്കൾ ഇപ്പോഴുമുണ്ട്. അതിനാലാണ് ചിറയിൻകീഴിൽ കബറടക്കിയത്. ഉച്ചയ്ക്ക് മൂന്നരയോടെയാണ് വെഞ്ഞാറമൂട്ടിലെ ചടങ്ങുകൾക്കു ശേഷം മൃതദേഹം പള്ളിയിലെത്തിച്ചത്. അരമണിക്കൂറിനുള്ളിൽ ഇവിടത്തെ ചടങ്ങുകൾ പൂർത്തിയാക്കി. പിതാവും സഹോദരനുമടക്കുമുള്ള ബന്ധുക്കൾ കബറിൽ മണ്ണിടുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.

എട്ടു മിനിറ്റിൽ ആദ്യ കൊലപാതകം

കല്ലറ: മുത്തശ്ശി സൽമാ ബീവിയെ അഫാൻ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത് വന്നപാടേതന്നെ. എട്ടു മിനിറ്റിനുള്ളിൽ ഭാവവ്യത്യാസങ്ങളില്ലാതെ ബൈക്കിൽ മടങ്ങുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിനാണ് കല്ലറ പാങ്ങോട്ടുള്ള എലിച്ചുഴി വീട്ടിൽ അഫാൻ ബൈക്കിലെത്തിയത്. 1.08-ന് മടങ്ങി. കല്ലറ-പാങ്ങോട് റോഡിൽനിന്ന്‌ താഴേപാങ്ങോട് പള്ളിയിലേക്കുള്ള റോഡിനു സമീപത്താണ് കൊലപാതകം നടന്ന വീട്. ഇതുവഴി അഫാൻ വരുന്നത് സമീപവാസിയുടെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

തലയ്ക്കടിക്കാനുപയോഗിച്ച ചുറ്റിക, ഷോൾഡർ ബാഗിലാണ് കരുതിയിരുന്നത്. തിരികെ മടങ്ങുമ്പോഴും ഈ ബാഗുണ്ടായിരുന്നു. ഹെൽമെറ്റും ധരിച്ചിരുന്നു. വന്ന വഴിക്കു പകരം താഴേപാങ്ങോട്-തച്ചോണം റോഡിലൂടെയായിരുന്നു മടക്കം. ഇവിടത്തെ പള്ളിയുടെ ക്യാമറയിലെ ദൃശ്യങ്ങളിൽ അഫാനുണ്ട്. ചുറ്റികകൊണ്ട് അടിക്കുന്നതിനിടെ അഫാന്റെ ദേഹത്തേക്കും രക്തം തെറിക്കാനിടയുണ്ട്. എന്നാൽ, അതേ വേഷത്തിലായിരുന്നു തിരികെപ്പോയത്. തനിച്ചു താമസിക്കുന്ന സൽമാ ബീവി കൊല്ലപ്പെട്ട വിവരം വൈകീട്ട് അഞ്ചിനാണ് പുറത്തറിഞ്ഞത്.

കാൽ തെന്നിവീണ് തലയിടിച്ചു പരിക്കേറ്റുള്ള മരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, ഉച്ചിയിലെ ആഴത്തിലുള്ള മുറിവ് പോലീസുകാരിൽ സംശയത്തിനിടനിൽകി. തലയിടിച്ചുവീഴുമ്പോൾ ഇത്തരം മുറിവുണ്ടാകില്ല. ഇതോടെയാണ് കൊലപാതകമാണെന്ന സംശയം പോലീസ് പ്രകടിപ്പിച്ചത്. അപ്പോഴേക്കും പ്രതി മറ്റു കൊലപാതകങ്ങളും നടത്തിക്കഴിഞ്ഞിരുന്നു. കൊച്ചുവീടിന്റെ അടുക്കളയിലാണ് സൽമാ ബീവിയുടെ മൃതദേഹമുണ്ടായിരുന്നത്. വാതിൽപ്പടിക്കു സമീപം തല വരുന്ന രീതിയിൽ നിലത്തു കിടക്കുകയായിരുന്നു. തറയിൽ രക്തം പടർന്നിരുന്നെങ്കിലും സംശയത്തിന്‌ ഇടനൽകിയില്ല. വസ്ത്രവും അലങ്കോലപ്പെട്ടിരുന്നില്ല.

വീട്ടിൽ മോഷണശ്രമമോ ബലപ്രയോഗത്തിന്റെ സൂചനയോ ഉണ്ടായിരുന്നില്ല. സൽമാ ബീവിക്ക് രാത്രി കൂട്ടിനെത്തുന്ന മകൾ എത്തിയപ്പോഴാണ് മരണവിവരം സമീപത്തുള്ളവർ അറിയുന്നത്. അപ്പോഴേക്കും വെഞ്ഞാറമൂട് പോലീസ്‌ കൊലപാതകം സ്ഥിരീകരിക്കാനായി ബന്ധപ്പെട്ടിരുന്നു.

Content Highlights: venjaramoodu mass murder accused using hammer for killing