ക്ഷണക്കത്തടിച്ച് ഗുണ്ടാത്തലവന്റെ പിറന്നാളാഘോഷം; പങ്കെടുക്കാനെത്തിയ എട്ട് ഗുണ്ടകള്‍ പിടിയില്‍

വരാപ്പുഴ(എറണാകുളം): പോലീസ് കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടാത്തലവന്റെ വീട്ടില്‍ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനെത്തിയ വിവിധ ജില്ലകളില്‍നിന്നുള്ള എട്ടു ഗുണ്ടകള്‍ പോലീസ് കസ്റ്റഡിയില്‍. വരാപ്പുഴ ഒളനാട് വാടകയ്ക്ക് താമസിക്കുന്ന ചേരാനല്ലൂര്‍ സ്വദേശി രാധാകൃഷ്ണന്റെ വീട്ടില്‍ സംഘടിപ്പിച്ച പിറന്നാള്‍ പാര്‍ട്ടിക്കെത്തിയവരാണ് പോലീസ് കസ്റ്റഡിയിലായത്.
പിറന്നാള്‍ പാര്‍ട്ടി ഒരു ഓഡിറ്റോറിയത്തില്‍ വെച്ചു നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇതിനായുള്ള ക്ഷണക്കത്തും അടിച്ചു നല്‍കിയിരുന്നു. പോലീസ് അനുമതി നിഷേധിച്ചതോടെയാണ് ഓഡിറ്റോറിയത്തില്‍നിന്ന് പാര്‍ട്ടി വാടകവീട്ടിലേക്കു മാറ്റിയത്.
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍നിന്നുള്ള കുറ്റവാളികള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിച്ചേരുമെന്നുള്ള വിവരം റൂറല്‍ എസ്.പി. വൈഭവ് സക്സേനയ്ക്ക് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പിറന്നാളാഘോഷം നടക്കുന്ന വീടിനു സമീപം വരാപ്പുഴ സി.ഐ.യുടെ നേതൃത്വത്തില്‍ മഫ്തിയില്‍ ഉള്‍പ്പെടെ പോലീസിനെ വിന്യസിച്ചിരുന്നു. സംശയം തോന്നിയവരെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, എറണാകുളം ജില്ലകളില്‍നിന്നുള്ള, കൊലക്കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതികളായവര്‍ പോലീസിന്റെ പിടിയിലായത്.
തൃശ്ശൂര്‍ ചാവക്കാട് ചെറുതോട്ടപ്പുറത്ത് വീട്ടില്‍ അനസ് (25), ആലുവ തായ്ക്കാട്ടുകര കളത്തിപ്പറമ്പില്‍ അര്‍ഷാദ് (23), ആലപ്പുഴ ഹരിപ്പാട് മുട്ടം സ്വദേശികളായ എസ്.പി. ഹൗസില്‍ സൂരജ് (26), വിളയില്‍ തെക്കേതില്‍ യദുകൃഷ്ണന് (27), വടുതല വെള്ളിന വീട്ടില്‍ ഷെറിന് സേവ്യര്‍ (47), കൂനംതൈ തോട്ടുപുറത്ത് വീട്ടില്‍ സുധാകരന് (42), പാലക്കാട് ആലത്തൂര്‍ കൊക്കരക്കാട്ടില്‍ മുഹമ്മദ് ഷംനാസ് (28), ഏലൂര്‍ കുടിയിരിക്കല്‍ വീട്ടില്‍ വസന്തകുമാര്‍ (22) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവര്‍ക്കെതിരേ കേസെടുത്ത് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
Content Highlights: varappuzha goonda leader birthday party