വാരാണസി IIT-യിലെ ലൈംഗികാതിക്രമം; പ്രതികൾക്ക് BJP ബന്ധമെന്ന് ആരോപണം, IT സെൽ അംഗങ്ങളെന്ന് അവകാശവാദം

അറസ്റ്റിലായ പ്രതികളുടെ സിസിടിവി ദൃശ്യം | Photo Courtesy: twitter.com/TakBallia
അറസ്റ്റിലായ പ്രതികളുടെ സിസിടിവി ദൃശ്യം | Photo Courtesy: twitter.com/TakBallia

ലഖ്‌നൗ: വാരാണസി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി കാംപസിലെ ഐ.ഐ.ടി. വിദ്യാര്‍ഥിനി ലൈംഗികാതിക്രമത്തിനിരയായ സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ബി.ജെ.പി. ബന്ധമെന്ന് ആരോപണം. നവംബര്‍ ഒന്നാം തീയതി നടന്ന സംഭവത്തില്‍ മൂന്നുപ്രതികളെയാണ് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. ഇവര്‍ ബി.ജെ.പി. പ്രവര്‍ത്തകരാണെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് അടക്കമുള്ളവര്‍ ആരോപിക്കുന്നത്.

അതിനിടെ, അറസ്റ്റിലായവരില്‍ രണ്ടുപേര്‍ ഇവരുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളില്‍ ബി.ജെ.പി. ഐ.ടി. സെല്‍ ഭാരവാഹികളാണെന്ന് അവകാശപ്പെടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഐ.ഐ.ടി.-ബി.എച്ച്.യു കാംപസില്‍ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ സക്ഷാം പട്ടേല്‍(20) കുനാല്‍ പാണ്ഡെ(28) അഭിഷേക് ചൗഹാന്‍(22) എന്നിവരെയാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. മൂവരും വാരാണസി സ്വദേശികളാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട്. സക്ഷാം പട്ടേല്‍ പത്താംക്ലാസ് വരെ പഠിച്ചയാളാണ്. രണ്ടാംപ്രതിയായ കുനാല്‍ പാണ്ഡെ ബി.കോം ബിരുദധാരിയും വ്യാപാരസ്ഥാപനം നടത്തുന്നയാളുമാണ്. മൂന്നാംപ്രതിയായ അഭിഷേക് ചൗഹാന്‍ പത്താംക്ലാസില്‍ തോറ്റയാളാണെന്നും നിലവില്‍ ഒരു സാരി വില്‍പ്പനശാലയിലാണ് ജോലിചെയ്യുന്നതെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടിലുണ്ട്. 

അറസ്റ്റിലായ പ്രതികളില്‍ കുനാല്‍ പാണ്ഡെ, സക്ഷാം പട്ടേല്‍ എന്നിവരാണ് വാരാണസിയിലെ ബി.ജെ.പി. ഐ.ടി. സെല്‍ ഭാരവാഹികളാണെന്ന് അവകാശപ്പെടുന്നത്. ബി.ജെ.പി. ഐ.ടി. സെല്ലിന്റെ വാരാണസി യൂണിറ്റിന്റെ കോര്‍ഡിനേറ്ററാണെന്നാണ് കുനാല്‍ പാണ്ഡെയുടെ സാമൂഹികമാധ്യമ അക്കൗണ്ടില്‍ സ്വയം അവകാശപ്പെട്ടിരിക്കുന്നത്. ബി.ജെ.പി. ഐ.ടി. സെല്ലിന്റെ കോ-കോര്‍ഡിനേറ്ററാണെന്ന് സക്ഷാം പട്ടേലിന്റെ അക്കൗണ്ടില്‍ അവകാശപ്പെടുന്നുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. 

അതേസമയം, അറസ്റ്റിലായ പ്രതികള്‍ നിലവിലുള്ള ഐ.ടി. സെല്ലിന്റെ ഭാരവാഹികളല്ലെന്നായിരുന്നു ബി.ജെ.പി. മീഡിയ ടീമിലെ(കാശി സോണ്‍) മുതിര്‍ന്ന അംഗത്തിന്റെ പ്രതികരണം. പട്ടേല്‍ ബി.ജെ.പി. ഐ.ടി. സെല്ലിന്റെ വാരാണസി യൂണിറ്റിന്റെ കോ- കോര്‍ഡിനേറ്ററായിരുന്നു. പാണ്ഡെ കോര്‍ഡിനേറ്ററും. എന്നാല്‍, ദീപാവലിക്ക് ശേഷം രൂപവത്കരിച്ച പുതിയ ടീമില്‍ ഇവര്‍ ഭാഗമല്ലെന്നും ബി.ജെ.പി. പ്രതിനിധി പറഞ്ഞു. അതിനിടെ, സംഭവത്തില്‍ വിശദീകരണം തേടാനായി ബി.ജെ.പി. ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരിയെബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍കോളുകളോടോ സന്ദേശങ്ങളോടെ ഇദ്ദേഹം പ്രതികരിച്ചില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

കഴിഞ്ഞ നവംബര്‍ ഒന്നാംതീയതി രാത്രിയാണ് സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനി ക്രൂരമായ പീഡനത്തിനിരയായത്. രാത്രി ഹോസ്റ്റലില്‍നിന്ന് സുഹൃത്തിനൊപ്പം പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ബൈക്കിലെത്തിയ മൂന്നംഗസംഘം ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടിയെ വായപൊത്തി വലിച്ചിഴച്ച് കൊണ്ടുപോയ പ്രതികള്‍, വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയുംചെയ്തു. ഫോണ്‍നമ്പര്‍ നിര്‍ബന്ധിച്ച് വാങ്ങി, ഏകദേശം 15 മിനിറ്റിന് ശേഷമാണ് പ്രതികള്‍ വിദ്യാര്‍ഥിനിയെ വിട്ടയച്ചത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. 

Content Highlights: varanasi iit bhu rape case accused alleges bjp links