ട്യൂഷൻ ടീച്ചറുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞവർ അറസ്റ്റിൽ; വിറ്റത് 50,000-ത്തിന്, പണംകൊണ്ട് ഫോൺവാങ്ങി

തിരുവനന്തപുരം: വള്ളക്കടവിൽ ട്യൂഷൻ അധ്യാപികയുടെ മാല തട്ടിപ്പറിച്ചശേഷം ബൈക്കിൽ രക്ഷപ്പെട്ട രണ്ടുപേരെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട സീതത്തോട് കോട്ടമൺപ്പാറ ഇലവുങ്കൽ വീട്ടിൽ നന്ദു(19), പത്തനംതിട്ട ചിറ്റാർ മാൻപീലിക്കാവ് ക്ഷേത്രത്തിന് സമീപം പടിഞ്ഞാറെ ചെരുവിൽ അദ്വൈത് (19) എന്നിവരെയാണ് അറസ്റ്റുചെയ്ത്. വള്ളക്കടവ് വയ്യാമൂല സ്വദേശിയായ കുമാരി ഷീലയുടെ(64) ഒരുപവന്റെ സ്വർണമാലയാണ് ബൈക്കിലെത്തിയ ഇവർ പൊട്ടിച്ചെടുത്ത് കടന്നത്.
18-ാം തീയതി രാത്രി എട്ടുമണിയോടെ വള്ളക്കടവ് ഗാന്ധി നഗറിന് സമീപമായിരുന്നു സംഭവം. വള്ളക്കടവ് ഭാഗത്തെ വീടുകളിൽ ട്യൂഷൻ എടുത്തശേഷം അധ്യാപിക വയ്യാമൂലയിലെ വീട്ടിലേക്ക് പോകുകയായിരുന്നു. റോഡരികത്ത് ബൈക്കിൽ ഹെൽമറ്റ് ധരിച്ചുനിന്ന യുവാക്കൾ കുമാരി ഷീല നടന്നുവരുന്ന സമയത്ത് പിന്നിലെത്തി മാലപൊട്ടിച്ച് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടർന്ന് നഗരം വഴി, കാട്ടാക്കട, കൊല്ലം, എറണാകുളം വഴി തൃപ്പൂണിത്തറയിലേക്ക് കടക്കുകയായിരുന്നു.
അധ്യാപിക കുറിച്ചെടുത്ത ബെക്കിന്റെ നമ്പർ പോലീസിന് കൈമാറിയിരുന്നു. പൊട്ടിച്ചെടുത്ത മാല സംഘം ചാലയിലെ ഒരു കടയിൽ 50,000 രൂപക്ക് വിറ്റിരുന്നു. ഈ രൂപയിൽ നിന്ന് 45,000 രൂപ ഉപയോഗിച്ച് രണ്ട് മൊബൈൽഫോണുകളും പ്രതികൾ വാങ്ങിയിരുന്നുവെന്ന് ശംഖുംമുഖം അസി.കമ്മീഷണർ ബി.എസ്. സജിമോൻ പറഞ്ഞു. മാല പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വള്ളക്കടവിലെ നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് എസ്.ഐ.മാരായ ഡി.ഒ.ദിനേശ്, എസ്.എൽ.സുധീഷ് ഉൾപ്പെട്ട രണ്ട് ടീമുകളെ അന്വേഷണത്തിനായി നിയോഗിച്ചു. മാലനഷ്ടപ്പെട്ട അധ്യാപിക കുറിച്ചെടുത്ത ബൈക്കിന്റെ നമ്പറിനെ പിൻതുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ ത്യപ്പൂണിത്തറയിൽനിന്ന് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
‘കളളൻമാരെ പറ്റിക്കാൻ കുമാരി ഷീല ഇനി മുക്കുമാലയെ ഇടുകയുളളു’
കവർച്ചയ്ക്കിരയായതിനെ തുടർന്ന്, ഇനിമുതൽ കള്ളന്മാരെ പറ്റിക്കാൻ ഇമിറ്റേഷൻ മാല മാത്രം ധരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കുമാരി ഷീല പറഞ്ഞു.
ഇനി കുടുംബത്തോടൊപ്പം പോകുമ്പോൾ മാത്രമേ സ്വർണാഭരണങ്ങൾ ധരിക്കുകയുള്ളൂ. റോഡിലൂടെ ഒറ്റയ്ക്ക് പോകേണ്ട സാഹചര്യങ്ങളിൽ മുക്കുപണ്ടം മാത്രമേ ഉപയോഗിക്കൂ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ട്യൂഷനെടുത്ത് മിച്ചം പിടിച്ച ഒരു ലക്ഷം രൂപ നൽകി ഗുരുവായൂരപ്പന്റെ ലോക്കറ്റോടുകൂടിയ ഒരു പവന്റെ മാല വാങ്ങിയത്. ബൈക്കിലെത്തിയ കവർച്ചക്കാർ ഈ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. ഏറെ ആശിച്ച് വാങ്ങിയ മാല നഷ്ടപ്പെട്ടതിൽ വലിയ സങ്കടമുണ്ട്. മാല നഷ്ടപ്പെട്ടതോടെ, തൽക്കാലം 250 രൂപ കൊടുത്ത് സ്വർണമെന്ന് തോന്നിക്കുന്ന ഇമിറ്റേഷൻ മാല വാങ്ങി ധരിച്ചിരിക്കുകയാണെന്ന് കുമാരി ഷീല പറഞ്ഞു.
Content Highlights: Two 19-year-old youths arrested for snatching a 1-sovereign gold chain from a 64-year-old tuition teacher in Vallakkadavu., The victim cleverly noted down the bike's registration number, which became crucial for police investigation., Stolen gold chain recovered by Valiyathura police and accused remanded after being caught in Thrippunithura.