ഹെൽമറ്റ് പരിശോധനതടഞ്ഞു; കള്ളക്കേസിൽ കുടുക്കി, യുവാവ് ജീവനൊടുക്കിയത് പോലീസ് വേട്ടയാടലിനെ തുടർന്നെന്ന് ആരോപണം

തൃപ്രയാർ: യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം പോലീസിന്റെ മാനസികപീഡനമാണെന്നാരോപിച്ച് മൃതദേഹവുമായി ബി.ജെ.പി. പ്രവർത്തകരും ബന്ധുക്കളും വ്യാഴാഴ്ച വലപ്പാട് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. നാട്ടിക ബീച്ച് ഉണ്യാരംപുരയ്ക്കൽ ധർമന്റെയും പ്രേമയുടെയും മകൻ കൈലാസ് (38) ആണ് ബുധനാഴ്ച ആത്മഹത്യചെയ്തത്. ഉച്ചയ്ക്ക് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റാമെന്നും സംഭവം ഡിവൈ.എസ്.പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കുമെന്നും ധാരണയായതിനെത്തുടർന്ന് വൈകീട്ട് ഉപരോധം അവസാനിപ്പിച്ചു.
കഴിഞ്ഞ മാസം മൂന്നിന് വലപ്പാട് ഹെൽമെറ്റ് ധരിക്കാതെ പോയ കൈലാസിനെ വനിതാ സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ്സംഘം തടയാൻ ശ്രമിച്ചിരുന്നു. കൈ തട്ടിമാറ്റി കൈലാസ് കടന്നുപോയെന്നാണ് പോലീസ് പറയുന്നത്. മൂന്നുദിവസത്തിനുശേഷം കൈലാസിനെ വനിതാ എസ്.ഐ.യെ കൈയേറ്റംചെയ്യാൻ ശ്രമിച്ചതുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് പോലീസ് അറസ്റ്റുചെയ്ത് കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് െചയ്തു. ഏതാനും ദിവസത്തിനുശേഷം ജാമ്യത്തിലിറങ്ങിയ കൈലാസ് സ്റ്റേഷനിൽ ഒപ്പിടാൻ ചെന്നപ്പോൾ കാപ്പ ചുമത്തുമെന്നും മറ്റും പറഞ്ഞ് പോലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
ദീർഘകാലം പ്രവാസിയായിരുന്ന കൈലാസ് നാട്ടിൽ തിരിച്ചെത്തിയശേഷം ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. വീണ്ടും ഗൾഫിലേക്ക് പോകാൻ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് പോലീസിൽനിന്ന് ദുരനുഭവമുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു. ദേശീയപാതയോരത്തായിരുന്നു ഉപരോധം. ഇതുവഴി ഗതാഗതം തടസ്സപ്പെട്ടു.
ക്രൈം ബ്രാഞ്ച് ഡിവൈ.എസ്പി. സേതു, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി. ആർ. രതീഷ്കുമാർ, സർക്കിൾ ഇൻസ്പെക്ടർമാരായ പി.കെ. പദ്മരാജൻ, വിമൽ എന്നിവർ ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പിൽ, നാട്ടിക മണ്ഡലം പ്രസിഡന്റ് റിനി കൃഷ്ണപ്രസാദ്, മണ്ഡലം ജനറൽ സെക്രട്ടറി ഷൈൻ നെടിയിരിപ്പിൽ, ബി.ജെ.പി. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് സെന്തിൽകുമാർ, മണ്ഡലം സെക്രട്ടറി എൻ.എസ്. ഉണ്ണിമോൻ, സി.ആർ. രാജേഷ് എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഉപരോധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കൈലാസിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപിക്കുന്ന വനിതാ എസ്.ഐ. സി.ആർ. മൗഷമിയെ സ്ഥലംമാറ്റാനാണ് ധാരണയായത്.
മൃതദേഹം സംസ്കരിച്ചു. സഹോദരൻ: പ്രവീൺ.
നടപടിയില്ലെങ്കിൽ പ്രക്ഷോഭം -ബി.ജെ.പി.
പോലീസിന്റെ അധികാരഗർവിന്റെയും അധികാരദുർവിനിയോഗത്തിന്റെയും ഏറ്റവും അവസാനത്തെ ഇരയാണ് നാട്ടിക ബീച്ചിൽ ആത്മഹത്യചെയ്ത കൈലാസ് എന്ന് ബി.ജെ.പി. ആരോപിച്ചു. പ്രവാസിയായ ഒരു ചെറുപ്പക്കാരനെ, നിസ്സാരമായ ഒരു പെറ്റി കേസ് ചുമത്തി വിട്ടയയ്ക്കേണ്ട കുറ്റത്തിന്, അയാളെ ജാമ്യമില്ലാത്ത കേസിൽപ്പെടുത്തി ജയിലിൽ അടയ്ക്കുകയും, അയാൾക്ക് തിരിച്ച് വിദേശത്തേക്ക് മടങ്ങിപ്പോകാൻ സാധിക്കാത്ത വിധത്തിൽ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും, പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും ഫോട്ടോസഹിതം വാർത്ത നൽകി അപമാനിക്കുകയും ചെയ്തു. ഒടുവിൽ സ്ഥിരം കുറ്റവാളിയാക്കി മാറ്റാനായിരുന്നു ശ്രമം.
നീതിക്കുവേണ്ടി യാചിച്ച ചെറുപ്പക്കാരനെ കാപ്പ കേസിൽ ജയിലിൽ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി. വലപ്പാട് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറും സർക്കിൾ ഇൻസ്പെക്ടറും അടങ്ങുന്ന സംഘം മാപ്പ് അർഹിക്കാത്ത കുറ്റമാണുചെയ്തത്.
പോലീസ് വാക്കുപാലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ, ബി.ജെ.പി. തൃശ്ശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, വൈസ് പ്രസിഡന്റ് സുജയ്സേനൻ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു.