തമിഴ്‌നാട്ടില്‍നിന്നും കാറില്‍ കടത്തിയത് 338 ഗ്രാം എംഡിഎംഎ; പാലക്കാട്ട് രണ്ടുപേര്‍ പിടിയില്‍

കൊഴിഞ്ഞാമ്പാറ (പാലക്കാട്): തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന 338 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം മേലാറ്റൂര്‍ ചെമ്മണിയോട് എച്ച്. മുഹമ്മദ് നാഷിഫ് (39) മലപ്പുറം ആലുങ്കല്‍ കര്‍ക്കിടംകുന്ന് എച്ച്. ഫാസില്‍ (32) എന്നിവരാണ് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കൊഴിഞ്ഞാമ്പാറ പോലീസും തമിഴ്‌നാട് അതിര്‍ത്തിയിലെ നടുപ്പൂണി ചെക്ക് പോസ്റ്റിന് സമീപം നടത്തിയ പരിശോധനയിലാണ് ലഹരിക്കടത്ത് പിടികൂടിയത്.
ചിറ്റൂര്‍ ഡിവൈഎസ്പി വി.എ. കൃഷ്ണദാസ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അബ്ദുല്‍ മുനീര്‍, കൊഴിഞ്ഞാമ്പാറ ഇന്‍സ്‌പെക്ടര്‍ എം.ആര്‍ അരുണ്‍കുമാര്‍, ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Content Highlights: two arrested with mdma in kozhinjampara palakkad