ടൈറ്റാനിയം ജോലിതട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയിൽ; അറസ്റ്റ് ദിവ്യയെ ചോദ്യംചെയ്തതിന് പിന്നാലെ

ദിവ്യയും ഭർത്താവ് രാജേഷും | Photo: Screengrab/ Mathrubhumi News
ദിവ്യയും ഭർത്താവ് രാജേഷും | Photo: Screengrab/ Mathrubhumi News

തിരുവനന്തപുരം: ടെറ്റാനിയം ജോലിതട്ടിപ്പ് കേസിലെ മുഖ്യപ്രതി ശ്യാംലാൽ പിടിയിൽ. ഇന്ന് പുലർച്ചെയാണ് ശ്യാംലാലിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്. കേസിലെ ഒന്നാംപ്രതിയായ ദിവ്യയെ അന്വേഷണ സംഘം നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ദിവ്യയെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് ശ്യാംലാലും പിടിയിലായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് പതിനാല് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്പോൾ കേസിൽ നിർണായക അറസ്റ്റാണ് ഉണ്ടായിരിക്കുന്നത്.

ദിവ്യയുടെ ഭർത്താവ് രാജേഷ്, എം.എൽ.എ. ഹോസ്റ്റലിലെ മനോജ് എന്ന് പറയുന്ന ജീവനക്കാരൻ, എം.എൽ.എ. ഹോസ്റ്റലിലെ കോഫി ഹൗസ് ജീവനക്കാരൻ അനിൽകുമാർ തുടങ്ങിയവർ ഇനിയും പിടിയിലാകാനുണ്ട്. മനോജ് വാങ്ങിനൽകിയ കാറിലാണ് ഉദ്യോഗാർഥികളെ തട്ടിപ്പിനായി എത്തിച്ചതാണെന്നാണ് ലഭിക്കുന്ന വിവരം. 

കേസിലെ ഒന്നാംപ്രതിയായ ദിവ്യാജ്യോതി ഫെയ്‌സ്ബുക്കിലൂടെ പരസ്യം നൽകിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. പരസ്യം കണ്ട് ബന്ധപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഫോൺ നമ്പർ നൽകും. ഇവരുമായി സംസാരിച്ച് ഇടപാട് ഉറപ്പിക്കും. ഉദ്യോഗാർഥികളെ നഗരത്തിലെ പലയിടത്തും വിളിച്ചുവരുത്തി കൂടിക്കാഴ്ചകൾ നടത്തും. പിന്നീട് ശ്യാംലാലും മറ്റുള്ളവരും ചേർന്ന് ഇന്റർവ്യൂവിനെന്നപേരിൽ കാറിൽ ടൈറ്റാനിയത്തിൽ എത്തിക്കും. കാറിൽ കയറുമ്പോൾത്തന്നെ ഫോൺ സ്വിച്ച് ഓഫ് ആക്കണമെന്ന നിബന്ധനയുമുണ്ട്.

ടൈറ്റാനിയത്തിലെ ശശികുമാരൻ തമ്പിയുടെ കാബിനിൽവെച്ചാണ് ഇന്റർവ്യൂ. ജോലിയെക്കുറിച്ചും സ്ഥാനക്കയറ്റ സാധ്യതകളെക്കുറിച്ചും ശശികുമാരൻ തമ്പി ഇവരോടു സംസാരിക്കും. ഇതോടെ ഉദ്യോഗാർഥികളുടെ വിശ്വാസം പിടിച്ചുപറ്റാൻ സംഘാംഗങ്ങൾക്ക് കഴിയും. ഇന്റർവ്യൂവിനു മുൻപ് പകുതി തുക വാങ്ങുകയും ഇന്റർവ്യൂവിനു ശേഷം ബാക്കി തുക ആവശ്യപ്പെടുകയുമാണ് പതിവ്. ഇത് ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമാണ് കൈപ്പറ്റുന്നത്. 15 ദിവസത്തിനകം അപ്പോയിന്റ്‌മെന്റ് ലെറ്റർ കിട്ടുമെന്നായിരുന്നു വാഗ്ദാനം.

2018 മുതൽ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പോലീസിന്റെ നിഗമനം. വിവിധ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിൽ ടൈറ്റാനിയത്തിൽ ഒഴിവുകളുണ്ടെന്ന് കാണിച്ച് ഇവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജ്യോതിയുടെ വീട്ടിലെത്തി ഭർത്താവ് രാജേഷിന്റെ സാന്നിധ്യത്തിലാണ് പലരും പണം നൽകിയത്. 29 പേരിൽനിന്ന് ഒരു കോടി 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Content Highlights: titanium job scam accused shyam lal arrested