സ്വത്തുതര്‍ക്കം: വഴക്കിനിടെ റിട്ട. അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു; സഹോദരന്‍ അറസ്റ്റില്‍

തിരൂരങ്ങാടി(മലപ്പുറം): സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കുഴഞ്ഞുവീണ് റിട്ട. അധ്യാപകന്‍ മരിച്ചു. സംഭവത്തില്‍ സംഗീതാധ്യാപകനായ സഹോദരന്‍ അറസ്റ്റിലായി. എആര്‍ നഗര്‍ അരീത്തോടിനു സമീപം പാലാന്തറ സ്വദേശിയും കൊടിഞ്ഞി ജിയുപി സ്‌കൂള്‍ മുന്‍ അധ്യാപകനുമായ പൂക്കോടന്‍ അയ്യപ്പന്‍ (59) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. സഹോദരനും സംഗീതാധ്യാപകനുമായ പൂക്കോടന്‍ ബാബു(47)വിനൊണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ്ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ്‌ചെയ്തു.
സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് അയ്യപ്പനും ബാബുവും വീടിനു സമീപംവെച്ച് തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ അയ്യപ്പന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അയ്യപ്പന്റെ ഭാര്യയുടെ മൊഴിപ്രകാരമാണ് തിരൂരങ്ങാടി പോലീസ് കേസെടുത്തത്.
കേരള റിട്ടയേഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസ് സംഘടനയുടെ മലപ്പുറം ജില്ലാ സെക്രട്ടറി, ഭാരതീയ ദളിത് കോണ്‍ഗ്രസ് എആര്‍ നഗര്‍ മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരുകയായിരുന്നു അയ്യപ്പന്‍.
ഭാര്യ: വിജയലക്ഷ്മി. മക്കള്‍: അനുഷ, ആരാധ്യ. മറ്റു സഹോദരങ്ങള്‍: ഗംഗാധരന്‍, രുക്മിണി, വിശാലാക്ഷി, സുമിത്ര, പുഷ്പ, ഇന്ദിര.
തിങ്കളാഴ്ച മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി.
Content Highlights: A retired teacher in Tirurangadi, Malappuram, died after a dispute with his brother