പാക് ഭീകരസംഘടനയെ പിന്തുണച്ച് സന്ദേശം; തിരുപ്പൂരിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

കോയമ്പത്തൂർ: പാക് ഭീകരസംഘടനയെ പിന്തുണച്ച് സാമൂഹികമാധ്യമങ്ങളിൽ സന്ദേശങ്ങൾ പ്രചരിപ്പിച്ച ആറ് ബംഗ്ലാദേശി പൗരന്മാർ തമിഴ്‌നാട്ടിലെ തിരുപ്പൂരിൽ അറസ്റ്റിലായി. ഡൽഹി പോലീസിന്റെ ക്യൂ ബ്രാഞ്ച് ആണ് ഇവരെ പിടികൂടിയത്. അനധികൃതമായാണ് ഇവർ തിരുപ്പൂരിൽ താമസിച്ചുവന്നിരുന്നതെന്നും പ്രതികളിൽനിന്ന് എട്ട് മൊബൈൽഫോണുകളും 16 സിം കാർഡുകളും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.
ബംഗ്ലാദേശ് സ്വദേശികളായ മിജാനൂർ റഹ്‌മാൻ, മുഹമ്മദ് ശബാത്, ഉമർ, മുഹമ്മദ് ലിതാൻ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഉജ്ജൽ എന്നിവരാണ് അറസ്റ്റിലായവർ. ഇവരെല്ലാം തിരുപ്പൂരിലെ വിവിധ വസ്ത്രനിർമാണ കമ്പനികളിൽ ജോലിചെയ്തുവരികയായിരുന്നു. വ്യാജ ആധാർ കാർഡുകളടക്കം സംഘടിപ്പിച്ചാണ് ഇവർ ജോലിനേടിയതെന്നും താമസസൗകര്യം ഉൾപ്പെടെ തരപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു. പ്രതികളുടെ പക്കൽ പാസ്‌പോർട്ടോ വിസയോ ഇല്ലായിരുന്നുവെന്നും പോലീസ് പറഞ്ഞു.
തിരുപ്പൂർ പോലീസിന്റെ സഹായത്തോടെയാണ് റെയ്ഡ് നടത്തി ആറ് ബംഗ്ലാദേശി പൗരന്മാരെയും ഡൽഹി പോലീസ് അറസ്റ്റ്‌ചെയ്തത്. ഇവർ പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങളുമായി ആശയവിനിമയം നടത്തിയിരുന്നതായാണ് വിവരം. ഇവർ ഏതെങ്കിലും സ്ലീപ്പർ സെല്ലിന്റെ ഭാഗമാണോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്. അറസ്റ്റ്‌ചെയ്ത ആറുപേരെയും വിശദമായി ചോദ്യംചെയ്തുവരികയാണെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
Content Highlights: Six Bangladeshi nationals arrested in Tiruppur, Tamil Nadu, for spreading pro-Pakistan terror group messages on social media. Delhi Police seized phones, SIM cards. Investigating terror links.