ടൈഗർ ഷ്‌റോഫിന് നേരെ നടന്ന വെടിവെപ്പ്: പിടിക്കപ്പെടാതിരിക്കാൻ പ്രതികൾ നേരത്തെ മുന്നൊരുക്കം നടത്തി, ‘രൂപമാറ്റം’ വരുത്തി

#ന്യൂസ് ഡെസ്ക്
Photo: 'X' NDTV
Photo: 'X' NDTV

മുംബൈ: ബോളിവുഡ് നടൻ ടൈഗർ ഷ്‌റോഫിന്റെ വാഹനത്തിന് നേരെ വെടിവെപ്പ് നടത്തിയ കേസിൽ പിടിയിലായ പ്രധാന പ്രതി ഹൃതിക് കുമാർ എന്ന റോഷൻ, പോലീസ് പിടിയിലാകാതിരിക്കാൻ വൻ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നതായി മൊഴി. മുൻപ് തന്നെ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയായതിനാൽ തിരിച്ചറിയപ്പെടാതിരിക്കാൻ പ്രതി രൂപമാറ്റം നടത്തിയിരുന്നു.

ബിഹാറിലെ ബെഗുസരായി സ്വദേശിയായ ഇയാൾ ആക്രമണത്തിന് ഏകദേശം രണ്ടു മാസം മുൻപ് തന്നെ തന്‍റെ നീളമുള്ള മുടി വെട്ടി മൊട്ടയടിച്ച് രൂപമാറ്റം വരുത്തുകയും ഒളിവിൽ കഴിയാൻ വാടകയ്ക്ക് വീടുകൾ മാറിമാറി താമസിക്കുകയും ചെയ്തു. ആക്രമണത്തിനായി റിക്രൂട്ട് ചെയ്യപ്പെട്ട ശേഷമാണ് ഇയാൾ താമസസ്ഥലങ്ങൾ ഇടയ്ക്കിടെ മാറിത്തുടങ്ങിയത്. നടനെ ആക്രമിക്കാൻ ശ്രമിക്കുന്ന സമയത്ത് ഇയാളുടെ മുടി വീണ്ടും വളർന്നു തുടങ്ങിയിരുന്നു.

അറസ്റ്റിന് ശേഷം ഇയാൾ പോലീസിന് നൽകിയ വിലാസം മാസങ്ങൾക്ക് മുൻപ് ഒഴിഞ്ഞുപോയ പഴയ വാടക വീടിന്റേതായിരുന്നു. ഏകദേശം നാല് വർഷം മുൻപ് മുംബൈയിലെത്തിയ ഇയാൾ റാപ്പിഡോ ഡ്രൈവറായും ഡെലിവറി തൊഴിലാളിയായും ജോലി ചെയ്തു വരികയായിരുന്നു. തങ്ങളോട് അധികം സംസാരിക്കാതിരുന്ന ഇയാളെ ഒരു സാധാരണ ഡെലിവറി തൊഴിലാളിയായാണ് കരുതിയതെന്നും ഇയാൾക്ക് ആക്രമണത്തിൽ പങ്കുണ്ടെന്നറിഞ്ഞപ്പോൾ ഞെട്ടലുണ്ടായെന്നും അയൽവാസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഞായറാഴ്ച വൈകുന്നേരമാണ് ടൈഗർ ഷ്‌റോഫിന് നേരെ ഇയാളും കൂട്ടാളികളും ചേർന്ന് ആക്രമണം നടത്തിയത്. ബിഹാർ സ്വദേശിയായ ഹൃതിക്കിന് പുറമെ ഹരിയാണയിലെ സോണിപ്പട്ട് സ്വദേശിയായ റെഹാൻ (18), ഹരിയാന സ്വദേശിയായ ഫൂൽ സിങ് (18) എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുപ്രസിദ്ധ കുറ്റവാളി ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ നിർദ്ദേശപ്രകാരമാണ് പ്രതികൾ നടന് നേരെ ഈ ആക്രമണം നടത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ.