ഡെഡ് ലെറ്റർ ബോക്‌സ്, എൻക്രിപ്റ്റഡ് ചാറ്റുകൾ, തോക്കുകൾ എത്തിച്ചു നൽകിയ സ്ത്രീകൾ; ആയുധക്കടത്ത് സംഘങ്ങളുടെ രീതിയെന്ന് പോലീസ്

#ന്യൂസ് ഡെസ്ക്
അറസ്റ്റിലായ പ്രതികൾ | പരിക്കേറ്റ ടൈഗർ ഷ്റോഫ്
അറസ്റ്റിലായ പ്രതികൾ | പരിക്കേറ്റ ടൈഗർ ഷ്റോഫ്

മുംബൈ: നടൻ ടൈഗർ ഷ്‌റോഫിനുനേരെ നടന്ന ആക്രമണത്തിനായി ആയുധങ്ങൾ എത്തിച്ചുനൽകിയത് രണ്ട് സ്ത്രീകളാണ്, അക്രമികളും അവരെ നിയന്ത്രിച്ചിരുന്നവരും തമ്മിൽ വിവരങ്ങൾ കൈമാറിയിരുന്നത് എന്ക്രിപ്റ്റഡ് ചാറ്റുകളിലൂടെയാണ്, ആയുധങ്ങൾ കൈമാറിയതാകട്ടെ 'ഡെഡ് ലെറ്റർ ബോക്‌സ്' രീതിയിലും.. മൊത്തത്തിൽ ടൈഗർ ഷ്‌റോഫിൻഫെ കാറിനുനേരെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ച് ഇതുവരെ നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നിട്ടുള്ള വിവരങ്ങളെല്ലാം വിരൽ ചൂണ്ടിന്നത് ഒരു ആയുധക്കടത്ത് ശൃംഖലയിലേക്ക് തന്നെയാണ്. ആയുധക്കടത്ത് സംഘങ്ങളാണ് സാധാരണയായി ഇത്തരം നീക്കങ്ങൾ നടത്താറ് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ആയുധങ്ങൾ കൈമാറാൻ പഞ്ചാബിലെ അമൃത്സറിലുള്ള രഹസ്യ ഇടങ്ങൾ ഉപയോഗിച്ചതായും, ഇതിനായി എൻക്രിപ്റ്റ് ചെയ്ത ചാറ്റുകൾ വഴി ആശയവിനിമയം നടത്തിയതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘമാണ് ആയുധങ്ങൾ കടത്തിയതെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 'ഡെഡ് ലെറ്റർ ബോക്‌സ്' (Dead letter box) എന്ന് വിളിക്കപ്പെടുന്ന രഹസ്യ രീതി ഉപയോഗിച്ച് അമൃത്സറിലെ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തു നിന്നാണ് അക്രമികൾ തോക്കുകൾ ശേഖരിച്ചത്.

കുറ്റകൃത്യത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ചും ആയുധവിതരണ ശൃംഖലയെക്കുറിച്ചുമുള്ള വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. കുനാൽ, സുമിത് എന്നീ പേരുകളുള്ള രണ്ട് പ്രതികളാണ് ആയുധങ്ങൾ ശേഖരിക്കുന്നതിനായി രണ്ടാഴ്ച മുമ്പ് അമൃത്സറിലേക്ക് പോയത്. അനിൽ പണ്ഡിറ്റ് ആയുധങ്ങൾ എടുക്കേണ്ട സ്ഥലം മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും എൻക്രിപ്റ്റഡ് മെസേജിങ് ആപ്പ് വഴി കുനാലുമായി ബന്ധപ്പെട്ടിരുന്നുവെന്നും വിവരമുണ്ട്.

രണ്ട് വ്യക്തികൾ നേരിട്ട് കാണാതെ, ഒരാൾ ഒളിപ്പിച്ചുവെച്ച സാധനം മറ്റൊരാൾക്ക് വന്ന് എടുക്കാൻ പാകത്തിന് മുൻകൂട്ടി നിശ്ചയിക്കുന്ന രഹസ്യ സ്ഥലത്തെയാണ് 'ഡെഡ് ലെറ്റർ ബോക്‌സ്' എന്ന് വിളിക്കുന്നത്. അമൃത്സറിലെ ആ സ്ഥലത്ത് ആയുധങ്ങൾ വെച്ചത് ആരാണെന്ന് പ്രതികൾക്ക് അറിയില്ലായിരുന്നുവെന്നാണ് വിവരം. ഈ ദൗത്യത്തിനായി അനിൽ പണ്ഡിറ്റ് പ്രതികൾക്ക് 70,000 മുതൽ 80,000 രൂപ വരെ നൽകിയതായും വിവരമുണ്ട്.

ഇതിൽ 10,000 മുതൽ 12,000 രൂപ വരെ ബബിത, രാധ എന്ന് തിരിച്ചറിഞ്ഞ രണ്ട് സ്ത്രീകൾക്കാണ് നൽകിയത്. മുംബൈയിലേക്ക് ആയുധങ്ങൾ എത്തിക്കുക എന്നതായിരുന്നു ഇവരുടെ ചുമതല. വാർത്താ ഏജൻസിയായ എഎൻഐ നൽകുന്ന വിവരമനുസരിച്ച്, കുനാൽ ഈ വർഷം ജൂലൈയിലാണ് സോണിപത് ജയിലിൽ നിന്ന് മോചിതനായത്. പിന്നാലെ, ഒരു സുഹൃത്താണ് കുനാലിനെ അനിൽ പണ്ഡിറ്റിന് പരിചയപ്പെടുത്തിയത്.

തുടർന്ന് ഇരുവരും എൻക്രിപ്റ്റഡ് ആപ്ലിക്കേഷൻ വഴി ആശയവിനിമയം നടത്താൻ തുടങ്ങി. അമൃത്സറിൽ നിന്ന് ആയുധങ്ങൾ ശേഖരിക്കാനും രണ്ടാഴ്ച മുമ്പ് മുംബൈയിലേക്ക് അവ എത്തിക്കാനുമുള്ള ചുമതല അനിൽ പണ്ഡിറ്റ് കുനാലിനെ ഏൽപിക്കുകയായിരുന്നു. തുടർന്ന് കുനാലാണ് തന്റെ കാമുകിയായ രാധയെ ആയുധങ്ങൾ കടത്താൻ ഏൽപിച്ചതെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. രാധയും ബബിതയും സോണിപത്തിലെ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നവരാണ്.

രണ്ടു മാസം മുമ്പാണ് കുനാൽ രാധയെ പരിചയപ്പെട്ടത്. കുനാലിന്റെ ആവശ്യപ്രകാരം രാധ ബബിതയ്‌ക്കൊപ്പം മുംബൈയിലേക്ക് യാത്ര തിരിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ജൂഹുവിൽവെച്ച് ടൈഗർ ഷ്‌റോഫിന്റെ കാറിന് നേരെ നടന്ന വെടിവെപ്പ് നടന്നത്. സംഭവത്തിൽ നടൻ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. മുംബൈ ക്രൈംബ്രാഞ്ച് ആണ് കേസിൽ അന്വേഷണം നടത്തുന്നത്.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രധാന പ്രതികളെ ബുധനാഴ്ച രാജസ്ഥാനിലെ കോട്ടയിൽ നിന്ന് മുംബൈയിൽ എത്തിച്ചു. വൈദ്യപരിശോധനയ്ക്ക് ശേഷം ഇവരെ ചോദ്യം ചെയ്യലിനായി ആന്റി എക്‌സ്റ്റോർഷൻ സെൽ ഓഫീസിലേക്ക് കൊണ്ടുപോയി. ആന്റി എക്‌സ്റ്റോർഷൻ സെല്ലിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പാണ് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയതെന്ന് പ്രതികളുടെ അഭിഭാഷകൻ അജിങ്ക്യ മിർഗൽ മധുകർ പറഞ്ഞു.

അന്വേഷണം പുരോഗമിക്കുകയാണെന്നും അടുത്ത ദിവസം രാവിലെ ഇവരെ കോടതിയിൽ ഹാജരാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പ്രതികൾ ആക്രമിക്കുന്നതിനായി ആദ്യം മറ്റൊരു പ്രമുഖ ബോളിവുഡ് താരത്തെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് മുംബൈ ക്രൈംബ്രാഞ്ച് പറയുന്നു. എന്നാൽ കനത്ത സുരക്ഷ കാരണം ആ വ്യക്തിയുടെ അടുക്കൽ എത്താൻ കഴിയാത്തതിനെ തുടർന്നാണ് ഇവർ പദ്ധതി മാറ്റിയത്.

പ്രതികൾ ആദ്യം ലക്ഷ്യമിട്ടിരുന്ന താരം ആര് എന്നത് സംബന്ധിച്ച് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. തുടർന്നാണ്, ടൈഗർ ഷ്‌റോഫിനെ ലക്ഷ്യമിടുന്നത് എളുപ്പമായിരിക്കുമെന്ന് കരുതി പ്രതികൾ അദ്ദേഹത്തിന് നേരെ തിരിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വ്യാജ പ്രസ്താവനകളും എഐ (AI) നിർമിത വീഡിയോകളും മറ്റ് വ്യാജ ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ ടൈഗർ ഷ്‌റോഫിന്റെ മാനേജ്‌മെന്റ് ടീം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് നടൻ ഔദ്യോഗിക പ്രസ്താവനയോ വീഡിയോയോ പുറപ്പെടുവിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ച വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും ടീം മാധ്യമങ്ങളോടും സാമൂഹിക മാധ്യമ ഉപയോക്താക്കളോടും അഭ്യർത്ഥിച്ചിട്ടുണ്ട്. വെടിവെപ്പ് സംഭവത്തെക്കുറിച്ചും ആയുധക്കടത്ത് ശൃംഖലയെക്കുറിച്ചുമുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlights: The attack on actor Tiger Shroff involved weapons supplied by two women, with encrypted chats used for communication between the attackers and their handlers, pointing to an arms smuggling network. Secret locations in Amritsar were used for weapon exchanges, employing a "dead letter box" method, with suspects Kunal and Sumit collecting the weapons two weeks prior to the attack. The Mumbai Crime Branch is investigating the conspiracy and arms supply chain, with arrests made and further questioning underway, while Tiger Shroff's management warns against spreading false information related to the case.