ക്ഷേത്രങ്ങളിലെ കവർച്ച: പ്രതി പിടിയിൽ, പഞ്ചലോഹത്തിടമ്പ് ഉൾപ്പെടെ വീണ്ടെടുത്തു

പേരാമംഗലം: ചിറ്റിലപ്പിള്ളിയിലെ രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ പ്രതിയെ പോലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശി ബിശ്വജിത്ത് ബയേൻ (30) ആണ് പേരാമംഗലം പോലീസിന്റെ പിടിയിലായത്.
ചിറ്റിലപ്പിള്ളി പഴമ്പുഴ ശ്രീമഹാവിഷ്ണുക്ഷേത്രം, പണിക്കപ്പറമ്പ് കുടുംബക്ഷേത്രം എന്നിവിടങ്ങളിലാണ് ശനിയാഴ്ച പുലർച്ചെ കവർച്ച നടന്നത്. പഴമ്പുഴ ശ്രീമഹാവിഷ്ണുക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച പഞ്ചലോഹത്തിടമ്പ്, പ്രഭാമണ്ഡലം, വെള്ളി ആഭരണങ്ങൾ എന്നിവ പോലീസ് വീണ്ടെടുത്തു. സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാനും നഷ്ടപ്പെട്ട സാധനങ്ങൾ തിരിച്ചുപിടിക്കാനും പോലീസിന് സാധിച്ചു.
പണിക്കപ്പറമ്പ് കുടുംബക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഇയാൾ മോഷ്ടിച്ചത്. പഞ്ചലോഹത്തിടമ്പ്, പ്രഭാമണ്ഡലം, വെള്ളി ആഭരണങ്ങൾ എന്നിവ പ്രതിയുടെ വീട്ടിൽനിന്നും ഭണ്ഡാരം ഇയാൾ താമസിക്കുന്നതിന് സമീപമുള്ള പാടത്തുനിന്നുമാണ് കണ്ടെടുത്തത്.
11-നു പുലർച്ചെ രണ്ടുമണിയോടെയാണ് മോഷണം. കയറിയ ഉടനെ മോഷ്ടാവ് സിസിടിവി കേടാക്കിയിരുന്നു. എന്നാൽ, ക്ഷേത്രത്തിനടുത്തേക്ക് ഒരാൾ സൈക്കിളിൽ വരുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു. 10 മിനിറ്റിനുള്ളിൽ അടുത്ത ക്ഷേത്രത്തിലും ഇയാൾ മോഷണം നടത്തി. മോഷണം നടത്തുന്നതിനുമുമ്പ് പ്രതി ഇതുവഴി വന്നിട്ടുണ്ടാകാമെന്ന നിഗമനമാണ് കേസ് തെളിയിച്ചത്.
ക്ഷേത്രത്തിലെ അറ്റകുറ്റപ്പണികൾക്കായി വന്ന മറുനാടൻ തൊഴിലാളിയുടെയും മോഷ്ടാവിന്റെയും സൈക്കിളിൽ തോന്നിയ സാമ്യവും കേസ് തെളിയിക്കാൻ സഹായിച്ചു. എസിപി കെ.ജി. സുരേഷ്, പേരാമംഗലം എസ്എച്ച്ഒ കെ.സി. രതീഷ്, എസ്.ഐ. അശോക്കുമാർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ശ്രീദേവി, സീനിയർ സിപിഒ കൃഷ്ണകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകുമാർ, രജിത്ത്, അജിത്ത്, ഷിബിൻ, കിരൺ, ബിനു റിച്ചാർഡ്, എസിപിയുടെ അന്വേഷണസംഘത്തിലെ അംഗങ്ങളായ പി. ഹരീഷ്കുമാർ, വി.ബി. ദീപക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Content Highlights: Thrissur police swiftly apprehended a West Bengal native for a daring temple robbery in Chittilappilly