'ഭാര്യയെ ഓട്ടുവിളക്കുകൊണ്ട് തലയ്ക്കടിച്ചശേഷം ഭർത്താവ് സ്വയം കഴുത്തുമുറിച്ചു'; ദമ്പതിമാർ മരിച്ചനിലയിൽ

#ന്യൂസ് ഡെസ്ക്
സന്തോഷ്, ഷിനി
സന്തോഷ്, ഷിനി

കിഴുപ്പിള്ളിക്കര(തൃശ്ശൂർ): താന്ന്യം കിഴുപ്പിള്ളിക്കരയിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ചനിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിനു സമീപം കാട്ടുതിണ്ടിയിൽ സന്തോഷ്(59), ഭാര്യ ഷിനി(52) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

വെള്ളിയാഴ്ച രാവിലെ 11.30-ന് മകൻ വീട്ടിലെത്തിയപ്പോൾ വാതിൽ തുറന്നില്ല. പിൻവാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് അടുക്കളയിൽ ഇരുവരെയും രക്തത്തിൽക്കുളിച്ച് മരിച്ചനിലയിൽ കണ്ടത്.

മുറിയാകെ രക്തം തളംകെട്ടിക്കിടന്നിരുന്നു. ഭാര്യയെ ഓട്ടുവിളക്കുകൊണ്ട് തലയ്ക്കടിച്ചശേഷം സന്തോഷ് കത്തികൊണ്ട് സ്വയം കഴുത്തുമുറിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. മരിച്ചുകിടന്ന സന്തോഷിന്റെ സമീപത്തുനിന്ന് കത്തി കണ്ടെത്തിയിട്ടുണ്ട്.

അന്തിക്കാട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഉൾപ്പെടെയുള്ള പോലീസുദ്യോഗസ്ഥരും ഫൊറൻസിക് വിദഗ്ധരും ഡോഗ്‌സ്ക്വാഡും സ്ഥലത്തെത്തി. തൃശ്ശൂരിൽ ഇലക്‌ട്രോണിക്സ് സ്ഥാപനം നടത്തിവരുകയായിരുന്നു സന്തോഷും ഷിനിയും. മക്കൾ: സ്വാതിലക്ഷ്മി, വിഷ്ണു. മരുമകൻ: റിയാസ്.