കുക്കർ വിസിലടിച്ചപ്പോൾ കഞ്ചാവ് മണം, പോലീസ് ചോറിൽ കൈയിട്ട് പരതിയപ്പോൾ 400 ഗ്രാം കഞ്ചാവ്; അറസ്റ്റ്

തൃശ്ശൂർ: കുക്കറിലെ ചോറിൽ കഞ്ചാവ് ഒളിപ്പിച്ച യുവാവ് പിടിയിൽ . ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള പരിശോധനയിലാണ് അടുപ്പൂട്ടി സ്വദേശിയായ തെങ്ങിങ്കൽ വീട്ടിൽ ബിനീഷിനെ പോലീസ് പിടികൂടിയത്.
ബിനീഷിന്റെ വീട്ടിൽ കഞ്ചാവ് ഉണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന നടത്തിയത്. കുന്നംകുളം പോലീസും ഡാൻസാഫ് സംഘവുമാണ് പരിശോധനയ്ക്കെത്തിയത്. പോലീസ് വീട്ടിലെത്തി എന്ന് മനസ്സിലാക്കിയ ബിനീഷ് 400 ഗ്രാം കഞ്ചാവ് കുക്കറിനുള്ളിൽ വെക്കുകയും തുടർന്ന് അരി അതിന് മുകളിലേക്കിട്ട് അടുപ്പിൽ വെക്കുകയുമായിരുന്നു.
പോലീസ് എല്ലായിടത്തും പരിശോധന നടത്തിയെങ്കിലും കഞ്ചാവ് കണ്ടെത്താനായില്ല. ഇതിനിടയിലാണ് അടുക്കളയിൽ നിന്ന് അരിതിളച്ച് കുക്കർ വിസിലടിച്ചത്. കുക്കറിൽ നിന്ന് പുറത്തുവന്നതാകട്ടെ കഞ്ചാവിന്റെ ഗന്ധവും. തുടർന്ന് പോലീസിന് സംശയം തോന്നുകയും കുക്കർ തുറന്ന് പരിശോധിക്കുകയുമായിരുന്നു.
നേരത്തെയും സമാനമായ കേസിൽ ബിനീഷ് കേസുകളിൽ പ്രതിയാണ്. എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.
Content Highlights: Police recovered 400 grams of Ganja hidden inside a pressure cooker during a raid., The suspect, Binish, attempted to conceal the drugs by cooking rice over them., The distinctive smell of Ganja escaping the cooker led police to the discovery., The raid was conducted under 'Operation Toofan' in the Kunnamkulam area., The accused has a history of criminal involvement, including assaulting excise officers.