ദേശീയപാതയോരത്ത് ലഹരിക്കച്ചവടം; മൂന്നുപേരെ ഒന്നരക്കിലോ കഞ്ചാവുമായി പിടികൂടി

വിഴിഞ്ഞം: കഴക്കൂട്ടം കാരോട് ദേശീയപാതയോരത്ത് കഞ്ചാവ് പൊതികൾ കൈമാറാൻ ശ്രമിച്ച മൂന്നുപേരെ അറസ്റ്റുചെയ്തു. വിഴിഞ്ഞം ഹാർബർ റോഡ് വലിയവിളയിൽ റസ്ലിഫ് ഖാൻ( 46), ഇയാളുടെ സുഹ്യത്തുക്കളായ പെരുമ്പഴുതൂർ പൊറ്റവിള സ്വദേശി ബ്രിട്ടോ വി.ലാൽ (39), മാറനല്ലൂർ റസൽപുരത്ത് പിണങ്ങോട്ടുകുഴി വീട്ടിൽ ബിജോയ് (22) എന്നിവരാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ കഴക്കൂട്ടം കാരോട് ദേശീയപാതയിലെ കല്ലുവെട്ടാൻ കുഴിഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് ഒന്നരക്കിലോ തൂക്കം വരുന്ന കഞ്ചാവ് പിടിച്ചെടുത്തു. കച്ചവടക്കാരനും കേസിലെ ഒന്നാം പ്രതിയുമായ റസ്ലിഫ് ഖാന് നൽകുന്നതിനായിരുന്നു മറ്റ് രണ്ട് പ്രതികൾ കഞ്ചാവ് എത്തിച്ചത്.
ദേശീയപാതയോരത്തെ സർവ്വീസ് റോഡുകളും പ്രധാനപാതയും കേന്ദ്രീകരിച്ച് രാത്രികാലങ്ങളിൽ കഞ്ചാവുൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വിൽപ്പന വ്യാപകമായി നടക്കുന്നതായുള്ള വിവരം സിറ്റി ഷാഡോ പോലീസിനും വിഴിഞ്ഞം പോലീസിനും ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ വിഴിഞ്ഞം എസ്.ഐ. എം. പ്രശാന്ത്, ഗ്രേഡ് എസ്.ഐ. സതികുമാർ, എസ്.സി.പി.ഒ. ഗോഡ്‌വിൻ, സി.പി.ഒ. ഷിജു എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Highlights: three arrested while selling ganja in kazhakoottam