4 ജീവിതങ്ങളെ തകിടംമറിച്ച കൊലപാതകം;ശിക്ഷ,കുറ്റവിമുക്തര്‍, പതിറ്റാണ്ടുകള്‍ക്ക് ശേഷം നഷ്ടപരിഹാരം

#എം.ബി. ബാബു
ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ എടുത്ത ചിത്രം (മുകളില്‍), താഴെ വി.ജി.ബിജു, ആര്‍.വി.റഫീഖ്, ടി.എം.ബാബുരാജ് എന്നിവര്‍ |ഫോട്ടോ:മാതൃഭൂമി
ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ എടുത്ത ചിത്രം (മുകളില്‍), താഴെ വി.ജി.ബിജു, ആര്‍.വി.റഫീഖ്, ടി.എം.ബാബുരാജ് എന്നിവര്‍ |ഫോട്ടോ:മാതൃഭൂമി

ആര്‍.എസ്.എസ്. പ്രവര്‍ത്തകനായിരുന്ന തൃശ്ശൂര്‍ തൊഴിയൂരിലെ സുനില്‍കുമാറിനെ വെട്ടിക്കൊന്ന കേസില്‍ തെറ്റായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് പോലീസുകാരില്‍ പണം ഈടാക്കി നഷ്ടപരിഹാരം നല്‍കുന്നതിന് ഒടുവില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുകയാണ്. മൂന്ന് പതിറ്റാണ്ടോളമായി നടത്തിയ നിയമ പോരട്ടങ്ങള്‍ക്കൊടുവിലാണ് ഇത് സാധ്യമായിരിക്കുന്നത്. ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപ വീതം നല്‍കാനാണ് ഉത്തരവ്. 

ഒരു രാഷ്ട്രീയ കൊലപാതകം ആത്മസുഹൃത്തുക്കളായ കുറച്ച് ചെറുപ്പാക്കരുടെ ജീവിതം മാറ്റിമറിച്ചതിന്റെ കഥയാണിത്. ഒരു തെറ്റുംചെയ്യാത്ത ഈ കൂട്ടുകാര്‍ ക്രൂരമായ ശിക്ഷ ഏറ്റുവാങ്ങി.ശിക്ഷക്കപ്പെട്ടവര്‍ മാത്രമല്ല അവരുടെ ബന്ധുക്കളും ദുരിതം സഹിക്കേണ്ടി വന്നു. ഒടുവില്‍ ദൈവതുല്യനായി ഒരു അഭിഭാഷകന്‍ അവര്‍ക്കുമുന്നില്‍ വന്നു. ഫീസ് പോലും വാങ്ങാതെ കേസ് വാദിച്ചു. അഡ്വ.കെ.കുഞ്ഞിരാമമേനോന്‍. കുഞ്ഞിരാമമേനോന്റെ വാദത്തില്‍ യുവാക്കളുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടു. നമ്മുടെ പോലീസ് സംവിധാനത്തിന്റെയും കേസന്വേഷണങ്ങളുടെയും ഇരുണ്ട മറുപുറം തുറന്നുകാട്ടുന്നതുകൂടിയാണ് ഈ അനുഭവാഖ്യാനം....(2025-ഏപ്രില്‍ ആറിന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)


4 ജീവിതങ്ങളെ തകിടംമറിച്ച കൊലപാതകം


1997 ഒക്ടോബര്‍ 12. കോഴിക്കോട്ട് ചാലപ്പുറത്തെ അമ്പാട്ട് വീടിനുമുന്നില്‍ അംബാസഡര്‍ കാര്‍ എത്തുമ്പോള്‍ സമയം വൈകീട്ട് ആറര. കാറില്‍നിന്നിറങ്ങിയ നാലു യുവാക്കള്‍ ആ വീട്ടിലേക്ക് കയറണോയെന്ന് ശങ്കിച്ചുനിന്നു. അപ്പോള്‍ വീടിന്റെ അകത്തുനിന്ന് ഒരു ചോദ്യം കേട്ടു -'ആരെയാണ് കാണേണ്ടത്?'
'കുഞ്ഞിരാമമേനോന്‍ വക്കീലിനെ' -എന്നായിരുന്നു യുവാക്കളിലൊരാളുടെ ഇത്തരം. അതുകേട്ടയുടന്‍ വീട്ടില്‍നിന്ന് മറുപടിയെത്തി -'ഞാനാണ് ആ വക്കീല്‍. അകത്തേക്ക് പോന്നോളൂ'

94 വയസ്സുള്ള അഡ്വക്കേറ്റ് കുഞ്ഞിരാമമേനോന്‍ ഒരു കസേരയിലിരുന്നു. എതിരിലെ സോഫയില്‍ നാലു യുവാക്കളും. അവര്‍ പറഞ്ഞു:
''എറണാകുളത്തെ ഹൃദിക് വക്കീല്‍ പറഞ്ഞിട്ടാണ് വരുന്നത്. ഞങ്ങള്‍ ചാവക്കാടിനടുത്ത മുതുവട്ടൂര്‍ ഗ്രാമത്തിലുള്ളവരാണ്. പേര് ബിജു, ബാബുരാജ്, റഫീഖ്, ഹരിദാസന്‍''  

നാലുപേരും ഒരു മത-രാഷ്ട്രീയ കൊലപാതകക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടവരാണ്. ജാമ്യത്തിലിറങ്ങിയതാണ്. ഹൈക്കോടതിയില്‍ അപ്പീല്‍പോകാന്‍ സേവനംതേടി എത്തിയതായിരുന്നു. കേസിന്റെ പ്രസക്തഭാഗങ്ങള്‍ അഡ്വ. കുഞ്ഞിരാമമേനോന്‍ ചോദിച്ചറിഞ്ഞു. എന്നിട്ട് ചോദിച്ചു:
'നിങ്ങളല്ല കുറ്റക്കാരെന്ന് ഉറപ്പല്ലേ' അതേയെന്ന് നാല്‍വരും ഒരുമിച്ച് പറഞ്ഞു.
 അടുത്ത ചോദ്യം-
'ഞാന്‍ വക്കാലത്തെടുത്താല്‍ ജയിക്കുമെന്ന് നിങ്ങള്‍ക്കുറപ്പുണ്ടോ'
 ഉണ്ടെന്ന മറുപടികേട്ട് അഡ്വ. കുഞ്ഞിരാമമേനോന്‍ വീടിനകത്തേക്ക് പോയി. നല്ല വേഷമിട്ട് കൈയില്‍ ചെറിയ സ്യൂട്ട്കേസുമായി പുറത്തുവന്നു. എന്നിട്ട് പറഞ്ഞു-
'നമുക്ക് ഇപ്പോള്‍ത്തന്നെ പുറപ്പെടാം. രാത്രിയാണെന്നതൊന്നും കാര്യമാക്കേണ്ട. നാളെ രാവിലെതന്നെ അപ്പീല്‍ ഫയല്‍ചെയ്യണം'
കാറിലായിരുന്നു യാത്ര. യാത്രയ്ക്കിടെ ബാബുരാജ് ചോദിച്ചു: 
'ഫീസ് എത്രയാണെന്ന് പറഞ്ഞില്ല'
'ഈ കാറിന്റെ വാടക നിങ്ങള്‍ കൊടുക്കണം. കേസ് നടത്തുന്ന ദിവസങ്ങളില്‍ എനിക്ക് അല്പം ഭക്ഷണംവാങ്ങിത്തരണം. പറ്റുമെങ്കില്‍ താമസിക്കാനൊരിടവും വേണം. അതാണ് എന്റെ ഫീസ്' -കുഞ്ഞിരാമമേനോന്‍ പറഞ്ഞു.

കാറിലിരുന്ന് അദ്ദേഹം കൊലപാതകക്കേസിനെപ്പറ്റി വിശദമായി ചോദിച്ചു. അവര്‍ അക്കഥ പറഞ്ഞു:  1994 ഡിസംബര്‍ രണ്ട്. മുതുവട്ടൂര്‍ ഗ്രാമത്തില്‍ അന്നൊരു വിവാഹനിശ്ചയം നടന്നു. ഓട്ടോത്തൊഴിലാളിയായ വാകയില്‍ വീട്ടില്‍ ബിജുവിന്റെ വിവാഹം ഉറപ്പിച്ചു. ചടങ്ങുകഴിഞ്ഞ് ബന്ധുക്കളും അയല്‍ക്കാരും മടങ്ങി. കൂട്ടുകാരായ പത്തു യുവാക്കള്‍മാത്രം ആ കൊച്ചുവീട്ടില്‍ വൈകീട്ടുവരെ സൊറപറഞ്ഞിരുന്നു. എട്ടുപേര്‍ മുതുവട്ടൂര്‍ക്കാരാണ്. ഗുരുവായൂരില്‍ ടാക്‌സിഡ്രൈവറായ ജോയ്, തൃശ്ശൂരില്‍ ചുമട്ടുതൊഴിലാളിയായ ജയ്സണ്‍ എന്നിവര്‍ തൃശ്ശൂര്‍ പാലയ്ക്കല്‍ സ്വദേശികളും. വൈകീട്ട് ജോയിയും ജയ്സണും യാത്രപറഞ്ഞുപോയി. കുറച്ചുകഴിഞ്ഞ് ബാക്കിയുള്ളവരും പിരിയാനൊരുങ്ങിയപ്പോള്‍ സംഘത്തിലെ റഫീഖ് പറഞ്ഞു:

'ഞാനും ഒരു പ്രണയവിവാഹത്തിന് തയ്യാറെടുക്കുകയാണ്. ഷാജിത എന്നാണ് പ്രണയിനിയുടെ പേര്. എനിക്ക് ജോലികിട്ടുംവരെ, അല്ലെങ്കില്‍ എത്രകാലം വേണമെങ്കിലും അവള്‍ കാത്തിരിക്കും. നിങ്ങളെല്ലാം കൂടെയുണ്ടാകണം.'
 ഞങ്ങളെല്ലാം ഒപ്പമുണ്ടെന്ന് ഉറപ്പുനല്‍കി കൂട്ടുകാര്‍ രാത്രിയോടെ യാത്രപറഞ്ഞു.
 പിറ്റേന്ന് നേരംപുലരുംമുന്നേ ഒരാള്‍ സൈക്കിളില്‍ പാഞ്ഞെത്തി ബാബുരാജിനെ വിളിച്ചുണര്‍ത്തിപ്പറഞ്ഞു: 
'ജോയിയെ ആരോ വെട്ടി. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണുള്ളത്. ജയ്സണെയും വെട്ടാന്‍ശ്രമിച്ചു. പക്ഷേ, അവന്‍ ഓടിരക്ഷപ്പെട്ടു'

മുതുവട്ടൂര്‍ കൂട്ടുകാര്‍ രണ്ട് ഓട്ടോറിക്ഷകളിലായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് പാഞ്ഞു. തൃശ്ശൂര്‍ നഗരത്തിലാണ് മെഡിക്കല്‍ കോളേജ്. ശരീരമാസകലം വെട്ടേറ്റ് ചികിത്സയിലാണ് ജോയ്. ജയ്സണ്‍ അവിടെ സഹായിയായി നില്‍പ്പുണ്ടായിരുന്നു.

സിപിഎമ്മിന്റെ തീവ്ര അനുഭാവിയും പ്രവര്‍ത്തകനുമായ ജോയിയെ ആര്‍എസ്എസുകാരാണ് വെട്ടിയതെന്ന വാര്‍ത്ത പടര്‍ന്നു. പക്ഷേ, മുതുവട്ടൂര്‍ കൂട്ടുകാര്‍ അതിനെപ്പറ്റി സംസാരിച്ചില്ല. കാരണം, ഈ കൂട്ടുകാരിലെ അബൂബക്കറും ജെയിംസും കോണ്‍ഗ്രസുകാരാണ്. ബിജുവും ബാബുരാജും സിപിഎം അംഗത്വമുള്ളവരാണ്. രാഷ്ട്രീയമില്ലാത്ത റഫീഖും ഹരിദാസനുമുണ്ട്.  

ജോയിയുടെ നില ഗുരുതരമാണ്. അതിനാല്‍ ആരും അന്ന് വീട്ടിലേക്ക് മടങ്ങിയില്ല. ആശുപത്രിവരാന്തയില്‍ ഉറക്കമിളച്ചിരുന്നു. പിറ്റേന്ന് രാവിലെ നാലുമണിയോടെ ഒരു കാറിലും ഒരു ടെമ്പോവാനിലുമായി അഞ്ചാറുപേരെ, ശരീരമാസകലം വെട്ടേറ്റ് ചോരയൊലിക്കുന്നനിലയില്‍ ആശുപത്രിയിലെത്തിച്ചു. അവരെ വാഹനങ്ങളില്‍നിന്നിറക്കാനും ആശുപത്രിയിലെ കിടക്കയിലേക്ക് മാറ്റാനും മുതുവട്ടൂര്‍ കൂട്ടുകാര്‍ മുന്‍കൈയെടുത്തു. തൊഴിയൂരിലെ ആര്‍എസ്എസ് കാര്യവാഹകായ സുനിലിനും  കുടുംബാംഗങ്ങള്‍ക്കുമാണ് വെട്ടേറ്റത്. സുനില്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും മരിച്ചു. സഹോദരന്‍ സുബ്രഹ്‌മണ്യന്റെ ഇടതുകൈ വെട്ടേറ്റ് അറ്റുപോയത് വേറെ എടുത്തുകൊണ്ടുവരുകയായിരുന്നു. സുനിലിന്റെ അച്ഛന്‍, അമ്മ, പെങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കും വെട്ടേറ്റിരുന്നു.
 പരിക്കേറ്റവരെ വാഹനങ്ങളില്‍ ആശുപത്രിയിലെത്തിച്ചത് പ്രാദേശിക ആര്‍എസ്എസ്-ബിജെപി നേതാക്കളായിരുന്നു. അവര്‍ക്ക് ഈ മുതുവട്ടൂര്‍ കൂട്ടുകാരുമായി പരിചയമുണ്ടായിരുന്നു. അവര്‍ അവിടെവെച്ച് പരസ്പരം സംസാരിച്ചു. കാര്യങ്ങള്‍ തിരക്കി. സങ്കടം പങ്കിട്ടു.
 അന്ന് രാവിലെ ജയ്സണ്‍ വീട്ടില്‍പോയി കുളിച്ച് ക്ഷീണംമാറ്റി തിരിച്ചെത്തി. എന്നിട്ട് മറ്റുള്ളവരോട് പറഞ്ഞു:
'ഇവിടെ ഞാന്‍ നിന്നുകൊള്ളാം. നിങ്ങള്‍ വീട്ടില്‍പോയി കുറച്ച് ഉറങ്ങിയിട്ട് വന്നാല്‍മതി'

മുതുവട്ടൂര്‍സംഘം നാട്ടിലേക്കുമടങ്ങി. വൈകീട്ട്, ഇവരില്‍ നാലുപേര്‍ ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളേജിലേക്ക് പുറപ്പെടാനൊരുങ്ങവേ, അജ്ഞാതനായ ഒരു വ്യക്തി അവരുടെ മുന്നിലെത്തി. അയാള്‍ പറഞ്ഞു: 'തൊഴിയൂരിലെ സുനിലിനെ വെട്ടിക്കൊന്നത് നിങ്ങളാണെന്ന് പറഞ്ഞ് പോലീസ് നിങ്ങളെ പിടികൂടാനൊരുങ്ങുകയാണ്. ജോയിയെ ആര്‍എസ്എസുകാര്‍ വെട്ടിയതിന് പകരമായി നിങ്ങളാണ് സുനിലിനെ വെട്ടിയതെന്നാണ് പോലീസ് പറയുന്നത്.  ജയ്സണെയും ജെയിംസിനെയും പോലീസ് പിടിച്ചു. അതുകൊണ്ട് ഉചിതംപോലെ ചെയ്യുക.'
 സിപിഎം അംഗത്വമുള്ള ബിജുവും ബാബുരാജും പാര്‍ട്ടിയുടെ സഹായംതേടിയെങ്കിലും മറുപടി ഇങ്ങനെയായിരുന്നു
-'കൊലയ്ക്ക് പകരം കൊല എന്നത് പാര്‍ട്ടി നയം അല്ല. നിങ്ങളുടെ പ്രവൃത്തി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. അതിനാല്‍ സഹായിക്കാന്‍പറ്റില്ല.'
 ഒളിവില്‍പ്പോകുകയായിരുന്നു ഏകവഴി. ബിജു, ബാബുരാജ്, റഫീഖ്, ഹരിദാസന്‍ എന്നിവര്‍ കൂലിപ്പണിക്കാരായി ചമഞ്ഞ് തൃത്താലയ്ക്കടുത്ത് കൂടല്ലൂരില്‍ വാടകവീട്ടില്‍ ഒളിവില്‍ താമസിച്ചു.  കൈയില്‍ പണമില്ല. പട്ടിണിയും സങ്കടങ്ങളുമായി രണ്ടുമാസം കഴിഞ്ഞു. അബൂബക്കറും സുബ്രഹ്‌മണ്യനും എറണാകുളത്താണ് ഒളിവിലുള്ളത്. ഷമീര്‍ എവിടേക്കോ പോയി.

അഡ്വ. കെ. കുഞ്ഞിരാമമേനോൻ,കൊല്ലപ്പെട്ട സുനിൽ

ഗുരുവായൂര്‍ പോലീസ് പ്രതിപ്പട്ടിക തയ്യാറാക്കി:

ഒന്നാം പ്രതി: വാകയില്‍ വീട്ടില്‍ വി.ജി. ബിജു-ഓട്ടോഡ്രൈവര്‍
രണ്ടാം പ്രതി: രായമരക്കാര്‍ വീട്ടില്‍ ആര്‍.വി. റഫീഖ്, തൊഴിലന്വേഷി
മൂന്നാം പ്രതി: ഷമീര്‍-പ്രതിയെപ്പറ്റി വിവരങ്ങള്‍ ലഭ്യമല്ല
നാലാം പ്രതി: തൈക്കാടന്‍ ടി.എം. ബാബുരാജന്‍-ബസ് കണ്ടക്ടര്‍
അഞ്ചാം പ്രതി: കല്ലിങ്ങപ്പറമ്പില്‍ തുപ്രാടന്‍ ഹരിദാസന്‍, ഓട്ടോഡ്രൈവര്‍
ആറാം പ്രതി: മത്രംകോട്ടില്‍ സുബ്രഹ്‌മണ്യന്‍, വാര്‍ക്കപ്പണിക്കാരന്‍
ഏഴാം പ്രതി: കരിക്കലകത്ത് വീട്ടില്‍ അബൂബക്കര്‍, റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍
എട്ടാം പ്രതി: ആളൂര്‍ വീട്ടില്‍ ജെയിംസ്, ഗുരുവായൂരില്‍ വാഴയിലക്കച്ചവടം
ഒന്‍പതാം പ്രതി: പാലയ്ക്കല്‍ മൂലയ്ക്കല്‍ വീട്ടില്‍ ജയ്സണ്‍, ചുമട്ടുതൊഴിലാളി
കൂടെ, കണ്ടാലറിയാവുന്ന രണ്ടുപേരെയും പ്രതിചേര്‍ത്തു.

എട്ടുപേരും ഒളിവില്‍പ്പോയതോടെ പോലീസ് നരനായാട്ട് തുടങ്ങി. രാപകലില്ലാതെ എട്ടുപേരുടെയും വീടുകളിലും ബന്ധുവീടുകളിലും കയറിയിറങ്ങി. സ്ത്രീകളെ പുലഭ്യം പറഞ്ഞു. പുരുഷന്‍മാരെ രാവിലെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വൈകീട്ടുവരെ അവിടെനിര്‍ത്തി ശിക്ഷിച്ചു. പ്രതികളെ ആരെങ്കിലും സഹായിച്ചാല്‍ അവരെ, കണ്ടാലറിയാവുന്ന രണ്ടു പ്രതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. കൂടല്ലൂരിലെ ഒളിവുജീവിതം രണ്ടുമാസം പൂര്‍ത്തിയാകവേ, അവിടേക്ക് പരിചിതനായ ഒരാളെത്തി. ഒളിവില്‍ക്കഴിയുന്ന നാലുപേര്‍ക്കും കേട്ടുപരിചയമുള്ള കുഞ്ഞൂട്ടിയായിരുന്നു അത്.
കുഞ്ഞൂട്ടി പറഞ്ഞു: 
'നിങ്ങളെ സഹായിക്കാന്‍വന്നതാണ് ഞാന്‍. കേസിന്റെ കാര്യം  പോലീസുകാരുമായി സംസാരിച്ചു. 50,000 രൂപ കൊടുത്താല്‍ ഒന്‍പതുപേരെയും കേസില്‍നിന്ന് ഒഴിവാക്കാമെന്നാണ് പോലീസ് ഉറപ്പുതന്നിരിക്കുന്നത്. പണം കൊടുത്തുകഴിഞ്ഞാല്‍ നിങ്ങള്‍ പോലീസില്‍ കീഴടങ്ങണം. അവര്‍ ഒന്നോ രണ്ടോ ദിവസം ചോദ്യംചെയ്യുന്നതായി ഭാവിക്കും. പിന്നീട് നിങ്ങള്‍ കുറ്റക്കാരല്ലെന്നുപറഞ്ഞ് വിട്ടയക്കും.'
 പ്രതികളുടെ വീട്ടുകാര്‍ചേര്‍ന്ന് കുഞ്ഞൂട്ടിക്ക് പണംനല്‍കി. ഷമീര്‍ ഒഴികെ ആറ് പ്രതികളും ഗുരുവായൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എല്ലാവരെയും അടിവസ്ത്രംമാത്രം ധരിപ്പിച്ച് പോലീസ് നിരത്തിനിര്‍ത്തി. അവിടേക്കെത്തിയ കുഞ്ഞൂട്ടി പ്രതികളെ നോക്കി കണ്ണിറുക്കി. പോലീസിനെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ചു.

പോലീസ് പറഞ്ഞു:
'നന്ദിയുണ്ട് കുഞ്ഞൂട്ടി. കിട്ടിയത് മുഴുവന്‍ കുഞ്ഞൂട്ടി എടുത്തോ, ഈ സഹായത്തിനുള്ള പ്രതിഫലം'
 തുടര്‍ച്ചയായ 11 നാള്‍ ഏഴുപേരും നേരിട്ടത് ക്രൂരമര്‍ദനം. കുളിക്കാനോ പ്രാഥമികകാര്യങ്ങള്‍ നിറവേറ്റാനോപോലും  അനുവദിച്ചില്ല. ആവശ്യത്തിന് ഭക്ഷണവും നല്‍കിയില്ല. പന്ത്രണ്ടാം നാള്‍ ചാവക്കാട് കോടതിയില്‍ ഹാജരാക്കി. മൂന്നുമാസം ചാവക്കാട് സബ്ജയിലില്‍ ഏഴുപേരും റിമാന്‍ഡ് തടവുകാരായി കഴിഞ്ഞു. അവിടെ ജയ്സണും ഉണ്ടായിരുന്നു.

ജാമ്യംകിട്ടി പുറത്തിറങ്ങിയപ്പോള്‍ എല്ലാവര്‍ക്കും ഭീതിയായിരുന്നു. കാര്യവാഹകിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളോട് ആര്‍എസ്എസുകാര്‍ പകപോക്കുമോയെന്ന പേടിയായിരുന്നു. പക്ഷേ, അപ്രതീക്ഷിതസംഭവങ്ങള്‍ ഉണ്ടായി. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ.ജി. മാരാര്‍ പ്രതികള്‍ക്ക് അനുകൂല പരസ്യപ്രസംഗവും പ്രസ്താവനകളുമായി രംഗത്തെത്തി. തൊഴിയൂര്‍ സുനിലിനെ വധിച്ച കേസിലെ യഥാര്‍ഥപ്രതികളയല്ല പോലീസ് പിടിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ബിജെപി നേതാവായ പി.എസ്. ശ്രീധരന്‍പിള്ളയും ഈ നിലപാട് തുടര്‍ന്നു. അതോടെ സിപിഎമ്മും പ്രതികള്‍ക്ക് പരോക്ഷ പിന്തുണനല്‍കി.

സിപിഎം-ആര്‍എസ്എസ് പകപോക്കല്‍ എന്ന് പോലീസ് മുദ്രകുത്തിയ തൊഴിയൂര്‍ സുനില്‍ വധക്കേസില്‍, ജെയിംസ്, അബൂബക്കര്‍ എന്നീ രണ്ടു കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പ്രതികളാക്കി. അതിന് കാരണമുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ ഭരണമായിരുന്നു അപ്പോള്‍. തിരുത്തല്‍വാദിയായിരുന്ന ജെയിംസ്, പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ പ്രസംഗത്തിനിടെ കൂവിവിളിച്ചതിന് നേതാവിന്റെ നോട്ടപ്പുള്ളിയായി. റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ മുന്നേറുന്ന അബൂബക്കര്‍ ഇതേ ഇടപാടുകാരനായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവിന് തലവേദനയുമായി. കോണ്‍ഗ്രസ് നേതാക്കള്‍ക്കുവേണ്ടി ഇവരെയും ബലിയാടാക്കി.
  1997 മാര്‍ച്ച് 27-ന് തൃശ്ശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി, തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ ശിക്ഷവിധിച്ചു. ബിജു, ബാബുരാജ്, റഫീഖ്, ഹരിദാസന്‍ എന്നിവരെ ജീവപര്യന്തം തടവിനും ഒരുലക്ഷം രൂപവീതം പിഴയൊടുക്കാനും ശിക്ഷിച്ചു. മറ്റ് നാലുപേരെ കുറ്റവിമുക്തരാക്കി. ഷമീര്‍ പിടികിട്ടാപ്പുള്ളിയായി കഴിഞ്ഞു.

വലിയ ഫീസ് വാങ്ങി വക്കാലത്തെടുത്ത പ്രഗല്ഭ അഭിഭാഷകന്‍പോലും പോലീസിനെ സഹായിക്കുംവിധം വാദിച്ചതുകണ്ട് പ്രതികള്‍ അമ്പരന്നു. പ്രതികളായ നാലുപേര്‍ സുനിലിന്റെ വീട്ടിലേക്ക് തിളങ്ങുന്ന വാളുമായി പോകുന്നത് നിലാവെളിച്ചത്തില്‍ കണ്ടെന്നായിരുന്നു സാക്ഷിമൊഴിയും പോലീസിന്റെ വാദവും. സംഭവം നടന്ന ദിവസം അമാവാസിയായിരുന്നെന്നുപോലും പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചില്ല.

ശിക്ഷവിധിച്ചതില്‍ പ്രതിഷേധിച്ച് അന്ന് ചാവക്കാട്ടെ ജനത ഹര്‍ത്താലാചരിച്ചു. ആരും ആഹ്വാനംചെയ്യാത്ത ഹര്‍ത്താല്‍. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം.
 നാലുകുറ്റവാളികളും രണ്ടുദിവസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലും പിന്നീട് ആറുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും തടവുശിക്ഷ അനുഭവിച്ചു. പിന്നീട് ജാമ്യത്തിലിറങ്ങി. ഹൈക്കോടതിയില്‍ പോകാന്‍ പണമില്ല. എങ്കിലും പ്രതീക്ഷയോടെ പല അഭിഭാഷകരെ സമീപിച്ചു. ചിലര്‍ നിരുത്സാഹപ്പെടുത്തി. മറ്റു ചിലര്‍ വന്‍തുക ഫീസായി ആവശ്യപ്പെട്ടു. വധക്കേസില്‍ കുറ്റവാളിയായതോടെ ബിജുവിന്റെ വിവാഹം മുടങ്ങി. ബാബുരാജിന്റെ സഹോദരിയുടെ വിവാഹം ഉറപ്പിച്ചതില്‍നിന്ന് വരന്റെ വീട്ടുകാര്‍ പിന്മാറി. അതോടെ അമ്മ ഹൃദയാഘാതംവന്ന് കിടപ്പിലായി. പോലീസിന്റെ ക്രൂരമര്‍ദനമേറ്റ ഹരിദാസന്‍ കടുത്ത ക്ഷയരോഗിയായി. മകനെ ശിക്ഷിച്ചതറിഞ്ഞ് വിദേശത്തുനിന്ന്  നാട്ടിലെത്തിയ റഫീഖിന്റെ പിതാവ് മുഹമ്മദാലിക്ക് ജോലി നഷ്ടപ്പെട്ടു. ഫീസ് കുറവുള്ള അഭിഭാഷകരെ തേടിയുള്ള നാല്‍വര്‍സംഘത്തിന്റെ യാത്ര എറണാകുളത്തെത്തി. അവിടെയുണ്ടായിരുന്ന ഹൃദിക് വക്കീലാണ്  (പ്രശസ്ത കഥാകൃത്ത് സി.വി. ശ്രീരാമന്റെ മകന്‍) കോഴിക്കോട്ടെ  കുഞ്ഞിരാമമേനോനെ കാണാന്‍ പറഞ്ഞയച്ചത്.

കഥതീര്‍ന്നപ്പോഴേക്കും കാര്‍ എറണാകുളത്തെത്തി. നാലുപേരും ചേര്‍ന്ന് കുഞ്ഞിരാമമേനോന് ഹോട്ടലില്‍ മുറിയെടുത്തുകൊടുത്തു. അദ്ദേഹം കോടതിയില്‍ അപ്പീല്‍നല്‍കി വാദംതുടര്‍ന്നു. ഹോട്ടല്‍മുറിക്ക് വാടകനല്‍കാന്‍ യുവാക്കളുടെ പക്കല്‍ പണമില്ലെന്ന് മനസ്സിലാക്കി കുഞ്ഞിരാമമേനോന്‍ താമസം ബന്ധുവീട്ടിലാക്കി. കക്ഷികള്‍ക്കുവേണ്ടി വാദംനടത്തി.

1998 ജൂലായ് 29 -വാദികളായ നാലുപേരെയും കുഞ്ഞിരാമമേനോന്‍ എറണാകുളത്തേക്ക് വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു:
'കേസില്‍ വാദം പൂര്‍ത്തിയായി. നിങ്ങള്‍ക്ക് നീതിലഭിക്കും. അത് എന്റെ ഉറപ്പ്. ഞാന്‍ ഇന്ന് നാട്ടിലേക്കുമടങ്ങുന്നു.'
 അന്ന് നാട്ടിലേക്കുമടങ്ങിയ കുഞ്ഞിരാമമേനോന്‍ പിറ്റേദിവസം ശാരീരിക അസ്വസ്ഥതകള്‍ കാരണം ആശുപത്രിയിലായി. പന്ത്രണ്ടാംനാള്‍ മരിച്ചു  
അവസാനവാദത്തിന്റെ വിധിവരും മുന്‍പേ, 1998 ഓഗസ്റ്റ് പത്തിനായിരുന്നു കുഞ്ഞിരാമമേനോന്റെ മരണം. ക്ഷയരോഗം മൂര്‍ച്ഛിച്ച്, വാദിയായ ഹരിദാസനും ഹൈക്കോടതി വിധി വരുംമുന്നേ മരണത്തിന് കീഴടങ്ങി. ഒളിവില്‍ക്കഴിഞ്ഞിരുന്ന ഷമീര്‍ അതിനിടെ വധിക്കപ്പെട്ടു.
കേസന്വേഷണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിനോട് ആവശ്യപ്പെട്ടു. രേഖകളെല്ലാം നഷ്ടപ്പെട്ടെന്ന മറുപടിയാണ് ഗുരുവായൂര്‍ പോലീസ് നല്‍കിയത്. തൊഴിയൂര്‍ സുനില്‍ വധക്കേസിലെ എല്ലാ രേഖകളും തെളിവുകളും അന്വേഷണസംഘം നശിപ്പിച്ചിരുന്നു. ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനിടെ, തീരദേശം കേന്ദ്രീകരിച്ച് തീവ്രവാദസംഘടനകള്‍ നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച കേരള സിബിസിഐഡി സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി. സുനില്‍വധക്കേസിലെ യഥാര്‍ഥപ്രതികള്‍ വിദേശത്തേക്കുകടന്നെന്നും ശിക്ഷിക്കപ്പെട്ടവര്‍ നിരപരാധികളാണെന്നുമായിരുന്നു 1997-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

1998 സെപ്റ്റംബര്‍ 15-ന് ഹൈക്കോടതിയുടെ ഡിവിഷന്‍ബെഞ്ച് വിധിപറഞ്ഞു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട നാലുപേരെയും കോടതി കുറ്റവിമുക്തരാക്കി. കൊലപാതകത്തിന് പിന്നിലുള്ള തീവ്രവാദസംഘടനകളുടെ ബന്ധത്തെപ്പറ്റി വിശദമായ അന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. ജീവപര്യന്തം തടവില്‍നിന്ന് മോചിതനായ റഫീക്, ഹൈക്കോടതിയുടെ വിധി വന്ന് 15-ാം നാള്‍, 1998 സെപ്റ്റംബര്‍ 30-ന്, പ്രണയിനിയായ ഷാജിതയെ ജീവിതസഖിയാക്കി.
 ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പ്രത്യേകസംഘം തീവ്രവാദപ്രവര്‍ത്തനങ്ങളെപ്പറ്റി അന്വേഷണം വ്യാപിപ്പിച്ചു. വലപ്പാട് കോതകുളത്തെ അന്വേഷണസംഘത്തിന്റെ ക്യാമ്പിലുള്ള ഉദ്യോഗസ്ഥര്‍ ഇസഹാക് എന്നയാളെ സംശയാസ്പദമായി പിടികൂടി. ഇയാളുടെ കൈയിലുണ്ടായ മുറിവിനെപ്പറ്റി അന്വേഷിച്ചു. ഈ അന്വേഷണമെത്തിയത് തൊഴിയൂര്‍ സുനില്‍ വധക്കേസിന്റെ തെളിവിലേക്കാണ്. തൊഴിയൂര്‍ സുനിലിനെയും കുടുംബത്തെയും വെട്ടിയത് അമാവാസിനാളിലാണ്. തൃശ്ശൂര്‍ കേന്ദ്രീകരിച്ച് രൂപവത്കരിച്ച ജം ഇയ്യത്തുല്‍ ഇഹ്സാനിയ എന്ന തീവ്രവാദസംഘടനയിലെ ഒന്‍പതുപേര്‍ ചേര്‍ന്നാണ് വെട്ടിയത്. വെട്ടുന്നതിനിടെ അക്രമിസംഘത്തില്‍ ഒരാളുടെ വെട്ട് മാറിക്കൊണ്ടതാണ് ഈ മുറിവുപാടെന്ന് കണ്ടെത്തി. അതോടെ അന്വേഷണത്തിന് തുമ്പ് തെളിഞ്ഞു. യഥാര്‍ഥകുറ്റവാളികള്‍ വേറെയാണെന്ന് മനസ്സിലായതോടെ സുനിലിന്റെ വീട്ടുകാര്‍ തെറ്റായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് അനുകൂലമായി. 

സുനിലിന്റെ വീട്ടുകാരും തെറ്റായി ശിക്ഷിക്കപ്പെട്ട നാലുപേരും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചു. സുനില്‍ ഉള്‍പ്പടെയുള്ള എല്ലാ മത-രാഷ്ട്രീയ വധക്കേസുകളും അതിനുപിന്നിലെ തീവ്രവാദബന്ധവും അന്വേഷിക്കണമെന്നായിരുന്നു ആവശ്യം. ഇത് മുഖ്യമന്ത്രി അംഗീകരിച്ച്, കേസുകള്‍ വീണ്ടും അന്വേഷിക്കുന്നതിന് 2017 സെപ്റ്റംബര്‍ 25-ന് ഉത്തരവിറക്കി. അതിനായി പ്രത്യേകസംഘത്തെയുണ്ടാക്കി. അവര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ജം ഇയ്യത്തുല്‍ ഇഹ്സാനിയ എന്ന തീവ്രവാദസംഘടനയിലെ ഒന്‍പതുപേര്‍ ചേര്‍ന്ന് ആറുപേരെ കൊലപ്പെടുത്തിയെന്നാണ്. കൊല്ലപ്പെട്ട ആറുപേരും അയോധ്യയിലെ കാര്‍സേവയില്‍ പങ്കെടുത്തവരായിരുന്നു. തീവ്രവാദസംഘടനയിലെ അഞ്ചുപേരെ അന്വേഷണസംഘം അറസ്റ്റുചെയ്തു.

സുനിലിനെ വെട്ടിക്കൊന്ന തീവ്രവാദസംഘത്തില്‍ ഒന്‍പതുപേരുണ്ടെന്ന് കൃത്യമായി മനസ്സിലാക്കിയാണ് ഗുരുവായൂര്‍ പോലീസ് അതിനുസമാനമായി നിരപരാധികളായ ഒന്‍പതുപേരെ പ്രതിചേര്‍ത്തത്. കേസില്‍ സത്യം തെളിയുമെന്നായതോടെ രേഖകളും തെളിവുകളും നശിപ്പിക്കുകയും ചെയ്തു.
 ജീവപര്യന്തം തടവുശിക്ഷ കിട്ടിയവരില്‍ അവശേഷിക്കുന്ന മൂന്നുപേര്‍ ചേര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇവിടെയും സഹായിയായി ഒരു അഭിഭാഷകനെത്തി. മുന്‍പ് പരിചയമില്ലാത്ത ഷൈജന്‍ സി. ജോര്‍ജ്. ഫീസ് വാങ്ങാതെയാണ് അദ്ദേഹം കേസ് വാദിച്ചത്. അഞ്ചുവര്‍ഷത്തിനുശേഷം ഇവര്‍ക്ക് 2025 മാര്‍ച്ച് 20-ന് അനുകൂലവിധി കിട്ടി. തെറ്റായി ശിക്ഷിക്കപ്പെട്ടതിന് കൃത്യമായ നഷ്ടപരിഹാരം നല്‍കാനായിരുന്നു വിധി. ഇവിടംകൊണ്ട് ഇവര്‍ പോരാട്ടം അവസാനിപ്പിക്കുന്നില്ല. കള്ളക്കേസിനും അറസ്റ്റിനും ചോദ്യംചെയ്യലിനും തടവുശിക്ഷയ്ക്കും 31 വര്‍ഷം തികയുകയാണിപ്പോള്‍. ഇതിനുള്ള നഷ്ടപരിഹാരം സര്‍ക്കാരല്ല, കള്ളക്കേസില്‍ കുടുക്കിയ പോലീസുകാരില്‍നിന്ന് ഈടാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന്
നിവേദനം നല്‍കുകയും ചെയ്തിരുന്നു ഇവര്‍.

ബാബുരാജും ബിജുവും സിപിഎം ചാവക്കാട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. റഫീഖ് രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നില്ല. മൂവരും ചെറിയ ബിസിനസിലൂടെ ഉപജീവനം നടത്തി, ഉറ്റമിത്രങ്ങളായി ജീവിക്കുന്നു.

ഡിവൈഎസ്പി ടി. ചന്ദ്രന്‍, സിഐ ശിവദാസന്‍പിള്ള,  എസ്െഎ സതീശന്‍, േടാമി, ഇബ്രാഹിം എന്നീ പോലീസുകാരാണ് കള്ളക്കേസിനും രേഖ നശിപ്പിക്കലിനും പിന്നില്‍. കള്ളക്കേസെടുത്ത് തീവ്രവാദികളെ രക്ഷിച്ചതിന് അന്നത്തെ സര്‍ക്കാര്‍ ഇവര്‍ക്ക് സ്ഥാനക്കയറ്റവും പാരിതോഷികവുമാണ് നല്‍കിയത്. സുനില്‍ കൊല്ലപ്പെടുന്നസമയത്ത് ഞങ്ങള്‍ മെഡിക്കല്‍ കോളേജിലുണ്ടായിരുന്നതിന് ബിജെപിക്കാര്‍ സാക്ഷിയാണ്. അവര്‍ അക്കാര്യം മിണ്ടിയില്ല- ടി.എം. ബാബുരാജ്

കൃത്യമായ അന്വേഷണം അന്നേ നടത്തിയിരുന്നെങ്കില്‍ തുടര്‍ന്നുണ്ടായ അഞ്ച് കൊലപാതകങ്ങള്‍ തടയാമായിരുന്നു.  വാടാനപ്പിള്ളി രാജീവ്, മതിലകം സന്തോഷ്, കൊല്ലങ്കോട് മണി, വളാഞ്ചേരി താമി, കൊളത്തൂര്‍ മോഹനചന്ദ്രന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതികളില്‍ ചിലര്‍ വിദേശത്തേക്ക് രക്ഷപ്പെട്ടു. ഇതിന് വഴിയൊരുക്കിയവരെ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിക്കണം- വി.ജി. ബിജു

ക്രൂരമര്‍ദനമാണ് നടന്നത്. ഹരിദാസന്‍ ക്ഷയംപിടിച്ച് മരിച്ചു. പിന്നാലെ മാതാപിതാക്കളും. ബാബുരാജ് ഹൃദ്രോഗം ബാധിച്ച് തുറന്ന ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഹൃദയംപൊട്ടിയാണ് ബാബുരാജിന്റെ അമ്മ മരിച്ചത്. ബിജുവിന്റെ വിവാഹം മുടങ്ങി. പ്രതിചേര്‍ക്കപ്പെട്ട ജയ്സണ്‍ അര്‍ധപ്രാണനായി കഴിയുന്നു. സുബ്രഹ്‌മണ്യനും ഷമീറും ചെറുപ്രായത്തില്‍ മരിച്ചു- ആര്‍.വി. റഫീഖ്

Content Highlights: thrissur thozhiyoor sunil murder wrongful conviction