തമ്മിൽത്തല്ലി തൊപ്പി ഗ്യാങ്, പുറത്തുവിട്ടത് സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ; ഒടുവിൽ ചാനൽ തൂക്കി പോലീസ്

കൊച്ചി: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്യുന്നതിലേക്ക് എത്തിച്ചത് സുഹൃത്തുക്കൾ തമ്മിലുള്ള പരസ്യപ്പോര്. നേരത്തെ, തൊപ്പിക്കെതിരേ ആരോപണങ്ങളുമായി ഇയാളുടെ തന്നെ സംഘത്തിലെ അംഗങ്ങളായിരുന്ന ഷമീറും മമ്മുവും രംഗത്തെത്തിയിരുന്നു. ലഹരി ഉപയോഗം, ലൈംഗികചൂഷണം, അധിക്ഷേപ പരാമർശങ്ങൾ ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഷമീറും മമ്മുവും തൊപ്പിക്കെതിരെ ഉന്നയിച്ചത്.
ഗെയിമിങ് ലൈവ് സ്ട്രീമിങ്ങിലൂടെയാണ് തൊപ്പിയും സംഘവും പ്രായപൂർത്തിയാവാത്ത കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ ഇടയിൽ സ്വാധീനം നേടിയത്. തുടക്കംമുതൽ ഇവർ ഉപയോഗിക്കുന്ന ഭാഷയ്ക്കും മറ്റും കടുത്ത വിമർശനം ഉണ്ടായിരുന്നു. എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ വലിയ വിഭാഗത്തിന്റെ ശ്രദ്ധ ഇവരിലേക്കെത്തി.
യൂട്യൂബ്- ഗെയിമിങ് വരുമാനം പങ്കുവെക്കുന്നതിലെ തർക്കമാണ് സുഹൃത്തുക്കളായിരുന്നവർ തമ്മിൽ പരസ്യ ഏറ്റുമുട്ടലിലേക്ക് എത്തിച്ചത്. ഷമീറും മമ്മുവും ഒരുഭാഗത്തും തൊപ്പി മറ്റൊരു ഭാഗത്തുമായി യൂട്യൂബ് വീഡിയോകളിലൂടെ നിരന്തരം ആരോപണം ഉന്നയിച്ചു. വരുമാനം പങ്കുവെക്കുന്നതിലെ തർക്കത്തിന് പുറമെ തങ്ങളെ അടിമകളെപ്പോലെയാണ് തൊപ്പി കണ്ടതെന്ന ആരോപണവും ഇരുവരും ഉന്നയിച്ചു. അടിവസ്ത്രം ഉൾപ്പെടെ തൊപ്പി കഴുകിച്ചുവെന്ന് മമ്മു യൂട്യൂബ് ലൈവിൽ വെളിപ്പെടുത്തി.
പിന്നാലെയാണ് ഷമീറിന്റേയും മമ്മുവിന്റേയും നഗ്നദൃശ്യങ്ങൾ തൊപ്പി പുറത്തുവിട്ടത്. ഇരുവരും സ്വയംഭോഗം നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് യൂട്യൂബ് ലൈവിൽ തൊപ്പി പങ്കുവെച്ചത്. പിന്നാലെ, ഇൻഫ്‌ളുവൻസർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ തൊപ്പി നടത്തിയ ലൈംഗികച്ചുവയുള്ള പരാമർശം അടങ്ങിയ ശബ്ദരേഖ മറുഭാഗവും പുറത്തുവിട്ടു. ഗായകനും യൂട്യൂബറുമായ ഹനാൻ ഷായുടെ വ്‌ളോഗിൽ സുഹൃത്തുക്കളിലൊരാളെ അപകീർത്തികരമായി പരാമർശിക്കുന്ന വീഡിയോയാണ് ഷമീർ പങ്കുവെച്ചത്. ഇത് പ്രചരിപ്പിക്കുന്നതിനെതിരെ ഹനാൻ ഷാ മുന്നറിയിപ്പുമായി എത്തി.
പിന്നാലെ, തൊപ്പിക്കും സംഘത്തിനുമെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി അഡ്വ. ശ്രീജിത്ത് പെരുമന പോലിസിൽ പരാതി നൽകി. അഭിഭാഷകന്റെ പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ ഡി.ജി.പി. നിർദേശം നൽകി.
തൊപ്പിയും സംഘവും പോക്‌സോ, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അശ്ശീല പ്രദർശനം, ലഹരി ഉപയോഗം, സൈബർ കുറ്റകൃത്യം, മാനസിക- ശാരീരിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങി വിവിധ കുറ്റങ്ങൾ ചെയ്യുന്നതായി കാണിച്ചാണ് പരാതി നൽകിയത്. ഇവർക്ക് സ്‌കൂൾ- ടീനേജ് വിദ്യാർഥികൾക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്. ഇത്തരക്കാരുടെ ഇടയിലേക്കാണ് തൊപ്പിയുടെ തെറ്റായ വീഡിയോകളും സന്ദേശങ്ങളുമെത്തുന്നതെന്നും വളർന്നുവരുന്ന തലമുറയെ നശിപ്പിക്കുന്നതാണ് സംഘത്തിന്റെ ഓൺലൈൻ ഉള്ളടക്കങ്ങളെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കുട്ടികൾക്കിടയിലേക്ക് അശ്ലീല ദൃശ്യങ്ങൾ എത്തുന്നു. പെൺകുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതായും പരാതിയിൽ പറയുന്നുണ്ട്. തുടർന്നാണ് പോലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊപ്പിയുടെ ചാനൽ യൂട്യൂബ് നീക്കം ചെയ്തത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ നേരത്തെ നിഹാദിനെതിരെ ആലുവ റൂറൽ സൈബർ പോലീസ് ഐ.ടി. നിയമപ്രകാരം കേസെടുത്തിരുന്നു. അതിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ഇപ്പോൾ യൂട്യൂബ് ചാനൽ നീക്കംചെയ്തിരിക്കുന്നത്.
കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും തൊപ്പി ഹാജരായിരുന്നില്ല. തൊപ്പിയെ പിടികൂടാനുള്ള നീക്കവും പോലീസ് നടത്തിയിരുന്നു. അതിനിടെയാണ് മുൻകൂർ ജാമ്യത്തിന് തൊപ്പി ഹർജി നൽകിയത്. തൊപ്പിയുടെ ജാമ്യാപേക്ഷയെ എതിർത്ത് എറണാകുളം സെഷൻസ് കോടതിയിൽ പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
Content Highlights: Popular and controversial Malayalam YouTuber Thoppi, alias Nihad, had his YouTube channel permanently removed following a police report. The strict action was triggered by a monetary dispute within the group, leading Thoppi to leak private, explicit videos of his former friends during a live stream. In response to the group's toxic content, Advocate Sreejith Perumana filed a comprehensive complaint detailing allegations of POCSO violations, cybercrimes, and drug promotion. Following the DGP's intervention, the Aluva Rural Cyber Police registered a case under the IT Act, though Thoppi failed to appear for questioning. While the police are actively tracking him down, Thoppi has moved an anticipatory bail plea in the Ernakulam Sessions Court, which the police are strongly opposing