വിദേശത്തേക്ക് കടക്കാൻ തൊപ്പിയുടെ നീക്കം? ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ പോലീസ്

#ന്യൂസ് ഡെസ്ക്
തൊപ്പി എന്നറിയപ്പെടുന്ന നിഹാദ് | Photo: X/ Kerala Trends
തൊപ്പി എന്നറിയപ്പെടുന്ന നിഹാദ് | Photo: X/ Kerala Trends

കൊച്ചി: സുഹൃത്തുക്കളുടെ നഗ്നദൃശ്യം സാമൂഹ്യമാധ്യങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ തൊപ്പി എന്ന നിഹാദിനെതിരേയുള്ള കേസിൽ അന്വേഷണം കടുപ്പിച്ച് പോലീസ്. തൊപ്പി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് ലുക്ക് ഔട്ട് സർക്കുലർ ഇറക്കാൻ ഒരുങ്ങുകയാണ് പോലീസ്.

മൊഴി രേഖപ്പെടുത്താൻ ഹാജരാവണമെന്നാവശ്യപ്പെട്ട് തൊപ്പിയുടെ സുഹൃത്തുക്കൾക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇതുവരെ ഹാജരായിട്ടില്ല. തൊപ്പിക്കും നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഹാജരായിരുന്നില്ല. അതിനിടെ തൊപ്പി ഒളിവിൽ പോയി. മുൻകൂർ ജാമ്യാപേക്ഷയ്ക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും ഇതിനെ എതിർത്ത് പോലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ആലുവ റൂറൽ സൈബർ പൊലീസാണ് ഐടി നിയമപ്രകാരം കേസെടുത്തത്. സുഹൃത്തുകളുടെ നഗ്നവീഡിയോയാണ് തൊപ്പി പോസ്റ്റ് ചെയ്തതെന്ന് എഫ്‌ഐആറിൽ പറയുന്നു. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ നേരത്തെ തൊപ്പിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു. തൊപ്പിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചായിരുന്നു പൊലീസ് നടപടി.

Content Highlights: Police initiated lookout circular against YouTuber Thoppi, Accused of circulating private nude videos of friends, Case registered under IT Act by Aluva Rural Cyber Police, Thoppi failed to appear for interrogation citing health issues, Police opposed the anticipatory bail plea filed by the accused