കട്ടിലിനടിയിൽ കൈപ്പത്തി; മൃതദേഹം കുഴിച്ചിട്ട് പപ്പായചെടി വെട്ടിയിട്ടു, മുറികഴുകുമ്പോൾ മുന്നിൽ പോലീസ്

വെള്ളറട(തിരുവനന്തപുരം): അയല്‍വാസിയായ വീട്ടമ്മയെ കൊലപ്പെടുത്തി വീടിനരികില്‍ കുഴിച്ചിട്ട സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പനച്ചമൂട് പഞ്ചാക്കുഴി മാവുവിള വീട്ടില്‍ പ്രിയംവദ(48) കൊല്ലപ്പെട്ട സംഭവത്തില്‍ മാവുവിള വി.എസ്. ഭവനില്‍ വിനോദാണ്(46) അറസ്റ്റിലായത്. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിനു കാരണമെന്നാണ് പോലീസ് കണ്ടെത്തല്‍. മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ചതിന് വിനോദിന്റെ സഹോദരന്‍ ചെങ്കല്‍ വട്ടവിള സ്വദേശി സന്തോഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോദ് പ്രിയംവദയെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത്: കശുവണ്ടി ഫാക്ടറി തൊഴിലാളിയായ പ്രിയംവദയുടെ ഭര്‍ത്താവ് നേരത്തേ ഉപേക്ഷിച്ചുപോയിരുന്നു. പിന്നീട് രണ്ടു പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞതോടെ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഭാര്യ സിന്ധു വിദേശത്തായതിനാല്‍ വിനോദും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വിനോദിന്റെ മക്കള്‍ സിന്ധുവിന്റെ അമ്മ സരസ്വതിക്കൊപ്പം ഇതിനടുത്ത് മറ്റൊരു വീട്ടിലാണ് താമസം.
വിനോദും പ്രിയംവദയുമായി മുന്‍പ് പണമിടപാടുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ വീടിനടുത്തുവെച്ച് പ്രിയംവദയെ തടഞ്ഞുനിര്‍ത്തി വിനോദ് പണം ചോദിച്ചു. വാക്കേറ്റത്തിനിടെ ഇയാള്‍ പ്രിയംവദയെ മര്‍ദിച്ചു. ബോധരഹിതയായ പ്രിയംവദയെ വലിച്ചിഴച്ച് തന്റെ വീടിനകത്തെത്തിച്ചു. പിന്നീട് ബോധംവന്നപ്പോള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തുണികൊണ്ടുമൂടി കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ സൂക്ഷിച്ചു.
ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ശനിയാഴ്ച രാത്രി വിനോദിന്റെ ഭാര്യാമാതാവും മകളും വിനോദിന്റെ വീട് പരിശോധിച്ചപ്പോള്‍ കട്ടിലിനടിയില്‍ തുണിക്കകത്തായി കൈപ്പത്തിയുടെ ഭാഗം കണ്ടു.ഞായറാഴ്ച രാവിലെ ഇവര്‍ സമീപത്തെ പള്ളിയില്‍ പോയി വികാരിയോടും ഭാരവാഹിയോടും സംഭവം പറഞ്ഞു.
തുടര്‍ന്ന് വെള്ളറട സിഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി.വിനോദിനേയും സഹോദരനെയും പിടികൂടുകയായിരുന്നു. എന്നാല്‍,ശനിയാഴ്ച രാത്രി തന്നെ മൃതദേഹം കുഴിച്ചിട്ടിരുന്നു. പ്രിയംവദയെ കാണാത്തതിനെത്തുടര്‍ന്ന് മക്കള്‍ പോലീസില്‍ പരാതിനല്‍കിയിരുന്നു. മൃതദേഹം െഫാറന്‍സിക് സംഘത്തിന്റെ പരിശോധനകള്‍ക്കുശേഷം നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ നന്ദകുമാരന്റെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പ്രിയംവദയുടെ മക്കള്‍: രേഷ്മ, ചിഞ്ചു.
കൊലപാതകശേഷവും വിനോദിന്റെ അന്വേഷണം
കൊലപാതകത്തിനുശേഷം പലപ്പോഴും അവരുടെ ബന്ധുക്കളോടു വിനോദ് പ്രിയംവദയെക്കുറിച്ച് അന്വേഷിച്ചിരുന്നു. ജോലിക്കു പോയശേഷം തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് സഹോദരിയുടെ മകന്‍ ബിജു, പ്രിയംവദയുടെ രണ്ടു മക്കളെയും വിവരമറിയിച്ചിരുന്നു. എന്നാല്‍ പ്രിയംവദയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തമിഴ്നാട് ടവര്‍ ലൊക്കേഷനില്‍ നിന്നുള്ള വിവരങ്ങളാണു ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ ബിജുവിനോട് പ്രിയംവദയെ കണ്ടെത്തിയോയെന്നു വിനോദ് അന്വേഷിച്ചു. ഞായറാഴ്ച രാവിലെയും പ്രിയംവദയെ കുറിച്ച് ഇയാള്‍ ബിജുവിനോട് തിരക്കി. എവിടെയെങ്കിലും പോയിരിക്കാമെന്നും വരുമെന്നും വിനോദ് പറഞ്ഞതായി ബിജു പറഞ്ഞു.
കൊലപാതകത്തിന്റെ ചുരുളഴിച്ചത് പ്രതിയുടെ ഭാര്യാമാതാവിന്റെ സംശയം
വെള്ളറട: വീടിനടുത്ത് ദുര്‍ഗന്ധം വമിച്ചപ്പോള്‍ എലിയോ മറ്റോ ചത്തതായിരിക്കുമെന്നാണു വിനോദിന്റെ ഭാര്യാമാതാവ് സരസ്വതി വിചാരിച്ചത്. വിനോദിന്റെ മകളെയുംകൂട്ടി വീടിന്റെ പരിസരത്തൊക്കെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈ സമയം വിനോദ് അവിടെയില്ലായിരുന്നു. കതക് തുറന്നു നോക്കിയപ്പോള്‍ മുറിയിലെ കട്ടിലിനടിയില്‍ തുണികൊണ്ട് എന്തോ മൂടിയിട്ടിരിക്കുന്നു. അടുത്തു ചെന്ന് നോക്കിയപ്പോഴാണ് തുണിക്കിടയിലൂടെ കൈപ്പത്തി കണ്ടത്. ഭയന്നു വിറച്ച ഇരുവരും തിരിച്ചോടി. രാത്രിയില്‍ ഇരുവരും ഭീതിയോടെയാണു കഴിച്ചുകൂട്ടിയത്. ഇതിനിടയില്‍ വിനോദ് വീട്ടിലെത്തി. ഭാര്യാമാതാവും മകളും വീടിനകത്തു കയറിയത് ഇയാള്‍ അറിഞ്ഞിരുന്നില്ല. അര്‍ധരാത്രിയോടെ മൃതദേഹം കുഴിയിലിട്ട് മൂടി സമീപത്തുനിന്ന് കുറച്ച് മണ്ണും വാരിയിട്ടു. അതിനു മുകളില്‍ അടുത്തുണ്ടായിരുന്ന പപ്പായ ചെടികളും വെട്ടിയിട്ടു. വീട് കഴുകാനും മണ്ണിട്ടു മൂടാനും സഹോദരനും സഹായിച്ചു. പിറ്റേദിവസം രാവിലെ പനച്ചമൂട് ചന്തയ്ക്ക് സമീപത്തുള്ള പള്ളി വികാരിയെ കണ്ട് സരസ്വതിയും കൊച്ചുമകളും വിവരങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് വികാരിയും പള്ളി ഭാരവാഹിയും ചേര്‍ന്ന് വെള്ളറട പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോള്‍ വിനോദും സഹോദരനും വീട്ടിലെ മുറികള്‍ കഴുകി വൃത്തിയാക്കുകയായിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
Content Highlights: woman killed by neighbour in vellarada thiruvananthapuram