വീടിന് മുന്നിലെ പാർക്കിങ് ചോദ്യംചെയ്തതിന് കാറിടിപ്പിക്കാൻ ശ്രമം; സംഭവം കിളിമാനൂരിൽ

സംഭവത്തിന്റെ സിസിടിവി ദൃശ്യം
സംഭവത്തിന്റെ സിസിടിവി ദൃശ്യം

തിരുവനന്തപുരം: കിളിമാനൂരില്‍ പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ യുവാക്കള്‍ക്കുനേരെ കാറിടിച്ചുകയറ്റാന്‍  ശ്രമിച്ചതായി പരാതി. വീടിനു മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തത് വീട്ടുടമ ചോദ്യംചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. സംഭവത്തില്‍ കിളിമാനൂര്‍ പാപ്പാല സ്വദേശികളായ ഷാനവാസ്, ആനന്ദ്, വിഷ്ണു എന്നിവര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാര്‍ക്കെതിരേ വീട്ടുടമ വിനോദ് കിളിമാനൂര്‍ പോലീസില്‍ പരാതിനല്‍കി.

കഴിഞ്ഞദിവസം രാത്രി പത്തരയോടെ കിളിമാനൂര്‍ കുറവന്‍കുഴിയിലെ തട്ടുകടയ്ക്ക് സമീപമായിരുന്നു സംഭവം. തട്ടുകടയില്‍ എത്തിയ രണ്ട് കാറുകളിലൊന്ന് സമീപത്തെ വിനോദ് കുമാറിന്റെ വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്നു. വീടിന് മുന്നില്‍നിന്ന് കാര്‍ അല്പം മാറ്റിനിര്‍ത്തണമെന്ന് വിനോദ് കുമാര്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുണ്ടായത്. തുടര്‍ന്ന് വിനോദ് കുമാറിന്റെ പരിചയക്കാരായ ഷാനവാസ്, വിഷ്ണു, ആനന്ദ് എന്നിവര്‍ തര്‍ക്കം നടക്കുന്നത് കണ്ട് സ്ഥലത്തെത്തി. ഇതിനുപിന്നാലെയാണ് ഇവര്‍ക്കുനേരേ കാറിടിച്ച് കയറ്റാന്‍ ശ്രമമുണ്ടായത്. 

രണ്ട് കാറുകളില്‍ ഒന്നില്‍ സ്ത്രീകളും കുട്ടികളും അടക്കം ഉണ്ടായിരുന്നതായി പറയുന്നു. കാറില്‍ ഉണ്ടായിരുന്നവര്‍ അവിടെനിന്നവരെ ആക്രമിക്കാന്‍ ശ്രമിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതായും പരാതിയിലുണ്ട്. അതിനുശേഷം രണ്ടു കാറും സ്ഥലത്തുനിന്ന് പോയി. സംഭവത്തില്‍ സാരമായി പരിക്കേറ്റ യുവാക്കളെ വൈദ്യ പരിശോധനയ്ക്കായി ആദ്യം ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കാറുകളിലെ യാത്രക്കാരെക്കുറിച്ച് കിളിമാനൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: 3 injured in Kilimanoor after car allegedly tried to run them over following a parking dispute