വിദേശവനിതകളെ എത്തിച്ച് പെൺവാണിഭം; പിടിയിലായ വനിതകൾക്ക് വിസയും മറ്റ് ഔദ്യോഗികരേഖകളുമില്ല

#ന്യൂസ് ഡെസ്ക്
• അറസ്‌റ്റിലായവർ
• അറസ്‌റ്റിലായവർ

ശ്രീകാര്യം (തിരുവന്തപുരം): വിദേശ വനിതകളെ മനുഷ്യക്കടത്തിലൂടെ തലസ്ഥാനത്ത് എത്തിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തെ തുമ്പ പോലീസ് അറസ്റ്റ് ചെയ്തു.രണ്ട് മലയാളികളും രണ്ട് തായ്‌ലാൻഡ് സ്വദേശിനികളുമാണ് പിടിയിലായത്. അണ്ടൂർക്കോണം പറമ്പിപ്പാലം ടി.എ. മൻസിലിൽ ആസിഫ് (28), പോത്തൻകോട് കീഴ് തോന്നയ്ക്കൽ അഞ്ചു ഭവനിൽ അദീഷ് കൃഷ്ണൻ (28) എന്നിവരും തായ്‌ലാൻഡ് സ്വദേശിനികളായ സിരിലക്ക് (42), സുകന്യ (29) എന്നിവരുമാണ് അറസ്റ്റിലായത്.

കുളത്തൂർ കട്ടേല ഭാഗത്തുള്ള വാടകക്കെട്ടിടം എടുത്തായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. വിദേശ വനിതകളെ ഉൾപ്പെടെ എത്തിച്ച് പെൺവാണിഭം നടത്തുന്നതായി തുമ്പ പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ കൃത്യമായ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

പിടിയിലായ തായ്‌ലാൻഡ് സ്വദേശിനികൾക്ക് രാജ്യത്ത് തങ്ങാൻ ആവശ്യമായ വിസയോ മറ്റ് ഔദ്യോഗിക രേഖകളോ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. എന്നാൽ, പിടിയിലായ മറ്റൊരു യുവതിയെ മതിയായ രേഖകൾ ഉള്ളതിനാൽ കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു. ഇവരെ നിയമവിരുദ്ധമായി താമസിപ്പിച്ചാണ് സംഘം അനാശാസ്യപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്.

Content Highlights: Four individuals arrested for operating a prostitution racket in Thiruvananthapuram., Two Thai nationals found without valid visas or official documentation., The operation was conducted in a rented building in Kulathoor, Kattela., Thumba police acted based on secret intelligence reports.