വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ചുകോടി തട്ടി; യുവതി അറസ്റ്റിൽ, ഹണി ട്രാപ് ആണോയെന്ന് അന്വേഷണം

റോഷ്‌നി സുരേഷ് | ഫോട്ടോ: മാതൃഭൂമി
റോഷ്‌നി സുരേഷ് | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: കുടുംബാംഗങ്ങളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയിൽനിന്ന് അഞ്ച്‌ കോടിയോളം രൂപയുടെ വസ്തുവകകൾ തട്ടിയെടുത്തെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. തെലങ്കാന സ്വദേശി വിജയകുമാർ നൽകിയ പരാതിയിൽ നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശിനി റോഷ്‌നി സുരേഷിനെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോടതി ഇവർക്ക് ജാമ്യം അനുവദിച്ചു.

മറ്റ് പ്രതികളും ഇവരുടെ കൂട്ടാളികളുമായ ജിബിൻ, ഉണ്ണിമോൾ ജിബിൻ, അഭിഷേക് എന്നിവർക്കായി അന്വേഷണം തുടരുകയാണ്. വിജയകുമാർ ഡയറക്ടറായ കമ്പനിയുടെ വാർഷികലാഭത്തിന്റെ 50 ശതമാനം റോഷ്‌നിയുടെ പേരിലേക്ക് ഭീഷണിപ്പെടുത്തി മാറ്റിയും വിവിധ സ്ഥലങ്ങളിൽ ഫ്ളാറ്റ് ഉൾപ്പെടെ കൈക്കലാക്കിയുമായിരുന്നു തട്ടിപ്പ്. സംഭവം ഹണിട്രാപ്പാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് അന്വേഷിക്കുകയാണ്.

പോലീസ് പറയുന്നത്: വിദേശത്തേക്കുള്ള റിക്രൂട്ടിങ്, ഉപരിപഠനസഹായം എന്നിവ നൽകുന്ന കമ്പനി നടത്തുകയാണ് വിജയകുമാർ. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ശാഖകളുണ്ട്. ഇവയുടെ മാനേജരായാണ് റോഷ്‌നി സ്ഥാപനത്തിലെത്തുന്നത്. ഇതിനിടെ വിജയകുമാറുമായി അടുത്തു. 2023 ജൂണിൽ യുവതി ആൺകുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞ് വിജയകുമാറിന്റേതാണെന്നും ബന്ധം ഭാര്യയെയും ബന്ധുക്കളെയും അറിയിക്കാതിരിക്കാൻ കമ്പനിയുടെ 50 ശതമാനം ലാഭം തന്റെ പേരിലേക്ക് മാറ്റണമെന്നും യുവതി ആവശ്യപ്പെടുകയും ഇത് നടപ്പാക്കുകയും ചെയ്തു. പലതവണയായി ഒരു കോടി 80 ലക്ഷം രൂപയും തട്ടിയെടുത്തു. കൂടാതെ തൃപ്പൂണിത്തറയിൽ ഒരു കോടി 20 ലക്ഷം രൂപയുടെ ഫ്ളാറ്റും മലയിൻകീഴിൽ ഒരു കോടി 30 ലക്ഷം രൂപയുടെ 20 സെന്റ് വസ്തുവും 45 പവൻ സ്വർണവും റോഷ്‌നിയുടെ പേരിൽ വാങ്ങിപ്പിച്ചു.

തുടർന്ന് വിജയകുമാറിന്റെയും ഭാര്യയുടെയും ബന്ധുക്കളുടെയും ഫോണിലേക്ക് സാമൂഹികമാധ്യമങ്ങൾ വഴി വീഡിയോ കോൾ വിളിച്ച പ്രതികൾ കുട്ടിയുടെ പിതൃത്വം പറഞ്ഞ് ഭീഷണി തുടരുകയും ഭാര്യയെയും കുഞ്ഞിനെയും തട്ടിയെടുത്ത് പെൺവാണിഭസംഘത്തിന് വിൽക്കുമെന്ന് പറയുകയും ഇതൊഴിവാക്കാൻ കമ്പനിയുടെ ശേഷിക്കുന്ന ലാഭവിഹിതംകൂടി ആവശ്യപ്പെടുകയും ചെയ്തു. ഭീഷണി തുടർന്നതോടെ വിജയകുമാർ സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകുകയായിരുന്നു. തുടർന്നാണ് വഞ്ചിയൂർ പോലീസ് കേസെടുത്തത്.

വിജയകുമാറുമായി എറണാകുളത്തെ ക്ഷേത്രത്തിൽവെച്ച് വിവാഹം നടന്നതിന്റെ തെളിവുകൾ തന്റെ കൈവശം ഉള്ളതായി റോഷ്‌നി പോലീസിനെ അറിയിച്ചിട്ടുണ്ട്. റോഷ്‌നി നേരത്തേയും വിവാഹം കഴിച്ചിട്ടുള്ളതായി വിവരമുണ്ടെന്ന് പോലീസ് അറിയിച്ചു. വഞ്ചിയൂർ എസ്.എച്ച്.ഒ. പുഷ്പകുമാറാണ് അന്വേഷണോദ്യോഗസ്ഥൻ.

Content Highlights: The Vanchiyoor police have arrested a woman named Roshni Suresh for allegedly extorting properties and cash worth Rs 5 crore from a Telangana businessman by threatening to harm his family and expose a paternity claim.