വിമാനത്താവളത്തില്‍ ‘ബോംബ്’ എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തി പരത്തി; ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: വിമാനത്താവള സുരക്ഷയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ വാഹനത്തില്‍ കണ്ടിരുന്ന പൊതി എന്തെന്ന് ചോദിക്കുന്നതിനിടെ ‘ബോംബ്’ എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തിപരത്തിയ ഡ്രൈവര്‍ അറസ്റ്റില്‍. കോഴിക്കാട് വടകര സ്വദേശി സുജിത്തിനെ (44) ആണ് സുരക്ഷാസേനയായ സിഐഎസ്എഫിന്റെ പരാതിയെത്തുടര്‍ന്ന് വലിയതുറ പോലീസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാവിലെ എട്ടോടെ വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിലെ ഗേറ്റ് നമ്പര്‍ പത്തിലാണ് സംഭവം.
ഇവിടെയുള്ള സിഐഎസ്എഫിന്റെ പരിശോധന കഴിഞ്ഞുമാത്രമാണ് വിമാനത്താവളത്തിനുള്ളിലെ എയര്‍സൈഡ് ഉള്‍പ്പെട്ട ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് കടക്കാനാകുക. വിമാനത്താവളത്തിലെ സ്വകാര്യ കരാര്‍ കമ്പനിയുടെ ജീവനക്കാരനാണ് സുജിത്. എയര്‍സൈഡിലുള്ള സ്വിവറേജ് മാലിന്യം സംഭരിക്കുന്നതിനുള്ള വാഹനവുമായി എത്തിയ സുജിത്തിന്റെ വണ്ടിയില്‍ പഴങ്ങൾ ഉള്‍പ്പെട്ട പൊതിയുണ്ടായിരുന്നു. ഇത് പരിശോധിക്കുന്നതിനിടെ 'ബനാന ഈസ് നോട്ട് എ ബോംബ്' എന്ന് സുജിത് ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞുവെച്ച് അടിയന്തര സാഹചര്യത്തില്‍ വിമാനത്താവളത്തില്‍ ബോംബ് ത്രെഡ് അസസ്മെന്റ് കമ്മിറ്റി കൂടി. തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ ബോംബില്ലെന്ന് കണ്ടെത്തി. അതേസമയം, ബോംബ് എന്ന വാക്കുപയോഗിച്ച് പരിഭ്രാന്തി പരത്തിയതിനെത്തുടര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് വലിയതുറ പോലീസിന് കൈമാറി. ഇയാള്‍ക്കെതിരേ കേസെടുത്തതായി വലിയതുറ എസ്എച്ച്ഒ വി. അശോക് കുമാര്‍ അറിയിച്ചു.
Content Highlights: Airport Security Incident: Driver Arrested for Causing Panic with "Bomb" Remark