അനാഥാലയത്തിന്റെ പിരിവിനെത്തി, വൈദ്യൻ ചമഞ്ഞ് ഓർമക്കുറവുള്ള സ്ത്രീയെ പീഡിപ്പിച്ചു; 63-കാരൻ അറസ്റ്റിൽ

#സ്വന്തം ലേഖകൻ
പ്രതി ഭദ്രൻ
പ്രതി ഭദ്രൻ

തിരുവനന്തപുരം: ചാരിറ്റബിൾ സൊസൈറ്റിയുടെ മറവിൽ അനാഥാലയങ്ങൾക്കുവേണ്ടി പണംപിരിക്കാനെന്ന് പറഞ്ഞെത്തിയ ആൾ വീട്ടിൽക്കയറി ഓർമക്കുറവും ശാരിരീകാസ്വസ്ഥതകളുമുള്ള 55-കാരിയെ പീഡിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് വെങ്ങാനൂർ മംഗലത്തുകോണം വാർഡിൽ കട്ടച്ചൽക്കുഴി കുളത്തിൻകര മേലെപുത്തൻവീട്ടിൽ ഭദ്രനെ(63) തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു.

ഒരാഴ്ച മുൻപാണ് സംഭവം. പണപ്പിരിവിനെത്തിയ ഇയാൾ വീട്ടിൽ പുരുഷൻമാരില്ലെന്ന് മനസ്സിലാക്കിയിരുന്നു. തുടർന്ന് വീട്ടിൽക്കയറി താൻ വൈദ്യനാണെന്ന് പരിചയപ്പെടുത്തി. പിന്നാലെ പനിയോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ പരിശോധിക്കാമെന്നു പറഞ്ഞ് മാനസികാസ്വാസ്ഥ്യമുള്ള മകളെയും സ്ത്രീക്കൊപ്പം വിളിച്ചിരുത്തി. എന്നാൽ, പെൺകുട്ടി എഴുന്നേറ്റ് മുറിയിൽ പോയ തക്കംനോക്കി ഇയാൾ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.
ദൂരസ്ഥലത്ത് പോയിരുന്ന മകൻ മടങ്ങിയെത്തിയപ്പോഴാണ് പണം ചോദിച്ചെത്തിയ ആൾ വൈദ്യനെന്നു പറഞ്ഞ് തന്നെ പീഡിപ്പിച്ചതായി സ്ത്രീ വെളിപ്പെടുത്തിയത്. തുടർന്ന് മകൻ തിരുവല്ലം പോലീസിൽ പരാതിനൽകുകയായിരുന്നു.

ഇയാൾ നേരത്തേയും പീഡനത്തിരയായ സ്ത്രീ താമസിക്കുന്ന മേഖലയിൽ ചാരിറ്റബിൾ സൊസൈറ്റിയുടെ പേരിലുള്ള നോട്ടീസുമായെത്തി പണംപിരിച്ചിരുന്നു. കഴിഞ്ഞയാഴ്ചയെത്തിയ ഇയാൾ വീട്ടിൽ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയായിരുന്നു സ്ത്രീയെ പീഡിപ്പിച്ചത്. ഇയാൾ നിരവധി വീടുകളിൽ ഇത്തരം പ്രവൃത്തി ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിനുശേഷം ഒളിവിലായിരുന്ന ഇയാളെ സിറ്റി പോലീസ് കമ്മിഷണറുടെ നിർദേശപ്രകാരം പ്രത്യേക ടീമിനെ സജ്ജമാക്കിയാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.