തിരുവല്ല സ്പായിലെ ഗുണ്ടാ ആക്രമണവും ബലാത്സംഗവും ക്വട്ടേഷൻ? പോലീസിനെതിരേ മാസപ്പടി ആരോപണവും

തിരുവല്ല: നഗരത്തിലെ സ്പാകളിൽ ഗുണ്ടാസംഘങ്ങൾ നടത്തുന്ന അക്രമങ്ങളും ഇതിനുപിന്നാലെ പോലീസിനെതിരെ ഉയരുന്ന മാസപ്പടി ആരോപണങ്ങളും വിവാദമാകുന്നു. ഫെബ്രുവരി ഒന്നിന് തിരുവല്ലയിലെ ഒരു സ്പായിൽ നടന്ന ഗുണ്ടാ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
ഫെബ്രുവരി ഒന്നിന് വൈകുന്നേരം 3:30-ഓടെയാണ് ഏഴംഗ ഗുണ്ടാസംഘം സ്പായിൽ അതിക്രമിച്ചു കയറിയത്. സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമാക്കാൻ മെയിൻ സ്വിച്ച് ഓഫ് ചെയ്‌തെങ്കിലും ഇൻവെർട്ടർ സഹായത്തോടെ പ്രവർത്തിച്ച ക്യാമറകളിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞു. സ്ത്രീകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ ഗുണ്ടകൾ മർദിക്കുന്നതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്പായിലെ ജീവനക്കാരിയെ കഴുത്തിൽ കത്തിവെച്ച് നഗ്നയാക്കി ബലാത്സംഗംചെയ്‌തെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ബിസിനസ് വൈരാഗ്യം മൂലം മറ്റ് സ്പാ ഉടമകൾ നൽകിയ ക്വട്ടേഷനാണിതെന്ന് സ്പാ ഉടമയായ സഞ്ജയ് ആരോപിച്ചു. സംഭവത്തിൽ നിലവിൽ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, തിരുവല്ലയിലെ പല സ്പാകളിൽനിന്നും പോലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായി മാസപ്പടി ലഭിക്കുന്നുണ്ടെന്ന ഗുരുതരമായ ആരോപണവും ഉയരുന്നുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ച് ജീവനക്കാർ, ഡിവൈഎസ്പി ഓഫീസിലെ ഉദ്യോഗസ്ഥർ, മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർക്ക് സ്പാകളിൽനിന്ന് പണം ലഭിക്കുന്നുണ്ടെന്നാണ് ആരോപണം. ലൈസൻസ് ഇല്ലാത്തതും അസാന്മാർഗിക പ്രവർത്തനങ്ങൾ നടക്കുന്നതുമായ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകുന്നതിനാണ് ഈ പണം കൈപ്പറ്റുന്നതെന്നാണ് സൂചന.
ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടിയിട്ടും ഈ വിവരം മാധ്യമങ്ങളിൽ നിന്ന് മറച്ചുവെക്കാൻ പോലീസ് ശ്രമിച്ചതായും ആക്ഷേപമുണ്ട്. സാധാരണ ഗതിയിൽ ഇത്തരം കേസുകളിൽ വാർത്താക്കുറിപ്പ് ഇറക്കാറുള്ള പോലീസ് ഈ കേസിൽ അത് ഒഴിവാക്കിയത് മാസപ്പടി ആരോപണങ്ങൾ ഭയന്നാണെന്ന് സംശയിക്കുന്നു. എന്നാൽ, സ്പാ ഉടമകൾ പരാതി നൽകാൻ തയ്യാറാകാതിരുന്നിട്ടും തങ്ങൾ സ്വമേതയാ കേസെടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ ഔദ്യോഗിക വിശദീകരണം.
സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് കൃത്യമായ വിശദീകരണം ഉണ്ടാകണമെന്നും സേനയിലെ അഴിമതിയെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നുമാണ് ആവശ്യം.
Content Highlights: Shocking CCTV footage reveals gang attack, rape, and contract killing allegations at a Thiruvalla spa. Police bribery claims surface. Get the full story here.