ആളില്ലാത്ത വീട്ടിൽ മോഷണശ്രമം; ഫ്രിഡ്ജിൽ നിന്ന് ചോറും മീൻ കറിയും കഴിച്ചു, പോകും മുമ്പ് ഓരോ ചായയും

#സ്വന്തം ലേഖിക
മോഷ്ടാക്കൾ ഭക്ഷണം കഴിച്ച ഡൈനിങ് ടേബിൾ
മോഷ്ടാക്കൾ ഭക്ഷണം കഴിച്ച ഡൈനിങ് ടേബിൾ

കോഴിക്കോട്: ആളില്ലാത്ത വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ ഭക്ഷണം കഴിച്ച് മടങ്ങി. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചര്‍ച്ച് റോഡില്‍ മുണ്ടപ്ലാക്കല്‍ വര്‍ഗ്ഗീസിന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറിയവരാണ് ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന ചോറും മീന്‍ കറിയും അച്ചാറും കഴിച്ച് സ്ഥലം വിട്ടത്. കൂടാതെ ഫ്രിഡ്ജില്‍ നിന്നും പാലെടുത്ത് ചായയിട്ട് കുടിക്കുകയും ചെയ്തിട്ടുണ്ട്. 

മൂന്നു ഗ്ലാസുകളിലാണ് ചായ കുടിച്ചത്. അകത്തുണ്ടായിരുന്ന രണ്ടു കസേരയ്ക്ക് പുറമെ പുറത്തുണ്ടായിരുന്ന ഒരു കസേര കൂടി ഡൈനിങ് ടേബിളിന്റെ അടുത്ത് കൊണ്ടിട്ടതിനാല്‍ മൂന്നുപേരാണ് മോഷണസംഘത്തില്‍ ഉണ്ടായിരുന്നത് എന്നാണ് സംശയം.

വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്താണ് സംഭവം. അയല്‍പക്കത്തെ വീട്ടുകാര്‍ വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സമീപപ്രദേശത്തു നിന്നും ബന്ധുക്കളെ വീട്ടിലേക്ക് അയച്ചു, അവര്‍ പരിശോധിച്ചപ്പോഴാണ് മോഷണ ശ്രമം പുറത്തറിഞ്ഞത്. വീട്ടില്‍ ഉളള സാധനങ്ങള്‍ വലിച്ചിട്ട നിലയിലാണ്.

Content Highlights: Thieves break into house, had rice, fish curry and pickle from fridge, also tea