ഹൈറിച്ചിന്റെ സ്വത്തുവകകൾ വീണ്ടും ജപ്തി ചെയ്ത് സർക്കാർ, നടപടികൾക്ക് മിന്നൽ വേഗം

'ഹൈറിച്ച്' ഉടമകളായ കെ.ഡി.പ്രതാപനും ശ്രീന പ്രതാപനും | Photo: highrich.net & youtube.com/@highrichonlineshoppeoffici1701
'ഹൈറിച്ച്' ഉടമകളായ കെ.ഡി.പ്രതാപനും ശ്രീന പ്രതാപനും | Photo: highrich.net & youtube.com/@highrichonlineshoppeoffici1701

കൊച്ചി : നിക്ഷേപത്തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ സ്ഥാവരജംഗമ വസ്തുക്കൾ വീണ്ടും ജപ്തി ചെയ്യാൻ മിന്നൽ വേഗത്തിൽ നടപടി സ്വീകരിച്ച് സർക്കാർ. ഹൈറിച്ചിന്റെ സ്വത്തുവകകൾ സർക്കാർ കഴിഞ്ഞവർഷം ജപ്തി ചെയ്തിരുന്നു. ഇക്കാര്യത്തിൽ നടപടിക്രമങ്ങൾ പാലിക്കാനായില്ലെന്ന് വിലയിരുത്തി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പുറപ്പെടുവിച്ച ഉത്തരവിലൂടെ ഹൈക്കോടതി സ്വത്ത് ജപ്തി ചെയ്ത നടപടി റദ്ദാക്കിയിരുന്നു.

എന്നാൽ നിയമപരമായി വീണ്ടും ജപ്തി നടപടി സ്വീകരിക്കാൻ സർക്കാരിന് തടസ്സമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ ഒാഫീസ് അതിവേഗം നടപടി സ്വീകരിച്ചു. വീണ്ടും സ്വത്ത് ജപ്തി ചെയ്യാൻ ഹൈക്കോടതി അനുമതി നൽകിയ വിവരം അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി. നാരായണൻ സർക്കാരിനെ ഉടൻ അറിയിച്ചു. അതിവേഗ നടപടിയുടെ ആവശ്യവും ചൂണ്ടിക്കാട്ടി.

ഇതിനു പിന്നാലെ സർക്കാർ മിന്നൽ വേഗത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു. ബഡ്സ് (ബാനിങ്‌ ഒാഫ് അൺറെഗുലേറ്റഡ് ഡിപ്പോസിറ്റ് സ്കീംസ്) ആക്ട് പ്രകാരമുള്ള അതോറിറ്റിയായ ആഭ്യന്തരവകുപ്പ് അഡീ. ചീഫ് സെക്രട്ടറി സഞ്ജയ് കൗൾ ഹൈറിച്ചിന്റെ സ്വത്തുവകകൾ ജപ്തി ചെയ്യാൻ വെള്ളിയാഴ്ച രാത്രി 10.45 ഒാടെ പുതിയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

കമ്പനിയുടെ വസ്തുവകകളുടെ കൈമാറ്റവും പണയപ്പെടുത്തലും മരവിപ്പിക്കാൻ രജിസ്ട്രേഷൻ ഐ.ജി. നടപടിയെടുക്കണമെന്നും ഉത്തരവിലുണ്ട്. വാഹനങ്ങൾ കണ്ടുകെട്ടാൻ ട്രാൻസ്പോർട്ട് കമ്മിഷണറോടും നിർദേശിച്ചിട്ടുണ്ട്. കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ജില്ലകളിലെ ലീഡ് ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും നടപടിയെടുക്കണം. ഹൈറിച്ചിന്റെ അക്കൗണ്ടുകളും നിക്ഷേപകരുടെ വിവരങ്ങളും ശേഖരിച്ച് പോലീസ് തുടർനടപടിയെടുക്കണം.

നടപടി വിവരങ്ങൾ ജില്ലാ കളക്ടർമാർക്ക് റിപ്പോർട്ട് ചെയ്യണം. കളക്ടർമാർ ബന്ധപ്പെട്ട കോടതികളിൽനിന്ന് ജപ്തി സമയബന്ധിതമായി സ്ഥിരപ്പെടുത്തിവാങ്ങണം. ആവശ്യമെങ്കിൽ പിടിച്ചടുത്ത വസ്തുക്കൾ പൊതുലേലം ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നും ഉത്തരവിൽ പറയുന്നു.

ബഡ്സ് ആക്ട് പ്രകാരം സ്വത്തുവകകൾ ജപ്തി ചെയ്താൽ അത് ബന്ധപ്പെട്ട കോടതിയിൽ അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ സ്ഥിരപ്പെടുത്തേണ്ടതുണ്ട്. 60 ദിവസം വരെ ഇക്കാര്യത്തിൽ കോടതിക്ക്‌ ഇളവ് നൽകാം. ഹൈറിച്ചിന്റെ സ്വത്ത് ആദ്യം ജപ്തി ചെയ്തപ്പോൾ 71 ദിവസത്തിന് ശേഷമാണ് കോടതിയിൽ സ്ഥിരപ്പെടുത്താനായി അപേക്ഷ നൽകിയത്.

കാലതാമസം ഉണ്ടായതിൽ ഇളവുനൽകി തൃശ്ശൂർ സ്പെഷ്യൽ കോടതി ഇത് സ്ഥിരപ്പെടുത്തുകയും ചെയ്തു.എന്നാൽ ഇത് നിയമപരമല്ലെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജപ്തി നടപടി വെള്ളിയാഴ്ച റദ്ദാക്കിയത്.

Content Highlights: The government seized high rich assets again