ഇൻസ്റ്റഗ്രാം കാമുകനെ വിവാഹംകഴിക്കാൻ പാകിസ്താനിലേക്ക് പോയി; വ്യാജരേഖ, യുവതിക്കെതിരെ കേസ്

പ്രതീകാത്മക ചിത്രം | Photo:canva
പ്രതീകാത്മക ചിത്രം | Photo:canva

മുംബൈ:  പാകിസ്താനില്‍ പോകാനായി വ്യാജരേഖകള്‍ ചമച്ച യുവതിക്കെതിരേ പോലീസ് കേസെടുത്തു. ഉത്തര്‍പ്രദേശ് സ്വദേശിയും മഹാരാഷ്ട്രയിലെ താനെയില്‍ താമസക്കാരിയുമായ 23-കാരിക്കെതിരേയാണ് പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. വ്യാജരേഖകള്‍ നിര്‍മിക്കാന്‍ സഹായംനല്‍കിയ താനെയിലെ വ്യാപാരിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം കാമുകനെ വിവാഹം കഴിക്കാനായാണ് യുവതി കഴിഞ്ഞവര്‍ഷം രണ്ടുമക്കളോടൊപ്പം പാകിസ്താനില്‍പോയത്. ഇതിനായി യുവതി വ്യാജരേഖകള്‍ ചമച്ചെന്നാണ് പോലീസ് കണ്ടെത്തല്‍. മറ്റൊരു പേരില്‍ വ്യാജ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, മക്കളുടെ പേരില്‍ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ നിര്‍മിക്കുകയും തുടര്‍ന്ന് ഇത് ഉപയോഗിച്ച് വ്യാജപേരില്‍ പാസ്‌പോര്‍ട്ട് സ്വന്തമാക്കുകയുമായിരുന്നു.

താനെയില്‍ വ്യാപാരസ്ഥാപനം നടത്തുന്നയാളാണ് യുവതിക്ക് ഇതിന് സഹായം നല്‍കിയത്. ഈ വ്യാജരേഖകള്‍ സഹിതം യുവതി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കുകയും പോലീസ് വെരിഫിക്കേഷന്‍ ലഭിക്കുകയുംചെയ്തു. പിന്നാലെ ഇതേ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യുവതി പാകിസ്താനിലേക്ക് യാത്രചെയ്‌തെന്നാണ് പോലീസ് പറയുന്നത്. 

വിവാഹിതയും രണ്ട് പെണ്‍മക്കളുടെ അമ്മയുമായ 23-കാരി കഴിഞ്ഞവര്‍ഷമാണ് മാതാവിനൊപ്പം താമസിക്കാനായി യു.പി.യില്‍നിന്ന് താനെയിലെത്തിയത്. ഭര്‍ത്താവിന്റെ ഉപദ്രവം കാരണമാണ് യുവതി നാടുവിട്ട് താനെയിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ ഇന്‍സ്റ്റഗ്രാമില്‍ പാകിസ്താന്‍ സ്വദേശിയായ യുവാവുമായി സൗഹൃദത്തിലായി. ഈ സൗഹൃദം പ്രണയമായി വളരുകയും ഇരുവരും വിവാഹംകഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്നാണ് യുവാവിന്റെ സ്വദേശമായ പാകിസ്താനിലെ അബോട്ടബാദിലേക്ക് പോകാനായി യുവതി വ്യാജ തിരിച്ചറിയല്‍രേഖകള്‍ നിര്‍മിച്ചത്.

പാകിസ്താനിലേക്ക് പോയാല്‍ തന്റെ ഭര്‍ത്താവ് അന്വേഷിക്കുമെന്നും പോലീസിനെ സമീപിക്കുമെന്നും യുവതി ഭയന്നിരുന്നു. അതിനാല്‍ ഒരിക്കലും പിടികൊടുക്കാതിരിക്കാനാണ് മറ്റൊരു പേരില്‍ വ്യാജ രേഖകള്‍ നിര്‍മിച്ചതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറോടെയാണ് യുവതി രണ്ട് മക്കള്‍ക്കൊപ്പം പാകിസ്താനിലെ അബോട്ടബാദിലേക്ക് പോയത്. ഒരുമാസത്തെ വിസയില്‍ പാകിസ്താനിലെത്തിയ യുവതി കാമുകനെ വിവാഹം കഴിച്ചു. തുടര്‍ന്ന് ആറുമാസത്തേക്ക് കൂടി വിസ കാലാവധി നീട്ടിനല്‍കാന്‍ അപേക്ഷ നല്‍കിയെങ്കിലും ഇത് തള്ളിപ്പോയി. ഇതോടെയാണ് യുവതി കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായത്. 

വിസാ കാലാവധി നീട്ടിനല്‍കാന്‍ അപേക്ഷ കിട്ടിയതോടെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഇക്കാര്യം കേന്ദ്ര ഏജന്‍സികളെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചെങ്കിലും യുവതി പാകിസ്താനില്‍നിന്ന് തിരിച്ചെത്തിയശേഷം മാത്രമാണ് ഇവര്‍ ഉപയോഗിച്ചതെല്ലാം വ്യാജരേഖകളായിരുന്നുവെന്ന് കണ്ടെത്തിയത്. 2023 ഒക്ടോബറില്‍ പാകിസ്താനിലേക്ക് പോയ യുവതി അമ്മയ്ക്ക് സുഖമില്ലാതായതോടെ നവംബറില്‍ തന്നെ തിരികെ താനെയിലെത്തിയെന്നും പോലീസ് പറഞ്ഞു. 

ജൂലായ് 20-നാണ് സംഭവത്തില്‍ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തത്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 

Content Highlights: thane woman creates fake identity cards to marry instagram lover from pakistan