ഫോൺ പിടിച്ചുപറിച്ചു, മുണ്ടഴിച്ചെടുത്തു; താമരശ്ശേരിയിൽ ബസ് തടഞ്ഞ് വിനോദയാത്രസംഘത്തിന് നേരേ ആക്രമണം

#മാതൃഭൂമി ന്യൂസ്
സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യം(ഇടത്ത്) യുവാക്കളുടെ കാര്‍ ബസിന് മുന്നില്‍ സഞ്ചരിക്കുന്ന ദൃശ്യം(വലത്ത്) | Screengrab: Mathrubhumi News
സംഭവസ്ഥലത്തുനിന്നുള്ള ദൃശ്യം(ഇടത്ത്) യുവാക്കളുടെ കാര്‍ ബസിന് മുന്നില്‍ സഞ്ചരിക്കുന്ന ദൃശ്യം(വലത്ത്) | Screengrab: Mathrubhumi News

കോഴിക്കോട്: താമരശ്ശേരിയിൽ വിനോദയാത്രസംഘത്തിന് നേരേ ആക്രമണം. വിനോദയാത്രസംഘത്തിന്റെ ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തിയാണ് സ്ത്രീകളടക്കമുള്ളവരെ യുവാക്കൾ ആക്രമിച്ചത്. സംഭവത്തിൽ നാലുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു. കൈതപ്പൊയിൽ സ്വദേശികളായ അജ്മൽ, ഷാജഹാൻ, ആഷിഖ്, ആഷിഖ് അബ്ദുറസാഖ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ഞായറാഴ്ച രാത്രി 11 മണിയോടെ താമരശ്ശേരി അടിവാരത്തിന് സമീപമാണ് സംഭവമുണ്ടായത്. ചേളന്നൂരിൽനിന്നുള്ള 42 അംഗസംഘമാണ് ബസിലുണ്ടായിരുന്നത്. വയനാട്ടിൽനിന്ന് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. താമരശ്ശേരി ചുരം ഇറങ്ങുന്നതിനിടെ വിനോദയാത്രാസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഒരു ഗുഡ്‌സ് വാഹനവുമായി ഉരസിയിരുന്നു. ഈ പ്രശ്‌നം ബസ് ഡ്രൈവറും ഗുഡ്‌സ് വാഹനത്തിലുള്ളവരും പറഞ്ഞുതീർത്തു. എന്നാൽ, ഈ സമയം കാറിലെത്തിയ ചില യുവാക്കൾ പ്രശ്‌നത്തിൽ ഇടപെട്ടുവെന്നാണ് ബസിലുണ്ടായിരുന്നവർ പറയുന്നത്. ഇതോടെ ബസ് ഡ്രൈവറും യുവാക്കളും തമ്മിൽ വാക്കുതർക്കമായി. തുടർന്ന് യുവാക്കൾ ബസ് ഡ്രൈവറെ ഭീഷണിപ്പെടുത്തി. ചുരമിറങ്ങിയിട്ട് കാണിച്ചുതരാമെന്നായിരുന്നു ഭീഷണി. തുടർന്ന് ചുരം കഴിഞ്ഞ് അടിവാരത്ത് എത്തിയതോടെയാണ് കാറിലെത്തിയ യുവാക്കൾ ബസ് തടഞ്ഞുനിർത്തിയത്. പിന്നാലെ സംഘത്തിലുള്ളവർ ബസിനുള്ളിൽ അതിക്രമിച്ചുകയറിയെന്നും യാത്രക്കാരെ ആക്രമിച്ചെന്നുമാണ് പരാതി.

ബസിലെ യാത്രക്കാരിലൊരാളായ സ്ത്രീയുടെ മൊബൈൽഫോൺ അക്രമിസംഘത്തിലൊരാൾ പിടിച്ചുപറിച്ചു. രണ്ടുയാത്രക്കാരുടെ ഉടുമുണ്ടഴിച്ചെടുത്തതായും മർദിച്ചതായും പരാതിയുണ്ട്. കുട്ടികളടക്കമുള്ള യാത്രക്കാർ ഇതോടെ ഭയന്നുപോയി. തുടർന്ന് താമരശ്ശേരി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

Content Highlights: Horrific attack on a tourist group`s bus in Thamarassery, Kozhikode. Travelers, including women and children, were assaulted. Four arrested. Read details.