ഷിബില വധക്കേസ്: രണ്ടുകൈകളിലും കത്തി,ഭാര്യ തന്നെ വിട്ടുപോവുമോയെന്ന ആശങ്ക, കുറ്റപത്രം സമര്‍പ്പിച്ചു

താമരശ്ശേരി: പുതുപ്പാടി കക്കാട് നാക്കിലമ്പാട് പാറക്കണ്ടിവീട്ടില്‍ ഷിബില (24)യെ ഭര്‍ത്താവ് വീട്ടില്‍ക്കയറി കുത്തിക്കൊന്ന കേസില്‍ താമരശ്ശേരി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യിലാണ് പോലീസ് ഇന്‍സ്‌പെക്ടര്‍ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറുനൂറുപേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്.
ഷിബിലയുടെ ഭര്‍ത്താവ് പുതുപ്പാടി തറോല്‍മറ്റത്ത് വീട്ടില്‍ യാസിര്‍ (26) ആണ് കേസിലെ ഏക പ്രതി. ഭാര്യയെ കുത്തിക്കൊലപ്പെടുത്തുകയും അവരുടെ മാതാപിതാക്കളെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ കൊലക്കുറ്റത്തിനും വധശ്രമത്തിനും ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഷിബില കൊല്ലപ്പെട്ടതിന്റെ എണ്‍പത്തിയേഴാം ദിവസമാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്.
ഷിബിലയെ വധിക്കാന്‍ ഉപയോഗിച്ച രണ്ടുകത്തികള്‍ ഉള്‍പ്പെടെ 36 തൊണ്ടിമുതലുകള്‍ ഹാജരാക്കിയ കേസില്‍ 86 സാക്ഷികളെയാണ് വിസ്തരിച്ചത്. ഒരേസമയം രണ്ടുകത്തികള്‍ ഇരുകൈകളിലും പിടിച്ച് യാസിര്‍ ഷിബിലയെ ആക്രമിച്ചതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കത്തിക്കുത്തേറ്റ് ആഴത്തിലുള്ള പതിനൊന്നുമുറിവുകളായിരുന്നു ഷിബിലയുടെ ദേഹത്തുണ്ടായിരുന്നത്. തന്റെ വീട്ടിലേക്ക് ഷിബില മടങ്ങിവരാത്തതിലുള്ള വിരോധവും, ഭാര്യ തന്നെ വിട്ടുപോവുമോയെന്ന ആശങ്കയുമാണ് യാസിറിനെ അരുംകൊലയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
കുറ്റപത്രത്തോടൊപ്പം 76 അനുബന്ധരേഖകളാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. മാര്‍ച്ച് 18-ന് രാത്രി ഏഴുമണിക്കായിരുന്നു ഷിബിലയെ നാക്കിലമ്പാട്ടെ വീട്ടുമുറ്റത്തുവെച്ച് യാസിര്‍ കുത്തിക്കൊലപ്പെടുത്തുകയും ഭാര്യയുടെ മാതാപിതാക്കളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തത്. അക്രമത്തിനുശേഷം കടന്നുകളഞ്ഞ യാസിറിനെ മെഡിക്കല്‍ കോളേജ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍നിന്ന് മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്ത് താമരശ്ശേരി പോലീസിന് കൈമാറുകയായിരുന്നു.
Content Highlights: chargesheet has been filed against a husband in the murder of his wife, Shibila, in Thamarassery