+1 വിദ്യാർഥികൾ ഡ്രസ്‌കോഡിലെത്തിയത് സഹിച്ചില്ല, +2 ക്കാരുടെ ക്രൂരമർദനം; അഞ്ച് വിദ്യാർഥികൾക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരിയിലെ ഒരു പൊതുവിദ്യാലയത്തിൽ പ്ലസ് വൺ, പ്ലസ്ടു വിദ്യാർഥികൾ തമ്മിൽ ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ചു ജൂനിയർ വിദ്യാർഥികൾക്ക് പരിക്ക്. പ്ലസ് വൺ വിദ്യാർഥികൾ ഡ്രസ്‌കോഡിൽ എത്തി ഒരുമിച്ചുനിന്ന് ഫോട്ടോയെടുക്കുന്നത് പ്ലസ്ടു വിദ്യാർഥികൾ വിലക്കിയതാണ് സംഘർഷത്തിന് വഴിയൊരുക്കിയത്. തുടർന്ന് ഒരുവിഭാഗം പ്ലസ്ടു വിദ്യാർഥികൾ ജൂനിയർ വിദ്യാർഥികളെ കൂട്ടംചേർന്ന് മർദിക്കുകയുമായിരുന്നു. പരിക്കേറ്റ അഞ്ചുപേരിൽ മൂന്നു പ്ലസ് വൺ വിദ്യാർഥികൾക്ക് കൈവളപോലുള്ള എന്തോകൊണ്ട് പോറി മുഖത്താണ് മുറിവേറ്റത്.
ഇവരെയും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സനൽകി. അക്രമം നടത്തിയ വിദ്യാർഥികൾക്കെതിരേ അച്ചടക്കനടപടിയെടുക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഘർഷം തുടങ്ങിയത്. സാധാരണയായി സ്കൂളിൽ പ്ലസ്ടു വിദ്യാർഥികൾമാത്രമാണ് ഒരേവേഷം ധരിച്ച് ഓണാഘോഷത്തിനെത്താറുള്ളത്. എന്നാൽ, ഇത്തവണ പ്ലസ് വൺ വിദ്യാർഥികളും ഒരേനിറത്തിലും മാതൃകയിലുമുള്ള വേഷം തിരഞ്ഞെടുക്കുകയായിരുന്നു. പതിവുതെറ്റിച്ച് ഒരേ ഡ്രസ്‌കോഡിൽ വന്ന ജൂനിയർ വിദ്യാർഥികൾ, ഇൻസ്റ്റഗ്രാം പോലുള്ള സാമൂഹികമാധ്യമങ്ങളിൽ ഇടാൻ ഗ്രൂപ്പ് ഫോട്ടോ എടുക്കേണ്ടെന്ന് പറഞ്ഞായിരുന്നു അക്രമമെന്ന് സ്കൂൾ അധികൃതർ പറയുന്നു. അധ്യാപകരും മറ്റും ഏറെ പണിപ്പെട്ടാണ് തമ്മിൽത്തല്ലിയ വിദ്യാർഥികളെ പിന്തിരിപ്പിച്ചത്. പരാതി ലഭ്യമാവുന്നപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.
Content Highlights: Clash occurred between Plus One and Plus Two students during Onam celebrations at a Thamarassery public school., Dispute started over Plus One students wearing a matching dress code and taking group photos.