‘നീ കൊന്നില്ലെങ്കിൽ ഞാൻ കൊല്ലും’; ഭർത്താവിനെ വകവരുത്താൻ കാമുകന് ഭാര്യയുടെ വാട്സാപ്പ് സന്ദേശം, ഒളിവിൽ

#ന്യൂസ് ഡെസ്ക്
ചാറ്റിന്റെ സ്ക്രീൻ ഷോട്ട് | Photo: x.com/HateDetectors
ചാറ്റിന്റെ സ്ക്രീൻ ഷോട്ട് | Photo: x.com/HateDetectors

മഹബൂബാബാദ്: തെലങ്കാനയിൽ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം റോഡപകടമാണെന്ന് വരുത്തിത്തീർക്കാൻ പദ്ധതിയിട്ട ഭാര്യയും കാമുകനും കുടുങ്ങി. മഹബൂബാബാദ് സ്വദേശിയായ ഗാഡെ രാജേശ്വര റാവുവാണ് തന്റെ ഭാര്യ ഭവാനിയും കാമുകൻ സൈദുലുവും ചേർന്ന് കൊലപാതകത്തിന് പദ്ധതിയിട്ടതായി പോലീസിൽ പരാതി നൽകിയത്. ഭാര്യയുടെ ഫോണിലെ വാട്സാപ്പ്, ഇൻസ്റ്റഗ്രാം സന്ദേശങ്ങൾ പരിശോധിച്ചപ്പോഴാണ് പദ്ധതിയുടെ വിവരങ്ങൾ പുറത്തുവന്നതെന്നാണ് റാവുവിന്റെ പരാതിയിൽ പറയുന്നത്.

2016-ലാണ് രാജേശ്വര റാവുവും ഭവാനിയും വിവാഹിതരാകുന്നത്. ഇവർക്ക് രണ്ട് പെൺമക്കളുമുണ്ട്. ഇതിനിടെ ഖമ്മം സ്വദേശിയും കൊറിയർ ഏജന്റുമായ സൈദുലു എന്ന യുവാവുമായി ഭവാനി പ്രണയത്തിലായി. റാവു വീട്ടിലില്ലാത്ത സമയത്ത് സൈദുലു അവിടെ സന്ദർശനം നടത്താറുണ്ടായിരുന്നു. ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ റാവു ജൂലായ് 27-ന് അവരുടെ ഫോൺ പരിശോധിച്ചപ്പോഴാണ് തന്നെ ഇല്ലാതാക്കാനുള്ള പദ്ധതിയെക്കുറിച്ച് അറിഞ്ഞത്.

വീടിനുള്ളിൽ വെച്ച് കൊലപ്പെടുത്തിയാൽ സംശയം തോന്നാൻ സാധ്യതയുണ്ടെന്നും അതിനാൽ പുറത്തുവെച്ച് കൊലപ്പെടുത്തി റോഡപകടമായി ചിത്രീകരിക്കണമെന്നും ഭവാനി കാമുകനോട് നിർദ്ദേശിക്കുന്ന ചാറ്റുകൾ ഇയാൾക്ക് ലഭിച്ചതായാണ് റിപ്പോർട്ടുകൾ. നീ കൊന്നില്ലെങ്കിൽ താൻ തന്നെ ഭർത്താവിനെ വകവരുത്തുമെന്ന് ഭവാനി സൈദുലുവിനോട് പറയുന്ന സംഭാഷണങ്ങളും ഇതിലുണ്ടായിരുന്നു. ഇതോടെ രാജേശ്വര റാവു ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ സഹിതം പോലീസിനെ സമീപിച്ചു. തന്റെയും മക്കളുടെയും ജീവൻ അപകടത്തിലാണെന്നും സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റാവുവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ഖമ്മം റൂറൽ പോലീസിന് കൈമാറി. നിലവിൽ പ്രതികളായ ഭവാനിയും സൈദുലുവും ഒളിവിലാണെന്നും ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. റാവു നൽകിയ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത പരിശോധിച്ചു വരികയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഇൻസ്പെക്ടർ എം. രാജു വ്യക്തമാക്കി.