'ബാബൂ..' കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അധ്യാപിക വിളിച്ചു;നോട്ടുകെട്ടിൽ രക്തക്കറ, പോയത് ഗോവയിലേക്ക്

#ന്യൂസ് ഡെസ്ക്
രൂപാ റെഡ്ഡി | Photo: Screengrab/ x
രൂപാ റെഡ്ഡി | Photo: Screengrab/ x

ഹൈദരാബാദ്: ആഡംബരജീവിതം നയിക്കാൻ അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വാർത്തയാണ് തെലങ്കാനയിൽനിന്ന് വരുന്നത്. സ്വകാര്യ സ്കൂൾ പ്രിൻസിപ്പലായ രൂപാ റെഡ്ഡിയെ സ്വന്തം വീട്ടിൽവെച്ച് ഇതേ സ്കൂളിലെ പത്താം ക്ലാസുകാരായ രണ്ടു വിദ്യാർഥികൾ 27 തവണ കുത്തി കൊലപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന വിവരം. ആഡംബര ജീവിതം സ്വപ്നംകണ്ടായിരുന്നു കൊലപാതകം.

ഓഗസ്റ്റ് 12-നായിരുന്നു രൂപാ റെഡ്ഡിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഫീസ് അടയ്ക്കുന്ന ദിവസമായ ഓഗസ്റ്റ് 11-ന് പ്രിൻസിപ്പലിന്റെ വീട്ടിൽ വലിയ തുക കാണുമെന്ന കണക്കുകൂട്ടലിൽ അഞ്ച് ദിവസം മുമ്പേ കുട്ടികൾ പദ്ധതി തയ്യാറാക്കി. സിസിടിവി ക്യാമറകളുടെ സ്ഥാനം മനസ്സിലാക്കി, ഗ്ലൗസുകളും കത്തിയും സംഘടിപ്പിച്ചശേഷമാണ് ഇവർ കൃത്യത്തിന് തുനിഞ്ഞിറങ്ങിയത്. കൊലപാതകത്തിനു ശേഷം വീട്ടിലുണ്ടായിരുന്ന 2.5 ലക്ഷത്തോളം രൂപയുമായാണ് ഇവർ കടന്നുകളഞ്ഞത്.

അഞ്ചുദിവസത്തെ ആസൂത്രണം

അഞ്ച് ദിവസംനീണ്ട ആസൂത്രണത്തിനൊടുവിലാണ് മോഷണത്തിനായി അധ്യാപികയുടെ വീട്ടിൽ ഇവർ കയറുന്നത്. മതിൽ ചാടിക്കടന്നാണ് ഇവർ വീട്ടിലേക്ക് കടന്നത്. ആദ്യം ഒരാൾ അകത്തുകയറി, മറ്റേയാൾ പുറത്ത് കാവൽനിന്നു. സ്കൂളിൽ ഫീസടയ്‌ക്കേണ്ട ദിവസമായതിനാൽ അധ്യാപികയുടെ പക്കൽ വൻതോതിൽ പണമുണ്ടാകുമെന്ന് നേരത്തേതന്നെ കുട്ടികൾ കണക്കുകൂട്ടിയിരുന്നു. ഇത് മനസ്സിലാക്കിയ ശേഷമായിരുന്നു മോഷണത്തിനെത്തിയത്. വീട്ടിൽ സിസിടിവി ഉള്ള ഇടങ്ങളൊക്കെ നേരത്തേതന്നെ മനസ്സിലാക്കിവെച്ചിരുന്നു. പദ്ധതി ആസൂത്രണഘട്ടത്തിൽത്തന്നെ കൈയുറകളും മങ്കി ക്യാപ്പുകളും മറ്റും ഇവർ കരുതിയിരുന്നു.

ഒരാൾ കിടപ്പുമുറിയിൽ കയറി വലിപ്പിൽനിന്ന് പണം മോഷ്ടിച്ച് പുറത്തുകടക്കാനൊരുങ്ങുമ്പോഴാണ് അധ്യാപിക കടന്നുവന്നത്. ഈ സമയം മങ്കി ക്യാപ്പ് ചെറുതായി തലയിൽനിന്ന് നീങ്ങുകയും ചെയ്തു. തന്നെ തിരിച്ചറിഞ്ഞുവെന്ന് മനസ്സിലാക്കിയ കുട്ടി കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് രൂപാ റെഡ്ഡിയെ തുരുതുരാ കുത്തുകയായിരുന്നു. 27 തവണ അധ്യാപികയെ കുത്തിയതായാണ് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നത്.

കൊലപാതകത്തിനു പിന്നാലെ ഗോവയിലേക്ക്

ക്രൂരമായി അധ്യാപികയെ കൊലപ്പെടുത്തിയശേഷം ഇവർ നേരെ പോയത് ഗോവയിലേക്കായിരുന്നു. കൈയിലുള്ള പണംകൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു ലക്ഷ്യം. വിലകൂടിയ ഐഫോണും ഇവർ വാങ്ങിയിരുന്നു. തെളിവുനശിപ്പിക്കാനായി വസ്ത്രങ്ങൾ ഡ്രെയിനേജിൽ ഉപേക്ഷിക്കുകയും ചെയ്തു. ഇതിനു ശേഷമായിരുന്നു ഇവർ ഗോവയിലേക്ക് മുങ്ങിയത്.

വഴിത്തിരിവായ 'ബാബു' വിളി

കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പ് രൂപാ റെഡ്ഡി തന്റെ അമ്മായിയുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടയിൽ അവർ "ബാബു" എന്ന് ആരെയോ വിളിക്കുകയും തൊട്ടുപിന്നാലെ ഫോൺ കട്ടാവുകയും ചെയ്തു. സാധാരണയായി തെലുങ്കിൽ വിദ്യാർഥികളെയോ കുട്ടികളെയോ അഭിസംബോധന ചെയ്യാൻ ഉപയോഗിക്കുന്ന വാക്കാണ് "ബാബു". ഇതോടെ കൊലപാതകത്തിന് പിന്നിൽ കുട്ടികൾക്കോ സ്കൂളിലെ വിദ്യാർഥികൾക്കോ പങ്കുണ്ടാകാമെന്ന് പോലീസ് സംശയിച്ചു. തുടർന്ന് പോലീസ് വിദ്യാർഥികളെ നിരീക്ഷിച്ചുവരികയായിരുന്നു.

നോട്ടുകെട്ടിലെ ചോരയും ആഡംബര ജീവിതവും

സംഭവത്തിന് ശേഷം സ്കൂളിലെ ജീവനക്കാരെയും വിദ്യാർഥികളെയും പോലീസ് നിരീക്ഷിച്ചു. ഇതിനിടയിലാണ് പത്താംക്ലാസുകാരായ രണ്ട് വിദ്യാർഥികൾ പെട്ടെന്ന് ധാരാളമായി പണം ചെലവഴിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ആഘോഷങ്ങൾ നടത്തുന്നതും ആഡംബരജീവിതം നയിക്കുന്നതും പോലീസ് ശ്രദ്ധിച്ചു. സംശയം തോന്നിയ പോലീസ് കുട്ടികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

Photo: @NalgondaCop

പണവും ഐഫോണും

ഒരാളുടെ പക്കൽനിന്ന് 1.51 ലക്ഷം രൂപയും വിലകൂടിയ ഐഫോണും പോലീസ് കണ്ടെടുത്തു. മാതാപിതാക്കൾ തന്ന പണമെന്നായിരുന്നു കുട്ടി ആദ്യം അന്വേഷണ സംഘത്തോട് വാദിച്ചത്. എന്നാൽ, നോട്ടുകെട്ടിലെ രക്തക്കറ ഫൊറൻസിക് പരിശോധനയിൽ കണ്ടെത്തിയതോടെ കുറ്റം സമ്മതിക്കാതെ മറ്റു വഴിയില്ലെന്നായി.

ബൈക്കുകളോടും കാറുകളോടും ഭ്രമം

രൂപ റെഡ്ഡി, രൂപയുടെ വീട്ടിൽനിന്നുള്ള സിസിടിവി ദൃശ്യം

ലഹരിവസ്തുക്കൾക്കടിമപ്പെട്ട ഇവർ കാറുകളോടും ബൈക്കുകളോടും അമിതഭ്രമം കാട്ടിയിരുന്നതായാണ് വിവരം. എങ്ങനെയും പെട്ടെന്ന് പണക്കാരനാകുക എന്ന ആഗ്രഹവും ഇവർക്കുണ്ടായിരുന്നു. കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് ഇന്റർനെറ്റിൽ 'എങ്ങനെ പെട്ടെന്ന് പണമുണ്ടാക്കാം' എന്ന് തിരഞ്ഞിരുന്നെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.

ഹോസ്റ്റലിൽനിന്ന് പുറത്താക്കിയതിലെ വൈരാഗ്യം

കൊലപാതകത്തിന് രണ്ടാഴ്ച മുമ്പ് അധ്യാപകർ നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന് ഫോണും പണവും കണ്ടെത്തിയിരുന്നു. തുടർന്ന് പ്രിൻസിപ്പലും സ്കൂൾ അധികൃതരും ചേർന്ന് കുട്ടിക്ക് താക്കീത് നൽകുകയും ഹോസ്റ്റലിൽനിന്ന് പുറത്താക്കി റെഗുലർ ക്ലാസിലേക്ക് മാത്രം വരാൻ നിർദേശിക്കുകയും ചെയ്തു. വിവരം രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. ഇവർക്ക് പ്രിൻസിപ്പലിനോട് ഇതിന്റെ പ്രതികാരവും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

Content Highlights: Private school principal Roopa Reddy stabbed 27 times by two 10th-grade students., Murder planned 5 days in advance to steal fee collection money for a luxurious lifestyle., Accused fled to Goa, bought an iPhone, and spent lavishly using blood-stained cash., Police cracked the case through forensic examination of blood-stained currency notes and victim's last phone call.