17-കാരനെ കൊന്ന് ചാക്കിലാക്കി; പ്രതിയായ 17-കാരൻ പിടിയിൽ: പെൺകുട്ടിയുടെ ഇൻസ്റ്റാ ഐഡിയിൽനിന്ന് മെസ്സേജയച്ച് വിളിച്ചുവരുത്തി

#ന്യൂസ് ഡെസ്ക്
അഭിറാം
അഭിറാം

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരനെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. പ്രണയവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമികവിവരം. പാങ്ങപ്പാറയിലെ ഒഴിഞ്ഞ പറമ്പിൽ ചാക്കിലാക്കി ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. പ്ലസ്ടു വിദ്യാർഥിയായ അഭിറാം ആണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്ന പ്രതിയും ഒരു 17-കാരനാണ്.

സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഇന്നലെ, ഞായറാഴ്ച വൈകുന്നേരം മൂന്നുമണിയോടെ അഭിറാം ശ്രീകാര്യത്തെ സ്വന്തം വീട്ടിൽനിന്നും പുറത്തേക്ക് പോയത്. വൈകുന്നേരം ഫോണിൽ ബന്ധപ്പെട്ടപ്പോൾ അധികം വൈകാതെ തിരിച്ചെത്തും എന്നാണ് പറഞ്ഞത്. എന്നാൽ രാത്രിയായിട്ടും കുട്ടി വീട്ടിൽ എത്തിയില്ല.

ഫോൺ സ്വിച്ച് ഓഫ് ആവുകകൂടി ചെയ്തതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. തിരോധാനത്തിന് കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പാങ്ങപ്പാറയിൽനിന്ന് ഇന്ന് വൈകുന്നേരത്തോടെ, ചാക്കിലാക്കി വാഴത്തോട്ടത്തിൽ ഉപേക്ഷിച്ച നിലയിലാണ് അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്.

ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ ലഭിച്ചിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പറയുന്നതിങ്ങനെ; ഇന്നലെ വൈകുന്നേരത്തോടെ ഒരു പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്നും അഭിറാമിന് ഒരു മെസേജ് വന്നിരുന്നു. ഇതിനുപിന്നാലെയാണ് അയാൾ വീട്ടിൽനിന്നും ഇറങ്ങിയത്.

പെൺകുട്ടിയെ ഉപയോഗിച്ച് ഇയാളെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ഇവിടെയെത്തിയ ചെറുപ്പക്കാരനെ പ്രതി കൊലപ്പെടുത്തുകയായിരുന്നു. പ്രതിയായ 17-കാരനും ഒരു പെൺകുട്ടിയും തമ്മിൽ ഇഷ്ടത്തിലായിരുന്നു. കൊല്ലപ്പെട്ട അഭിറാമിനും ഇതേ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കണമെന്നുണ്ടായിരുന്നു.

ഇതിന്റെ ഭാഗമായി നടന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. കൊല്ലപ്പെട്ടയാളും കൊലനടത്തിയയാളും 17-വയസുള്ള ചെറുപ്പക്കാരാണ് എന്നതാണ് ഈ കേസിന്റെ ഞെട്ടിക്കുന്ന പ്രത്യേകത. കൊല നടത്തിയ ചെറുപ്പക്കാൻ പ്ലസ്ടു പഠിക്കേണ്ട പ്രായക്കാരനാണെങ്കിലും അയാൾ പഠനം തുടർന്നിരുന്നില്ല എന്നാണ് വിവരം.

മാത്രമല്ല, ഇയാൾ മോഷണമടക്കമുള്ള പല കേസുകളിലും മുമ്പ് പ്രതിയായിട്ടുള്ള ആളാണെന്നും വിവരമുണ്ട്. ഇയാൾ ഒറ്റയ്ക്കാണോ കൃത്യം നടത്തിയത് എന്നതും സംശയമാണ്. 17-കാരന് ഒറ്റയ്ക്ക് ഒരാളെ കൊലപ്പെടുത്തി ചാക്കിലാക്കി വാഴത്തോട്ടത്തിൽ ഉപേക്ഷിക്കാൻ കഴിയുമോ എന്നും അതിന്റെ സാധ്യത എത്രത്തോളമുണ്ടെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പോലീസിന് ചിലരെ സംശയമുള്ളതായും വിവരമുണ്ട്.

അഭിറാമിന്റെ കൂട്ടുകാരെ പോലീസ് ഇന്നലെ തന്നെ ചോദ്യംചെയ്തിരുന്നുവെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും ശേഷമാണ് അഭിറാമിന്റെ മൃതദേഹം കണ്ടെത്തിയത്. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്. സ്റ്റേഷനിൽ പ്രതിയുടെ ചോദ്യംചെയ്യൽ പുരോഗമിക്കുകയാണ്.

അതേസമയം, കുട്ടിയെ കണ്ടുപിടിക്കുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചു എന്ന് മാതാപിതാക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്. മരിച്ച കുട്ടിയുടെ അമ്മയും അച്ഛനും രാവിലെ മുതൽ പോലീസ് സ്‌റ്റേഷനിലാണുള്ളത്. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് വൈകീട്ടോടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെതന്നെ കൊലനടത്തിയ 17-കാരനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Content Highlights: A 17-year-old was arrested for the murder of another 17-year-old, Abhiram, in Pangappara, following a dispute related to a romantic relationship. Abhiram's body was found hanging from a tree in a sack, and the police investigation revealed that he was lured to the location through a message from a girl's Instagram account. The suspect, who has a history of theft, was in a relationship with the girl, and police are investigating whether he acted alone or with accomplices, amid criticism from the victim's parents regarding police response.