11 വര്‍ഷത്തെ നിയമപോരാട്ടം, മാനഹാനി, കുടുംബത്തിന്റെ വേദന; ആരോടും ദേഷ്യമില്ലെന്ന് ആനന്ദ് വിശ്വനാഥന്‍

#ജോര്‍ജ് തോമസ്
ആനന്ദ് വിശ്വനാഥൻ, പ്രതീകാത്മക ചിത്രം
ആനന്ദ് വിശ്വനാഥൻ, പ്രതീകാത്മക ചിത്രം

തൊടുപുഴ: ''ഞാന്‍ പഠിപ്പിച്ച കുട്ടികളാണ് അവര്‍. പീഡനപരാതി നല്‍കിയതില്‍ ദേഷ്യമില്ല. ചെയ്തത് തെറ്റോ ശരിയോ എന്ന് തിരിച്ചറിയാനുള്ള പ്രായം അന്നും ഇന്നും അവര്‍ക്കുണ്ട്. എന്തുവേണമെന്ന് അവര്‍ ചിന്തിക്കട്ടെ''. വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന വ്യാജപരാതിയില്‍ മൂന്നാര്‍ കോളേജിലെ ആനന്ദ് വിശ്വനാഥനെന്ന മുന്‍ അധ്യാപകന് വന്ന നഷ്ടങ്ങള്‍ വലുതാണ്. 11 വര്‍ഷം നീണ്ട നിയമപോരാട്ടം. ഉറങ്ങാതിരുന്ന രാത്രികള്‍, മാനഹാനി, കുടുംബത്തിന്റെ വേദന. അപ്പോഴും അദ്ദേഹം പകരുന്ന പാഠമുണ്ട്. എത്രയൊക്കെ വേദനിപ്പിച്ചാലും അധ്യാപക-വിദ്യാര്‍ഥി ബന്ധത്തിന് വിശുദ്ധിയുണ്ട്. അദ്ദേഹത്തിനെതിരേ പരാതി നല്‍കിയവര്‍പോലും പഠിക്കേണ്ട പാഠം.

മൂന്നാര്‍ ഗവ. കോളേജിലെ ഇക്കണോമിക്‌സ് വിഭാഗം മേധാവിയായിരുന്നു പ്രൊഫ. ആനന്ദ് വിശ്വനാഥന്‍. 2014 സെപ്റ്റംബര്‍ അഞ്ചിന് കോളേജില്‍ പരീക്ഷ നടക്കുന്നതിനിടെ അഡീഷണല്‍ ചീഫ് എക്സാമിനര്‍കൂടിയായ ആനന്ദ് അഞ്ചുവിദ്യാര്‍ഥിനികളെ കോപ്പിയടിച്ചതിന് പിടികൂടി. സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ ഇന്‍വിജിലേറ്ററെ ചുമതലപ്പെടുത്തി. പക്ഷേ, രാഷ്ട്രീയ ഇടപെടലില്‍ അതുണ്ടായില്ല. കോളേജിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ ഏക പ്രവര്‍ത്തകനായിരുന്നു ആനന്ദ്. വിരോധംതീര്‍ക്കാന്‍ മറുപക്ഷം പീഡന പരാതി എഴുതിവാങ്ങിച്ചു. മൂന്നാറിലെ സിപിഎം ഓഫീസില്‍വെച്ചാണ് പരാതിയെഴുതിയതെന്ന് പെണ്‍കുട്ടികള്‍ പിന്നീട് സമ്മതിച്ചു.

കോളേജിലെ ഇന്റേണല്‍ കമ്മിറ്റി ആനന്ദിനെ അന്വേഷണത്തിന് വിളിപ്പിച്ചു. എന്നാല്‍, പരാതിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ നല്‍കിയില്ല. ആനന്ദ് അന്വേഷണം ബഹിഷ്‌കരിച്ചു. യൂണിവേഴ്സിറ്റി നിയോഗിച്ച അന്വേഷണക്കമ്മിഷനും കുട്ടികളുടെ മൊഴി അടിസ്ഥാനപ്പെടുത്തി റിപ്പോര്‍ട്ടെഴുതി.

മൂന്നാര്‍ പോലീസ് നാല് കേസെടുത്തു. പക്ഷേ, കുടുംബം അദ്ദേഹത്തോടൊപ്പം നിന്നു. കെട്ടിച്ചമച്ച പരാതിയാണെന്ന് ഭാര്യക്ക് അറിയാമായിരുന്നു. തങ്ങളുടെ അച്ഛന്‍ തെറ്റ് ചെയ്യില്ലെന്ന് മൂന്നുമക്കളും ഉറച്ചുവിശ്വസിച്ചു.

കേസില്‍ ദേവികുളം കോടതി മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു. അപ്പീലുമായി തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതിയിലേക്ക്. വീണ്ടും നാലുവര്‍ഷം കോടതി കയറിയിറങ്ങി. ഇതിനിടെ 2021 മാര്‍ച്ചില്‍ വിരമിച്ചു. ഒടുവില്‍ വിധിവന്നു. പരാതിക്കാരുടെ മൊഴികളും തെളിവുകളും വിശ്വസിക്കാനാവുന്നതല്ല. കോപ്പിയടിച്ചെന്ന വാദം നിലനില്‍ക്കുന്നുമുണ്ട്. ഇതെല്ലാം ആനന്ദിനെ വ്യാജമായി കുടുക്കിയതാണെന്ന് തെളിയിക്കാന്‍ ഉതകുന്നതാണെന്നും കോടതി വിധിച്ചു. ശിക്ഷ വിധിച്ച രണ്ടുകേസുകളും ഇല്ലാതായി.

പക്ഷേ, ആനുകൂല്യങ്ങളെല്ലാം തടഞ്ഞുവെച്ചിരിക്കുകയാണ്. പെന്‍ഷനും പൂര്‍ണമായി നല്‍കുന്നില്ല. ഇത് റദ്ദാക്കാന്‍ അപ്പീല്‍ നല്‍കി കാത്തിരിക്കുകയാണ് അദ്ദേഹം. നഷ്ടമായതൊക്കെ ആര് തിരികെത്തരുമെന്നും ആനന്ദ് ചോദിക്കുന്നു.

Content Highlights: anand viswanathan professor's 11-year struggle against false student sexual accusations