കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന യുവതി മരിച്ചനിലയില്‍; വിഷം കഴിച്ച കാമുകന്‍ ആശുപത്രിയില്‍

മലപ്പുറം: കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവതിയെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തി. താനൂര്‍ സ്വദേശിയായ സൗജത്തിനെ(30)യാണ് കൊണ്ടോട്ടി വലിയപറമ്പിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സൗജത്തിന്റെ കാമുകനായ ബഷീറി(28)നെ വിഷം ഉള്ളില്‍ച്ചെന്ന് അവശനിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴുത്തില്‍ ഷാള്‍ മുറുക്കിയനിലയിലാണ് സൗജത്തിന്റെ മൃതദേഹം കണ്ടത്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സൗജത്തിനൊപ്പം താമസിച്ചിരുന്ന കാമുകന്‍ ബഷീറിനെ കോട്ടയ്ക്കലിലാണ് വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയത്. വിഷം കഴിച്ചശേഷം ഇയാള്‍ തന്നെ സഹോദരിയെ ഫോണില്‍ വിളിച്ചറിയിച്ചെന്നാണ് വിവരം. തുടര്‍ന്ന് ബന്ധുക്കളെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
2018-ലാണ് താനൂര്‍ സ്വദേശി പൗറകത്ത് സവാദി(40)നെ ഭാര്യ സൗജത്തും കാമുകനായ ബഷീറും ചേര്‍ന്ന് അതിക്രൂരമായി കൊലപ്പെടുത്തിയത്. വീടിന്റെ സിറ്റൗട്ടില്‍ കിടന്നുറങ്ങുകയായിരുന്ന സവാദിനെ ബഷീര്‍ തലയ്ക്കടിക്കുകയായിരുന്നു. പിന്നാലെ കഴുത്തറുത്ത് സൗജത്ത് മരണം ഉറപ്പുവരുത്തുകയും ചെയ്തു. സംഭവത്തിന്റെ പിറ്റേദിവസം തന്നെ സൗജത്തിനെ പോലീസ് പിടികൂടിയിരുന്നു. കൃത്യം നടത്തിയശേഷം വിദേശത്തേക്ക് മുങ്ങിയ ബഷീറിനെ പിന്നീട് നാട്ടില്‍ തിരിച്ചെത്തിച്ചും അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഇരുവരും ജില്ലയിലെ വിവിധഭാഗങ്ങളിലെ വാടകക്വാര്‍ട്ടേഴ്‌സുകളിലാണ് താമസിച്ചുവന്നിരുന്നത്. ആറുമാസം മുമ്പാണ് ഇവര്‍ കൊണ്ടോട്ടി വലിയപറമ്പില്‍ താമസം ആരംഭിച്ചതെന്നാണ് വിവരം. സവാദ് കൊലക്കേസില്‍ പ്രതികളെ സഹായിച്ചതിന് ബഷീറിന്റെ സുഹൃത്തായ സൂഫിയാനും അറസ്റ്റിലായിരുന്നു.
Content Highlights: tanur savad murder case accused soujath found dead at home lover basheer in hospital