'സ്വീഡനിലേക്ക് കുറച്ച് വിസയുണ്ട്'; തട്ടിയെടുത്തത് 90 ലക്ഷം രൂപ; പ്രതിയെ പൂട്ടി പോലീസ്

കാളികാവ്: വിസ നല്‍കാമെന്നുപറഞ്ഞ് ഒട്ടേറെപ്പേരില്‍നിന്ന് 90 ലക്ഷം രൂപയോളം തട്ടിയെടുത്തെന്ന കേസില്‍ യുവാവ് അറസ്റ്റിലായി. തൃശ്ശൂര്‍ കാറളം സ്വദേശി നാലുകണ്ടന്‍ ജിന്റോ ജോസഫിനെയാണ് (36) കാളികാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ പോയ ഇയാളെ തിരുവനന്തപുരം കിളിമാനൂരിലെ ഫ്‌ളാറ്റില്‍നിന്നാണ് പിടികൂടിയത്.
സ്വീഡനിലേക്ക് വിസ നല്‍കാമെന്നു പറഞ്ഞ് കാളികാവ് അടയ്ക്കാക്കുണ്ട് സ്വദേശി കാരടി മുഹമ്മദ് അന്‍ഷിഫിനെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ജിന്റോയെ പിടികൂടിയത്. അന്‍ഷിഫിന് മൂന്നു ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.
സ്വീഡനിലെ കമ്പനിയുടെ കുറച്ച് വിസയുണ്ടെന്ന് പറഞ്ഞ് ജിന്റോ പലരില്‍നിന്നായി 90 ലക്ഷം രൂപയോളം തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പണം വാങ്ങി വിസ നല്‍കാതെ പ്രതി ആദ്യം പൊള്ളാച്ചിയിലേക്കും പിന്നീട് കിളിമാനൂരിലേക്കും താമസം മാറ്റി. ഫോണില്‍ ബന്ധപ്പെട്ട് കിട്ടാതായപ്പോള്‍ പണം നല്‍കിയവര്‍ വീട്ടില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി. എറണാകുളം, വരാപ്പുഴ, ബിനാനിപുരം, കോതമംഗലം തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലും ഇയാളുടെ പേരില്‍ സമാനകേസുകളുണ്ട്. ഒരു തട്ടിപ്പിനുശേഷം ഫോണും സിം കാര്‍ഡുകളും പിന്നീട് ഉപയോഗിക്കാത്തതാണ് രീതി.
കാളികാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ വി. അനീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ അന്‍വര്‍ സാദത്ത് ഇല്ലിക്കല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വ്യതീഷ്, ശ്രീജിത്ത്, ഷൈജു, റിയാസ് ചീനി, മന്‍സൂറലി, ഹര്‍ഷാദ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഫീല്‍ഡ് ഓഫീസര്‍ ടി. വിനു എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മഞ്ചേരി കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: Sweden visa fraud case accused arrested by police