വിവാഹേതരബന്ധം: ഭാര്യയെ സംശയിച്ച് ടെക്കി യുവാവ് മൂന്നരവയസുള്ള മകനെ കഴുത്തറുത്ത് കൊന്നു

പുണെ (മഹാരാഷ്ട്രാ): ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തിനും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ മൂന്നര വയസ്സുള്ള മകനെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ 38-കാരനായ ടെക്കി യുവാവ് അറസ്റ്റിലായി. പുണെയിലെ ചന്ദന്‍ നഗറിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മാധവ് തികേതിയുടെയും ഭാര്യ സ്വരൂപയുടെയും ഏക മകന്‍ ഹിമ്മത് മാധവ് തികേതിയാണ് കൊല്ലപ്പെട്ടത്.
ആന്ധപ്രദേശിലെ വിശാഖപട്ടണം സ്വദേശികളാണ് ദമ്പതികള്‍. സ്വരൂപയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് മാധവ് സംശയിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കത്തിനൊടുവില്‍ രോഷകുലനായി മകനേയും കൂട്ടി മാധവ് വീട് വിട്ടിറങ്ങി.
ആദ്യം ബാറിലേക്ക് പോയ മാധവ് പിന്നീട് ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്കും ശേഷം അവിടെ നിന്ന് വനപ്രദേശത്തേക്കും പോകുകയായിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാധവും മകനും തിരിച്ചെത്താതിരിക്കുകയും ബന്ധപ്പെടാനും സാധിക്കാതെ വന്നതോടെ സ്വരൂപ പോലീസ് സ്‌റ്റേഷനിലെത്തി. മകനെയും ഭര്‍ത്താവിനെയും കാണാനില്ലെന്ന പരാതി നല്‍കി.
സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 2:30 നാണ് മാധവിനെ അവസാനമായി മകനോടൊപ്പം കണ്ടത്, വെകുന്നേരം അഞ്ചുമണിക്ക് ലഭിച്ച തുടര്‍ന്നുള്ള ദൃശ്യങ്ങളില്‍ അദ്ദേഹം ഒറ്റയ്ക്കായിരുന്നു. ഇതിനിടെ വസ്ത്രങ്ങള്‍ വാങ്ങുന്നതും കണ്ടു.
തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മാധവിനെ ഒരു ലോഡ്ജില്‍ മദ്യപിച്ച നിലയില്‍ പോലീസ് കണ്ടെത്തി. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇയാള്‍. ബോധം വന്നശേഷം നടത്തിയ ചോദ്യം ചെയ്യലില്‍ മകനെ കൊന്ന വിവരം മാധവ് വെളിപ്പെടുത്തി. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ വനത്തിനടുത്ത് നിന്ന് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ മൂന്നര വയസ്സുകാരന്റെ മൃതദേഹം കണ്ടെടുത്തു. സംഭവത്തില്‍ മാധവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
ഐടി എഞ്ചിനീയറായി പ്രവര്‍ത്തിച്ചിരുന്ന മാധവ് കഴിഞ്ഞ രണ്ടുമാസമായി തൊഴില്‍ രഹിതനായിരുന്നു. ഭാര്യയെ സംശയിച്ചിരുന്ന ഇയാള്‍ കൊല്ലപ്പെട്ട കുട്ടി തന്റെ മകനെല്ലാണ് വാദിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
Content Highlights: Pune-Techie Slits Throat Of 3-Year-Old Son Suspecting He Was Not His Real Father, Arrested