പാറാവുകാരൻ ലോക്കപ്പ് പൂട്ടാൻ മറന്നു; കൊല്ലത്ത് മോഷണക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി

കുണ്ടറ: അടച്ചിട്ടിരുന്ന ലോക്കപ്പ് തുറന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയി. എഴുകോൺ പുത്തൻനട വൈജിത്ത് ഭവനിൽ വൈജേഷാണ് (23) പോലീസിനെ കബളിപ്പിച്ചുകടന്നത്. കുണ്ടറ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പാറാവുകാരൻ ലോക്കപ്പ് പൂട്ടാൻ മറന്നതാണ് പ്രതി രക്ഷപ്പെടാൻ കാരണമായത്. സംഭവംനടന്ന് ഒരു ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല.
നാന്തിരിക്കലിൽ നിർമാണം നടക്കുന്ന വീടിന്റെ വയറിങ്, പ്ലംബിങ് സാമഗ്രികൾ മുറിച്ചുകടത്തിയ കേസിലാണ് വൈജേഷ് പിടിയിലായത്. മുറിക്കുന്നതിനുള്ള ഉപകരണങ്ങൾ വാടകയ്ക്കെടുത്ത കടയിൽ അവ തിരികെ നൽകാൻ ചൊവ്വാഴ്ച രാത്രി എത്തിയ പ്രതിയെ വീട്ടുകാർതന്നെ തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു. കൊല്ലം റൂറൽ കൺട്രോൾ റൂം എസ്.ഐ. അനിൽകുമാറാണ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയ്ക്കുശേഷം രാത്രി 11-ന് കുണ്ടറ സ്റ്റേഷനിൽ എത്തിച്ചു.
രണ്ട് പോലീസുകാർ മാത്രമാണ് ഈസമയം ഡ്യൂട്ടിയിലുണ്ടായിരുന്നത്. ലോക്കപ്പിൽക്കിടന്ന് ഉറങ്ങിപ്പോയ പ്രതി ബുധനാഴ്ച വെളുപ്പിന് ഒന്നരയോടെ ഉണർന്നു. ലോക്കപ്പ് പൂട്ടിയിട്ടില്ലെന്നു മനസ്സിലായതോടെ വാതിൽതുറന്നു പുറത്തിറങ്ങി മതിൽചാടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി വ്യാഴാഴ്ച രാത്രിയും പോലീസ് തിരച്ചിൽ തുടരുകയാണ്.
Content Highlights: Theft accused Baijesh (23) escaped from Kundara police station lockup., The escape occurred because the on-duty guard forgot to lock the cell door., The suspect was earlier caught by locals for stealing wiring and plumbing materials., Police search operations are ongoing to recapture the fugitive.