പത്തുവയസ്സുകാരിയെ ബലാത്സംഗംചെയ്ത്‌ കൊന്ന കേസിൽ പ്രതികൾ കുറ്റക്കാർ; ഡിസംബർ നാലിന് ശിക്ഷ വിധിക്കും

#ന്യൂസ് ഡെസ്ക്
പ്രതികളായ കാർത്തി, മോഹൻ എന്നിവരെ പോക്‌സോ കോടതിയിലേക്ക് കൊണ്ടുവരുന്നു
പ്രതികളായ കാർത്തി, മോഹൻ എന്നിവരെ പോക്‌സോ കോടതിയിലേക്ക് കൊണ്ടുവരുന്നു

കോയമ്പത്തൂർ: സൂളൂരിൽ പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗംചെയ്ത്‌ കൊന്ന കേസിൽ രണ്ടുപ്രതികളും കുറ്റക്കാരെന്ന് കോയമ്പത്തൂർ പ്രത്യേക പോക്‌സോ കോടതി വിധി. പ്രതികളായ കെ. കാർത്തി (35), ആർ. മോഹൻ (31) എന്നിവർ കുറ്റക്കാരെന്ന് ജഡ്ജി കെ. ഹരിഹരനാണ് വിധിച്ചത്. ഡിസംബർ നാലിന് ശിക്ഷവിധിക്കും.

മേയ് 21-നാണ് സൂളൂർ പള്ളപ്പാളയത്തുനിന്ന് അഞ്ചാംക്ലാസിൽ പഠിക്കുന്ന പത്തുവയസ്സുകാരിയെ പ്രതികൾ ബൈക്കിൽ തട്ടിക്കൊണ്ടുപോയത്. പിറ്റേ ദിവസം കണ്ണംപാളയത്ത് കുളത്തിന് സമീപത്തുനിന്ന് പെൺകുട്ടിയുടെ ജഡം കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ സൂളൂർപോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

സി.സി.ടി.വി. കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിൽ പ്രതി കാർത്തിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊന്നതെന്ന് കണ്ടെത്തി. മോഹൻരാജ് എല്ലാ സഹായവും ചെയ്തു. തുടർന്ന്, പോലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തു.

പത്തുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം തമിഴ്‌നാട്ടിൽ വലിയ വിവാദമായതോടെ സർക്കാർ ഇടപെടുകയും പ്രതികൾക്ക് കനത്തശിക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കേസിൽ 21 ദിവസത്തിനകം 819 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു.

ജൂൺ 24-നാണ് കോയമ്പത്തൂരിലെ പ്രത്യേക പോക്‌സോ കോടതിയിൽ വിചാരണ തുടങ്ങിയത്. 68 സാക്ഷികളെ വിസ്തരിച്ചു. 221 രേഖകൾ പരിശോധിച്ചു. തുടർന്ന്, നവംബർ 16-ന് ശിക്ഷ വിധിക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് 27-ലേക്ക് മാറ്റുകയായിരുന്നു. കനത്ത പോലീസ് കാവലിലാണ് വെള്ളിയാഴ്ച രാവിലെ പ്രതികളെ കോടതിയിലെത്തിച്ചത്.

കോടതിവളപ്പിൽവെച്ച് പ്രതി മോഹൻ താൻ ഒരുതെറ്റും ചെയ്തിട്ടില്ലെന്നും കാർത്തിക്കിനെ പിടികൂടാൻ പോലീസിനെ സഹായിച്ചത് താനാണെന്നും വിളിച്ചുപറഞ്ഞു.

Content Highlights: A special POCSO court in Coimbatore found two men guilty of kidnapping, raping, and murdering a ten-year-old girl in Sulur. The crime, which occurred on May 21, involved the abduction of the girl by K. Karthi and R. Mohan, with Karthi directly responsible for the murder. The case sparked significant controversy in Tamil Nadu, leading to swift legal proceedings, including the submission of an 819-page charge sheet within 21 days and the trial beginning on June 24.