സുകാന്തിനെതിരേ നിരവധി ആരോപണങ്ങൾക്ക് തെളിവ്, വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റംമാത്രം

സുകാന്ത് സുരേഷ്
സുകാന്ത് സുരേഷ്

ഐബി ഉദ്യോഗസ്ഥ ആത്മഹത്യചെയ്ത സംഭവത്തിൽ സുഹൃത്ത് സുകാന്ത് സുരേഷിന്റെ പേരിൽ ആത്മഹത്യാപ്രേരണയ്ക്ക് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി. സുകാന്ത് നൽകിയ മുൻകൂർ ജാമ്യഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. സുകാന്തിനുനേേരയുള്ള ആരോപണങ്ങൾക്ക് തെളിവുകളുണ്ടെന്നും വെളിപ്പെട്ടത് മഞ്ഞുമലയുടെ അറ്റംമാത്രമാണെന്ന് സംശയിക്കുന്നതായും ഉത്തരവിൽ പറയുന്നു.

ഫോൺ, ബാങ്ക്, മെഡിക്കൽ രേഖകളും വാട്സാപ്പ് ചാറ്റും പരിശോധിച്ചതിൽനിന്ന് ഹർജിക്കാരനുനേരേയുള്ള ആരോപണം ബലപ്പെടുന്നതായി കോടതി പറഞ്ഞു. പ്രതിക്ക് രണ്ടിലധികം സ്ത്രീകളുമായി അടുപ്പമുണ്ടെന്നും ശാരീരികബന്ധമുണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. യുവതി ഗർഭിണിയായപ്പോൾ നിർബന്ധിച്ച് അലസിപ്പിക്കാൻ ഭാര്യയാണെന്ന് തെളിയിക്കാൻ വ്യാജവിവാഹ ക്ഷണക്കത്തുണ്ടാക്കി. പിന്നീട് മറ്റൊരാളെ വിവാഹംചെയ്യാൻ യുവതിയെ ഒഴിവാക്കാൻ ശ്രമിച്ചു. മരിക്കാൻ പ്രേരിപ്പിച്ച് സന്ദേശം അയച്ചു.

ഹർജിക്കാരന് യുവതിയുടെ മേൽ സ്വാധീനമുണ്ടായിരുന്നു. അവരുടെ ശമ്പളം പൂർണമായും സ്വന്തമാക്കിയിരുന്നു. മുൻകൂർ ജാമ്യംനൽകുന്നത് തുടരന്വേഷണത്തെ ബാധിക്കുമെന്നും കോടതി വ്യക്തമാക്കി.

വാട്സാപ്പ് ചാറ്റ് ചോർന്നതിൽ അതൃപ്തി

കേസിലെ നിർണായകതെളിവായ വാട്സാപ്പ് ചാറ്റ് ചോർന്നതിൽ ഹൈക്കോടതിക്ക് അതൃപ്തി. കേസ് ഡയറി കോടതിയുടെ പരിഗണനയിലുള്ളപ്പോഴാണ് ചാറ്റ് പുറത്തുവന്നത്. കേസ് വാദിക്കുമ്പോൾ ഇതിലെ വാക്കുകളൊന്നും പുറത്തുപോകാതെ ശ്രദ്ധിച്ചിരുന്നു. മറ്റേതോ സ്രോതസ്സിൽനിന്നാണ് വിവരം ചോർന്നത്. ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും കോടതി പറഞ്ഞു.

Content Highlights: IB Officer's Death: allegation against accused Sukanth Suresh, HC Rejects Bail