ഫോണിൽ സഹപാഠികളുടെ നഗ്നചിത്രങ്ങൾ, അശ്ലീല സൈറ്റുകളിലും പങ്കുവെച്ചു; ക്ലാസിൽവെച്ച് പൊക്കി കൂട്ടുകാർ, വിദ്യാർഥിയുടെ പേരിൽ കേസ്

പുനലൂർ: സഹപാഠികളായ വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയുമടക്കം ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ പോളിടെക്‌നിക് വിദ്യാർഥിയുടെ പേരിൽ പോലീസ് കേസെടുത്തു. പുനലൂർ നെല്ലിപ്പള്ളി സർക്കാർ പോളിടെക്‌നിക് കോളേജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് അഞ്ചാംസെമസ്റ്റർ വിദ്യാർഥി എസ്. അച്യുതി(22)ന്റെ പേരിലാണ് കേസ്. ഇയാളെ കോളേജിൽനിന്ന് സസ്പെൻഡ് ചെയ്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച സഹപാഠികൾ ഇയാളുടെ ഫോണിൽ വിദ്യാർഥിനികളുടെ നഗ്നചിത്രങ്ങൾ ആകസ്മികമായി കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻതന്നെ വിദ്യാർഥികൾ ഫോൺ പിടിച്ചുവാങ്ങി കോളേജ് അധികൃതരെ ഏൽപ്പിച്ചു. തുടർന്ന് വിദ്യാർഥിനികൾ പരാതിയും നൽകി.
പിന്നീട് രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ ചോദ്യംചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചതായി കോളേജ് അധികൃതർ പറയുന്നു. തുടർന്ന് വിദ്യാർഥിനിയും പ്രിൻസിപ്പലും പോലീസിലും സൈബർ സെല്ലിലും പരാതി നൽകി.
പ്രിൻസിപ്പൽ ആർ.എസ്. ഷിബുവിന്റെ അധ്യക്ഷതയിൽ അന്നുതന്നെ ഓൺലൈനായി അടിയന്തര അക്കാദമിക് കമ്മിറ്റി യോഗം ചേർന്ന് ഇയാളെ സസ്പെൻഡ് ചെയ്തു. പോലീസ് കേസ് രജിസ്റ്റർ ചെയ്തത് വ്യാഴാഴ്ചയാണ്. തുടർന്ന് വിദ്യാർഥിനികൾ പോലീസിന് മൊഴി നൽകി. ഫോൺ പോലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് കൈമാറുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
കോളേജിലെ അന്വേഷണസമിതിയുടെയും പി.ടി.എ. എക്സിക്യുട്ടീവ് കമ്മിറ്റിയുടെയും അക്കാദമിക് കൗൺസിലിന്റെയും നിർദേശമനുസരിച്ച് ഇയാളെ നിർബന്ധിത വിടുതൽ നൽകി സ്ഥിരമായി പുറത്താക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും പ്രിൻസിപ്പൽ അറിയിച്ചു.
ഇതേസമയം കുറ്റക്കാരനായ വിദ്യാർഥിക്കെതിരേ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രക്ഷോഭം ആരംഭിച്ചിട്ടുണ്ട്. എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി.
Content Highlights: A polytechnic student in Punalur was suspended and a police case was filed against him for morphing and posting obscene images of female classmates and teachers online. The incident came to light when classmates discovered the images on the student's phone, leading to immediate action by the college and complaints to the police and cyber cell.