‘ജിന്ന് മുറിക്കൽ’ പാളി, പഴവുമായി നാട്ടുകാരെത്തിയതോടെ ‘ഉസ്താദ്’ പെട്ടിമടക്കി; സ്ഥലംവിട്ടോളാമെന്ന് സമ്മതിച്ചു

#ന്യൂസ് ഡെസ്ക്
ജിന്ന് മഹ്‌ളറയിൽ പഴംനൽകി ചൂഷണംനടത്തുന്ന ജമാലുദ്ദീൻ,  ജിന്ന് മഹ്‌ളറയുടെ പേരിൽ കൊടക്കലിൽ സ്ഥാപിച്ച ബോർഡുകൾ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവർത്തകർ നശിപ്പിക്കുന്നു
ജിന്ന് മഹ്‌ളറയിൽ പഴംനൽകി ചൂഷണംനടത്തുന്ന ജമാലുദ്ദീൻ, ജിന്ന് മഹ്‌ളറയുടെ പേരിൽ കൊടക്കലിൽ സ്ഥാപിച്ച ബോർഡുകൾ മുസ്‌ലിം യൂത്ത്‌ലീഗ് പ്രവർത്തകർ നശിപ്പിക്കുന്നു

തിരുനാവായ: കൊടക്കലിൽ ആത്മീയചൂഷണവും ചികിത്സാതട്ടിപ്പും നടത്തിവന്നയാളെ യൂത്ത്‌ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഉപരോധിച്ചു.

ജിന്ന് മഹ്‌ളറ എന്ന സ്ഥാപനത്തിൽ ജിന്ന് മുറിച്ചത് എന്നുപറഞ്ഞ് ഒരു പഴത്തിന് 2,500 രൂപ ഈടാക്കുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് തിരുനാവായ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ്, മണ്ഡലം യൂത്ത്‌ലീഗ്, എസ്.ഡി.പി.െഎ. പ്രവർത്തകർ മഹ്‌ളറയിൽ പ്രതിഷേധവുമായി എത്തിയത്.

ആലപ്പുഴ സ്വദേശി സി.എം. ഉസ്താദ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചക്കാലക്കൽ ജമാലുദ്ദീനിനെയാണ് ഇവർ ഉപരോധിച്ചത്. ഇയാളോടൊപ്പം, ജിന്നായി പ്രത്യക്ഷപ്പെടുന്നൂവെന്ന് അവകാശമുന്നയിച്ച കൊല്ലം സ്വദേശിയുമുണ്ട്. രണ്ടുമാസത്തോളമായി കൊടക്കൽ ബന്ദർ കടവിനുസമീപത്ത് ആത്മീയചികിത്സ എന്നപേരിൽ ചൂഷണംനടത്തുകയായിരുന്നു.

കഴിഞ്ഞദിവസം നേന്ത്രപ്പഴത്തിന്റെ തോൽപൊളിക്കാതെ പഴം മുറിച്ചുവെച്ച വീഡിയോ, തങ്ങളുടെ സിദ്ധിതെളിയിക്കാൻ ഇവർ പുറത്തുവിട്ടിരുന്നു. ഇത് സൂചിയുപയോഗിച്ച് ഉള്ളിൽ മുറിച്ചതാണെന്ന് നാട്ടുകാർക്ക് ബോധ്യമായി. ഈ പഴത്തിന് 2,500 രൂപയാണ് വിലയിട്ടത്. ഇതുകഴിച്ചാൽ ആഗ്രഹിക്കുന്നത് സാധിക്കുമെന്നായിരുന്നു അവകാശവാദം.

ഇതോടെയാണ് ഇയാൾക്കെതിരേ വ്യാപക പരാതിയുയർന്നത്. തിരുനാവായ സ്വദേശി ചക്കാലി പറമ്പിൽ ഹംസ എസ്.പി.ക്ക് പരാതിയുംനൽകി.

ബുധനാഴ്ച രാവിലെ 11.30 -ഓടെ നാട്ടുകാർ നേന്ത്രപ്പഴവുമായി ജിന്ന് മഹ്‌ളറയിൽ എത്തി തങ്ങളുടെ കൈയിലുള്ള നേന്ത്രപ്പഴത്തിൽ അദ്‌ഭുതവിദ്യ കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും ജമാലുദ്ദീൻ ഒഴിഞ്ഞുമാറി.

2023-ൽ അക്യുപങ്ചർ ചികിത്സയുമായി ഇയാൾ ഇവിടെ രോഗികളെ ചികിത്സിച്ചിരുന്നു. അതു പൂട്ടിയശേഷമാണ് ആത്മീയ തട്ടിപ്പുമായി വന്നതെന്ന് നാട്ടുകാർ പറഞ്ഞു.

കൊടക്കൽ മുതൽ സ്ഥാപിച്ച െഫ്ലക്സ് ബോർഡുകളെല്ലാം സമരവുമായെത്തിയവർ നശിപ്പിച്ചു. 30-നുള്ളിൽ തിരുനാവായയിൽനിന്ന്‌ പോകാമെന്ന്‌ അറിയിച്ചതോടെ പ്രതിഷേധം നിർത്തി.

പ്രതിഷേധത്തിൽ വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സിറാജ് പറമ്പിൽ, താജുദ്ദീൻ പല്ലാർ, ഹബീബ് ചൂണ്ടിക്കൽ, എം.കെ. റാഫി, മനാഫ് തിരുനാവായ, സമീർ താഴത്തറ ശരീഫ് ബാബു എന്നിവർ നേതൃത്വംനൽകി.

സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി നിരവധിപേരാണ് ഇവിടെ ചികിത്സയ്ക്കെത്തിയിരുന്നത്.

Content Highlights: Spiritual fraud and fake treatment center exposed in Kodakkal, Tirunavaya., Accused CM Ustad (Jamaludeen) charged Rs 2,500 for a single banana claiming miraculous powers.