മാവോവാദികളെന്ന് ഭീഷണിപ്പെടുത്തി പിതാവിന് കത്ത്, 35 ലക്ഷം ആവശ്യപ്പെട്ടു; ഒടുവിൽ യുവാവിനെ കുടുക്കി പോലീസ്

ഭുവനേശ്വര്‍: ഒഡിഷയില്‍ മാവോയിസ്റ്റ് ചമഞ്ഞ് പിതാവിനെ കബളിപ്പിച്ച് 35 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച യുവാവ് പിടിയിൽ. കലഹിന്ദി ജില്ലയിലെ നര്‍ല പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ രൂപ്രാ റോഡിലാണ് സംഭവം. ബിസിനസുകാരനായ ദിനേഷ് അഗര്‍വാളിന്റെ മകന്‍ അങ്കുശ് അഗര്‍വാളാണ് അറസ്റ്റിലായത്. പിതാവ് പോലീസില്‍ പരാതിനല്‍കി ഒരാഴ്ച കഴിഞ്ഞാണ് പ്രതിയെ പിടികൂടിയത്. കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്നടക്കം പ്രതി ഭീഷണിപ്പെടുത്തിയിരുന്നു.
നര്‍ല പോലീസ് നല്‍കുന്ന വിവരമനുസരിച്ച്, ഒക്ടോബര്‍ ആറിന് മാവോയിസ്റ്റുകളാണെന്ന് അവകാശപ്പെട്ട് ഒരു ഭീഷണിക്കത്ത് ലഭിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്‍റെ കാറിൽ നിക്ഷേപിച്ച നിലയിലാണ് അങ്കുശിന്‍റെ പിതാവിന് കത്ത് ലഭിച്ചത്. 35 ലക്ഷം രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കുമെന്നും ആയിരുന്നു കത്തിലെ ഭീഷണി. പിതാവിന്റെ ബിസിനസ് പങ്കാളിക്കും സമാന ഭീഷണിക്കത്ത് ലഭിച്ചു. ഇതോടെ ദിനേഷ് അഗര്‍വാളും സുഹൃത്തും പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് ദിനേശിന്റെ മകന്‍ അങ്കുശ് തന്നെയാണ് വ്യാജ ഭീഷണിക്ക് പിന്നിലെന്ന് പോലീസിന് മനസ്സിലായത്. കത്തില്‍ വ്യക്തമാക്കിയിരുന്ന മാവോയിസ്റ്റുകളുടെ പേരുകളെല്ലാം തെറ്റായാണ് രേഖപ്പെടുത്തിയിരുന്നത്. കത്തിലെഴുതിയിരുന്ന പല കാര്യങ്ങളും ബാലിശമായിരുന്നു. ഇതോടെ പോലീസിന് കത്തിന്റെ വിശ്വാസ്യതയില്‍ സംശയമായി. ഹിന്ദിയിലെഴുതിയ കത്തില്‍ കുടുംബത്തെക്കുറിച്ചുള്ള വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്കൂടി ഉള്‍പ്പെട്ടിരുന്നതിനാല്‍ അടുത്തറിയാവുന്ന ആരോ ആണ് ഇതിനു പിന്നിലെന്നും പോലീസ് മനസ്സിലാക്കി.
തുടർന്നുള്ള അന്വേഷണത്തിൽ അങ്കുശ് ആണ് കത്തെഴുതി പിതാവിന്‍റെ കാറിൽ വെച്ചതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പണംതട്ടാനുള്ള പദ്ധതിയെക്കുറിച്ച് അങ്കുശ് സുഹൃത്തിനോട് ചർച്ചചെയ്തിരുന്നു. പോലീസ് ഈ യുവാവിനെ കണ്ടെത്തി ചോദ്യംചെയ്തതോടെയാണ് തട്ടിപ്പിന്‍റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് അങ്കുശിനെ ചോദ്യംചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
Content Highlights: Odisha Son's Shocking Scheme: Poses as Maoist to Extort Father for Rs 35 Lakh