ആഡംബരകാര്‍ വാങ്ങി നല്‍കാത്തതിലെ തര്‍ക്കം; പിതാവിന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

തിരുവനന്തപുരം: മാതാപിതാക്കളെ ആക്രമിക്കാന്‍ ശ്രമിക്കുമ്പോള്‍ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു. വഞ്ചിയൂര്‍ തോപ്പില്‍ ലെയ്ന്‍ ശ്രീവിഹാറില്‍ വിനയാനന്ദിന്റെ മകന്‍ ഹൃതിക് (28) ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഒക്ടോബര്‍ ഒന്‍പതിനാണ് ഹൃതിക്കിന് പരിക്കേറ്റത്.
ആഡംബര കാര്‍ വാങ്ങാന്‍ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഹൃതിക് വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഹൃത്വികിന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് 12 ലക്ഷം രൂപ വായ്പയെടുത്ത് മാതാപിതാക്കള്‍ ബൈക്ക് വാങ്ങി നല്‍കിയിരുന്നു. എന്നാല്‍, ഒക്ടോബര്‍ 21-ന് ജന്മദിനത്തിന് മുന്‍പ് കാര്‍ കൂടി വാങ്ങി നല്‍കാന്‍ രക്ഷിതാക്കളോട് ആവശ്യപ്പെട്ടതാണ് തര്‍ക്കത്തിലും ആക്രമണത്തിലും കലാശിച്ചത്.
സംഭവദിവസം അക്രമാസക്തനായപ്പോള്‍ വിനയാനന്ദ്(52) കൈയില്‍ക്കിട്ടിയ കമ്പിപ്പാര ഉപയോഗിച്ച് അടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ഹൃതിക്കിനെ ഉടന്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ അബോധാവസ്ഥയിലായിരുന്നു. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ മരിച്ചു.
കാറ്ററിങ് സ്ഥാപനം നടത്തുന്ന വിനയാനന്ദ് സംഭവത്തെത്തുടര്‍ന്ന് ഒളിവില്‍പ്പോയെങ്കിലും പിന്നീട് വഞ്ചിയൂര്‍ പോലീസില്‍ കീഴടങ്ങി. ഇപ്പോള്‍ ജാമ്യത്തിലാണ്. വിനയാനന്ദിന്റെയും അനുപമയുടെയും ഏക മകനാണ് ബെംഗളൂരുവില്‍ നിന്ന് കാറ്ററിങ് പഠനം പൂര്‍ത്തിയാക്കിയ ഹൃതിക്. വഞ്ചിയൂരില്‍ ഇവര്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്. പോസ്റ്റ്‌മോർട്ടത്തിനുശേഷം കാലടിയിലെ കുടുംബവീട്ടില്‍ എത്തിച്ച മൃതദേഹം വൈകീട്ടോടെ സംസ്‌കരിച്ചു.
Content Highlights: A 28-year-old man died after being beaten by his father during an argument over a luxury car. The incident occurred in Thiruvananthapuram.