കാസർകോട്ട് 16-കാരിയെ പീഡിപ്പിച്ച യുവതിക്കെതിരേ പോക്‌സോ കേസ്; കുട്ടികളെ പീഡിപ്പിച്ചതിന് മുൻപും കേസുകൾ

കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരേ പോലീസ് കേസെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി സ്‌നേഹ മെർലിനെ(25)തിരെയാണ് കാസർകോട് മേൽപ്പറമ്പ് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്.
പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്‌നേഹ മെർലിൻ. ഇവരുടെ വീട്ടിലെത്തിയ സമയത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. ഭയംകാരണം കുട്ടി പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല. അടുത്തിടെ സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ഇതോടെ പോലീസിന് പരാതി കൈമാറുകയും സംഭവത്തിൽ പോക്‌സോ വകുപ്പ് ചുമത്തി കേസെടുക്കുകയുമായിരുന്നു.
തളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ മെർലിൻ നേരത്തേയും പോക്‌സോ കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. 2025 മാർച്ചിൽ 12 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിനും അതിന് മുൻപ് 14-കാരനെ പീഡിപ്പിച്ചതിനുമാണ് സ്‌നേഹ അറസ്റ്റിലായിരുന്നത്. സ്വർണത്തിന്റെ ബ്രേസ്ലെറ്റ് ഉൾപ്പെടെ നൽകി പ്രലോഭിപ്പിച്ചാണ് പ്രതി 12-കാരിയെ പീഡനത്തിനിരയാക്കിയിരുന്നത്. കുട്ടിയുടെ കൈയിൽനിന്ന് അധ്യാപകർ മൊബൈൽഫോൺ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെയാണ് പലതവണ യുവതി പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തിയത്.
14-കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലും സ്‌നേഹ മെർലിൻ പ്രതിയായിരുന്നു. 14-കാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതി ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽഫോണിൽ പകർത്തി സൂക്ഷിക്കുകയുംചെയ്തിരുന്നു. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു. പീഡനക്കേസുകൾക്ക് പുറമേ മുൻ സിപിഐ നേതാവിനെ ഹെൽമെറ്റ് കൊണ്ട് മർദിച്ച കേസിലും സ്‌നേഹ മെർലിൻ പ്രതിയായിരുന്നു.
Content Highlights: Sneha Merlin booked for sexually abusing a 16-year-old girl in Kasaragod., The incident came to light during school counseling sessions., Accused has a history of POCSO cases dating back to March 2025., Previous offenses involved luring minors and recording abusive content., Accused was also involved in a case regarding the assault of a former CPI leader.