സ്ഥിരംകുറ്റവാളി സ്‌നേഹ മെർലിൻ അറസ്റ്റിൽ; നാലും പോക്‌സോ കേസ്, ഒളിവിൽ കഴിഞ്ഞത് മറ്റൊരു പേരിൽ

കാസർകോട്: കുറ്റം ചെയ്യും. അറസ്റ്റിലാകും. പുറത്തിറങ്ങി അതേ കുറ്റം വീണ്ടും ആവർത്തിക്കും. ബുധനാഴ്ച കണ്ണൂരിൽ അറസ്റ്റിലായ സ്‌നേഹ മെർലിൻ ഇത് നാലാം തവണയാണ് കേസിൽ പിടിയിലാകുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചതിന് നാലും പോക്‌സോ കേസുകളാണ്. തളിപ്പറമ്പിലെ പുളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ മെർലിൻ കാസർകോട് 14-കാരിയെ പീഡിപ്പിച്ച കേസിലാണ് ഇത്തവണ അറസ്റ്റിലായിരിക്കുന്നത്. കണ്ണൂരിൽ വ്യാജപേരിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് മേൽപ്പറമ്പ് പോലീസ് സ്‌നേഹയെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്.
സ്‌നേഹ മെർലിൻ ലൈംഗികവൈകൃതത്തിന് അടിമയാണെന്ന് പോലീസ് പറയുന്നു. ഇവരുടെ വൈകൃതങ്ങൾക്ക് ഇരയായവരിൽ കൂടുതലും പ്രായപൂർത്തിയാകാത്ത കുട്ടികളായിരുന്നു. ഏറ്റവും ഒടുവിലത്തെ കേസിൽ, പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായിരുന്നു സ്‌നേഹ മെർലിൻ. ഇരുവരും ജയിലിൽ തടവുകാരായിരുന്നപ്പോൾ തുടങ്ങിയ സൗഹൃദം ജയിലിന് പുറത്തേക്കും നീളുകയായിരുന്നു.
ലഹരിവിൽപന കേസിൽ പ്രതിയായിരുന്നു പെൺകുട്ടിയുടെ മാതാവ്. കണ്ണൂരിലെ ജയിലിൽവെച്ചാണ് യുവതിയും സ്‌നേഹ മെർലിനും പരിചയപ്പെടുന്നത്. പിന്നീട് ജയിലിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ സ്‌നേഹ ഇവരുടെ കാസർകോട്ടെ വീട്ടിലേക്ക് പോവുകയായിരുന്നു. ഏകദേശം ഒരു വർഷക്കാലത്തോളം സ്‌നേഹ ഇവരുടെ വീട്ടിൽ താമസിച്ചിരുന്നു. ഈ കാലയളവിൽ പെൺകുട്ടിയുടെ മാതാവ് വീട്ടിൽ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും സ്‌നേഹ അവളെ ലൈംഗികമായി ചൂഷണം ചെയ്തു.
അടുത്തിടെ സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. പിന്നാലെ കുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. നേരത്തെ സ്വന്തം പിതാവിനാലും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നും ഈ കേസിൽ പിതാവ് സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയാണെന്നും പോലീസ് പറയുന്നു.
ഇക്കഴിഞ്ഞ ജൂൺ 13-നാണ് പോലീസ് ഈ ഈ കേസിൽ സ്‌നേഹയ്ക്കുമേൽ പോക്‌സോ ചുമത്തി കേസെടുത്തത്. പിന്നാലെയാണ് ഇവർ ഒളിവിൽ പോയത്. കണ്ണൂർ മയ്യിൽ നാണിയൂരിൽ ഫാത്തിമ എന്ന പേരിൽ ഒളിവിൽ കഴിയുകയായിരുന്നു സ്‌നേഹ മെർലിൻ. അവിടെനിന്നാണ് പോലീസ് സ്‌നേഹയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
എഎസ്‌ഐമാരായ മനു, ശിവൻ, സിവിൽ പോലീസ് ഓഫീസർമാരായ നിഖിൽ, ജയശ്രീ എന്നിവർ അടങ്ങിയ സംഘമാണ് സ്‌നേഹയെ കസ്റ്റഡിയിലെടുത്തത്. സ്‌നേഹ മെർലിനെതിരെ ഇതിനുമുമ്പ് മൂന്ന് പോക്‌സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ മൂന്ന് കേസുകളും തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ പ്രായപൂർത്തിയാകാത്ത സഹോദരങ്ങളായ പെൺകുട്ടിയേയും ആൺകുട്ടിയേയും പീഡിപ്പിച്ച കേസടക്കമുണ്ട്.
പെൺകുട്ടികളെ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകിയും ആൺകുട്ടിയെ പീഡനത്തിന്റെ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് സ്‌നേഹ ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നത് എന്ന് പോലീസ് പറയുന്നു. 2025 മാർച്ച് 14-നാണ് 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സ്‌നേഹ മെർലിൻ അറസ്റ്റിലായത്.
സ്‌കൂൾ വിദ്യാർഥിനിയുടെ ബാഗിൽ നിന്ന് അശ്ലീല ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ അവർ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. കുട്ടിയെ സ്വാധീനിക്കുന്നതിനായി സ്വർണ ബ്രേസ്ലെറ്റ് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സമ്മാനങ്ങൾ സ്‌നേഹ നൽകിയിരുന്നു.
ഈ കേസിൽ കണ്ണൂർ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് സ്‌നേഹ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഇരയായ പെൺകുട്ടിയുടെ 15 വയസുള്ള സഹോദരനെയും പലതവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നായിരുന്നു സ്‌നേഹയുടെ മൊഴി.
15-കാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതി ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സൂക്ഷിക്കുകയും ഇത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ആ കേസിലും തളിപ്പറമ്പ് പോലീസ് സ്‌നേഹ മെർലിനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് സ്‌നേഹ കാസർകോട്ടുള്ള സുഹൃത്തായ യുവതിയുടെ വീട്ടിലേക്ക് പോവുകയും അവരുടെ മകളെ പീഡിപ്പിക്കുകയും ചെയ്തത്. പീഡനക്കേസുകൾക്ക് പുറമെ തളിപ്പറമ്പിലെ സിപിഐ നേതാവായ കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്‌നേഹ പ്രതിയായിരുന്നു.
Content Highlights: Sneha Merlin arrested for the 4th time under POCSO charges. Accused was hiding in Kannur under the alias 'Fathima'. Exploited a 14-year-old girl in Kasaragod while staying at her home. Used gifts and threats to manipulate minor victims. History of multiple POCSO cases registered at Taliparamba police station.