'എന്തിനെന്നെ വിട്ടുപോയി, തിരികെ വരൂ': കൊലയ്ക്കുശേഷം സിയയുടെ കുറിപ്പ്; ആത്മഹത്യയാക്കിമാറ്റാനും ശ്രമം

പുണെ: ഫെബ്രുവരിയിൽ വിവാഹനിശ്ചയം, ഏഴ് മാസങ്ങൾക്കിപ്പുറം നവംബറിൽ സ്വപ്‌നതുല്യമായ വിവാഹം. അതിനിടെ നിരവധി ആഘോഷങ്ങൾ. എന്നാൽ, എല്ലാ ആഘോഷങ്ങളുടേയും മറവിൽ പ്രതിശ്രുത വരനെ കൊലപ്പെടുത്താനുള്ള പദ്ധതിക്ക് രൂപം കൊടുക്കുകയായിരുന്നു സിയ ഗോയൽ. ആസൂത്രണം ചെയ്തതുപോലെ ജൂൺ 18-ന് കേതൻ അഗർവാളിനെ സിയയും കാമുകൻ ചേതൻ ചൗധരിയും ചേർന്ന് കൊലപ്പെടുത്തി. തുടർന്ന് നടന്ന സംഭവവികാസങ്ങളിലാണ് അപകടമരണമെന്ന് ഒതുങ്ങിപ്പോകേണ്ടിയിരുന്ന ക്രൂരകൃത്യത്തിന്റെ ചുരുളഴിച്ചത്.
ജൂൺ 18-നാണ് കേതൻ മരിച്ചത്. വിവരം പുറംലോകമറിഞ്ഞതോടെ വൈകാരികമായൊരു കുറിപ്പ് പങ്കുവെക്കാൻ സിയ മറന്നില്ല. ആഴ്ചകൾക്കപ്പുറം തന്റെ ഭർത്താവാകേണ്ടിയിരുന്ന കേതനേക്കുറിച്ച് വളരെ വൈകാരികമായൊരു കുറിപ്പാണ് സിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. ആർക്കും ഒരു സംശയവും തോന്നിയില്ല. എല്ലാം കിറുകൃത്യം. സിയ അന്ന് പങ്കുവെച്ച കുറിപ്പിന്റെ സ്‌ക്രീൻഷോട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കുറിപ്പ് ഇങ്ങനെ:
‘എന്റെ ജന്മദിനത്തിലാണ് നീ വിട്ടുപിരിയുന്നത്. നമ്മൾ വിവാഹിതരാവാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നീ പോയത്. എന്നോട് നീ എന്തിനിത് ചെയ്തുവെന്ന് എനിക്കിപ്പോഴും മനസ്സിലാവുന്നില്ല. എനിക്ക് സ്വപ്‌നങ്ങളുണ്ടായിരുന്നു, ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും. നിന്നെ ഞാൻ ഇത്രയുമധികം സ്‌നേഹിച്ചിട്ടും എന്തിനാണ് നീയെന്നെ വിട്ടുപോയത്. റെസ്റ്റ് ഇൻ പീസ്’
കൊല്ലപ്പെട്ടത് പുണെയിലെ ശതകോടീശ്വരൻ; വിവാഹത്തിനായി ഉദയ്പുരിൽ ബുക്ക് ചെയ്തത് 17 കോടിയുടെ കൊട്ടാരം
കുറിപ്പിനൊപ്പം ജന്മദിനാഘോഷത്തിന്റെ ചെറുവീഡിയോയും സിയ പോസ്റ്റ് ചെയ്തിരുന്നു. കാറിന്റെ മുൻസീറ്റിൽ പിൻഭാഗത്തേക്ക് നോക്കിയിരുന്ന് സംസാരിക്കുന്ന വീഡിയോ ആണത്. ഇതുകൂടാതെ പിറന്നാൾ കേക്കിന് മുന്നിൽ പ്രണയാതുരമായി നൃത്തം ചെയ്യുന്നതിന്റേയും പ്രൊപ്പോസ് ചെയ്യുന്നതിന്റേയും വീഡിയോയും ഒപ്പമുണ്ട്. ‘നീ ഇവിടെയുണ്ടെന്ന് എന്റെ ഹൃദയത്തിനറിയാം, തിരിച്ചുവരൂ’ എന്ന് ഹിന്ദിയിലുള്ള കുറിപ്പും ഇതിനൊപ്പമുണ്ട്.
കേതന്റെ മരണത്തെക്കുറിച്ച് യാതൊന്നും അറിയില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമായിരുന്നു സിയയുടെ പോസ്റ്റ്. എന്നാൽ, കേതന്റെ കുടുംബമുയർത്തിയ സംശയത്തിൽ കൊലപാതകത്തിന് പിന്നിലെ ബുദ്ധി സിയയുടേത് തന്നെയാണെന്ന് തെളിഞ്ഞു. കേതന്റേത് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമവും സിയയ്ക്കുണ്ടായിരുന്നുവെന്ന സൂചനകളുണ്ട്.
ട്രക്കിങ്ങിനിടെ താഴ്ചയിലേക്ക് തള്ളി, യുവാവിന്റെ മരണം കൊലപാതകം; പ്രതിശ്രുത വധുവും കാമുകനും പിടിയിൽ
ജൂൺ 18-നാണ് പുണെയിലെ ലോഹഗഡ് കോട്ടയിൽ വെച്ച് കേതൻ താഴ്ചയിലേക്ക് വീണുമരിക്കുന്നത്. ഫോട്ടോ എടുക്കുന്നതിനിടെ അബദ്ധത്തിൽ വീണതാണെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടുകൾ. എന്നാൽ, പ്രതിശ്രുത വധുവും കാമുകനും ചേർന്ന് നടത്തിയ ആസൂത്രിത കൊലപാതകമായിരുന്നു അതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ സിയ ഗോയലിനേയും കാമുകനായ ചേതൻ ചൗധരിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Content Highlights: Ketan Agarwal was murdered on June 18 in Pune by his fiancee Siya Goyal and her lover Chetan Chaudhary., Siya Goyal attempted to cover up the crime by posting emotional tributes on social media., The incident was initially disguised as an accidental fall at Lohagad Fort., Police investigation confirmed the murder was a pre-planned conspiracy., The suspects have been arrested following family complaints.